Quantcast

'തല'യുടെ മൂർച്ച കുറഞ്ഞിട്ടില്ല; ധോണിയുടെ നിർണായക നീക്കം ആഘോഷിച്ച് ആരാധകർ

പിച്ചിലെ ഈർപ്പം കാരണം ബൗളർമാർ ബുദ്ധിമുട്ടിയ സമയത്തായിരുന്നു പന്ത് മാറ്റമുണ്ടായത്. ഒരു സുവർണാവസരം മണത്തറിഞ്ഞ ധോണി കൃത്യമായി തന്ത്രം പയറ്റുകയും ചെയ്തു

MediaOne Logo

Sports Desk

  • Published:

    20 April 2021 9:17 AM GMT

തലയുടെ മൂർച്ച കുറഞ്ഞിട്ടില്ല; ധോണിയുടെ നിർണായക നീക്കം ആഘോഷിച്ച് ആരാധകർ
X

മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിൻ ശൗര്യം പണ്ടെപ്പോലെ ഫലിക്കുന്നില്ലെന്നാണ് കഴിഞ്ഞ ഏതാനും നാളുകളായി വിമർശകർ പാടിനടക്കുന്നത്. പ്രായമായ താരത്തെ എന്തിന് സി.എസ്.കെ ഇനിയും കൊണ്ടുനടക്കുന്നു എന്നായിരുന്നു ആക്ഷേപം. എന്നാൽ, എതിരാളികളുടെ വായടപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യയുടെ മുൻ നായകന്റെ കളത്തിലെ നീക്കങ്ങൾ. തന്റെ ക്രിക്കറ്റ് ബ്രെയിനിന് ഇപ്പോഴും പഴയ ശൗര്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ധോണി. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരെ സി.എസ്.കെ നേടിയ 45 റൺസിന്റെ ഉജ്ജ്വല വിജയത്തിനു പിറകെയാണ് കളിയുടെ ഗതി തിരിച്ച ധോണിയുടെ തന്ത്രത്തെ ക്രിക്കറ്റ് ലോകം വാഴ്ത്തിപ്പാടുന്നത്.

'നനവില്ലാത്ത പന്തിന് ടേൺ ലഭിക്കും' എന്ന ധോണിയുടെ സംഭാഷണശകലമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കളിക്കിടെ ധോണി രവീന്ദ്ര ജഡേജയോട് ഹിന്ദിയിൽ പറഞ്ഞത് സ്റ്റംപ് മൈക്ക് ഒപ്പിയെടുക്കുകയായിരുന്നു. പത്താമത്തെ ഓവറിൽ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‌ലർ രവീന്ദ്ര ജഡേജയെ സിക്‌സറിനു പറത്തിയതിനു പിറകെയായിരുന്നു ധോണിയുടെ പ്രതികരണം. പന്ത് ഗാലറിയിൽ അപ്രത്യക്ഷമായതോടെ അംപയർക്ക് പന്ത് മാറ്റേണ്ടിവന്നു. ഇത് കണ്ടാണ് ധോണി കളിയുടെ ഗതി തിരിക്കുന്ന നീക്കത്തെ കുറിച്ചു സൂചന നൽകിയത്. പന്ത്രണ്ടാമത്തെ ഓവർ ധോണി വീണ്ടും ജഡേജയെ ഏൽപിക്കുന്നു. ആദ്യ പന്തിൽ തന്നെ ബട്‌ലറിന്റെ വിക്കറ്റ് തെറിക്കുകയും ചെയ്തു. ലെഗ്സ്റ്റംപിനടുത്ത് പിച്ച് ചെയ്ത പന്ത് ബട്‌ലറിനെ കബളിപ്പിച്ച് ടേൺ ചെയ്ത് കുറ്റി തെറിപ്പിക്കുകയായിരുന്നു.

