പുറത്താക്കൂ..., ബാവുമക്ക് രക്ഷയില്ല: ഭ്രാന്ത് പിടിച്ച് ആരാധകർ
ഇന്ത്യക്കെതിരെ നടന്ന പരമ്പരയിൽ മൂന്നും മത്സരങ്ങളിലും പരാജയപ്പെട്ട ബാവുമയെ പുറത്താക്കണമെന്നാണ് ദക്ഷിണാഫ്രിക്കൻ ആരാധകർ ഒന്നടങ്കം പറയുന്നത്.
മുംബൈ: മോശം ഫോമിലൂടെ കടന്നുപോകുന്ന ദക്ഷിണാഫ്രിക്കൻ നായകൻ തെമ്പ ബാവുമക്കെതിരെ രോഷത്തോടെ ആരാധകർ. ഇന്ത്യക്കെതിരെ നടന്ന പരമ്പരയിൽ മൂന്നും മത്സരങ്ങളിലും പരാജയപ്പെട്ട ബാവുമയെ പുറത്താക്കണമെന്നാണ് ദക്ഷിണാഫ്രിക്കൻ ആരാധകർ ഒന്നടങ്കം പറയുന്നത്. ഇന്ത്യക്കെതിരെ ബാവുമ നേടിയത് മൂന്ന് റൺസ് മാത്രം. രണ്ട് കളികളിലും ഗോൾഡൻ ഡക്ക്.
ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തര ടി20 ലീഗിലേക്ക് നടന്ന ലേലത്തിൽ പോലും താരത്തെ ആരും സ്വന്തമാക്കിയിരുന്നില്ല. ഹെന്റിച്ച് ക്ലാസൻ, റീസ ഹെൻഡ്രിക്‌സ് പോലുള്ള വെടിക്കെട്ട് താരങ്ങൾ പുറത്തുള്ളപ്പോഴാണ് നിരന്തരം പരാജയപ്പെടുന്ന ബാവുമയെ ടീമിൽ ഉൾപ്പെടുത്തിയതും, നായകനാക്കിയതും. ആസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലും ദക്ഷിണാഫ്രിക്കയെ ബാവുമയാണ് നയിക്കുന്നത്. ആരാധകർക്ക് പുറമെ മുൻ ദക്ഷിണാഫ്രിക്കൻ കളിക്കാരയ മഖായ എന്റിനി, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവരും ബാവുമയുടെ സ്ഥനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി.
ദക്ഷിണാഫ്രിക്കയ്ക്