ഒരുഘട്ടത്തിൽ ബട്‌ലറുടെ നേതൃത്വത്തിൽ രാജസ്ഥാൻ അനായാസമായി ലക്ഷ്യം നേടുമെന്നു തോന്നിച്ചയിടത്തുനിന്നായിരുന്നു ജഡേജ നിർണായക വഴിത്തിരിവ് നൽകിയത്. ഈ സമയത്ത് അർധ സെഞ്ച്വറിക്ക് കേവലം ഒരു റൺ മാത്രം അകലെയായിരുന്നു മിന്നുന്ന ഫോമിലായിരുന്നു ബട്‌ലർ. ഇതേ ഓവറിൽ തന്നെ അവസാന പന്തിൽ ശിവം ദുബെയെ വിക്കറ്റിനു മുന്നിൽ കുരുക്കുകയും ചെയ്തു ജഡേജ. ഇതിനു പിറകെ അതുവരെ ഒരു സ്‌പെല്ലും എറിയാതിരുന്ന മോയിൻ അലിയെ ധോണി കൊണ്ടുവരികയും ഡെവിഡ് മില്ലർ, റിയാൻ പരാഗ്, ക്രിസ് മോറിസ് എന്നിവരെ അടുത്തടുത്തായി പുറത്താക്കുകയും ചെയ്തു. ഇതോടെ കളി പൂർണമായും രാജസ്ഥാന്റെ വരുതിയിൽനിന്ന് തെന്നിമാറുകയായിരുന്നു.

പിച്ചിലെ ഈർപ്പം കാരണം ബൗളർമാർ ബുദ്ധിമുട്ടിയ സമയത്തായിരുന്നു പന്ത് മാറ്റമുണ്ടായത്. ഒരു സുവർണാവസരം മണത്തറിഞ്ഞ ധോണി കൃത്യമായി തന്ത്രം പയറ്റുകയും ചെയ്തു. ധോണിയുടെ ഈ നീക്കത്തെ വാഴ്ത്തി നിരവധി മുൻ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ധോണി നടത്തിയ ബൗളിങ് ചേഞ്ചുകൾ അസാധ്യമായിരുന്നുവെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌ക്കർ കളിക്കു ശേഷം പ്രതികരിച്ചത്. സി.എസ്.കെ നായകനായുള്ള 200-ാം മത്സരത്തിൽ തൊട്ടതെല്ലാം വിജയം കാണുകയായിരുന്നു; ബൗളിങ് മാറ്റങ്ങളും ഫീൽഡ് സജ്ജീകരണങ്ങളുമെല്ലാം. മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ, മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ സ്‌കോട്ട് സ്‌റ്റൈറിസ് തുടങ്ങിയവരെല്ലാം ധോണിയുടെ നീക്കത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയവരിൽ ഉൾപ്പെടും. കൃത്യമായ സ്ഥലങ്ങളിൽ മികച്ച ഫീൽഡർമാരെ നിർത്തി നടത്തിയ ബൗളിങ് നീക്കങ്ങളും കഴിഞ്ഞ ദിവസം വിജയം കണ്ടിരുന്നു. നാല് ക്യാച്ചുകളടക്കം ആറു വിക്കറ്റുകളിൽ പങ്കാളിയായ ജഡേജ ഇന്നലെ ഗ്രൗണ്ടിൽ നിറഞ്ഞുനിൽക്കുന്നതാണ് കണ്ടത്.

കഴിഞ്ഞ വർഷം യു.എ.ഇയിൽ നടന്ന ഐ.പി.എൽ പതിമൂന്നാം പതിപ്പിൽ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം നായകൻ ധോണിയും ആരാധകർക്ക് കടുത്ത നിരാശയായിരുന്നു സമ്മാനിച്ചത്. ചെന്നൈ ആരാധകർ ഓർക്കാൻ മടിക്കുന്ന ഐ.പി.എൽ അധ്യായത്തിനു ശേഷം ധോണിയുടെയും സി.എസ്.കെയുടെയും തിരിച്ചുവരവിനു കാത്തിരിക്കുകയായിരുന്നു ക്രിക്കറ്റ് ലോകം.

TAGS :

Next Story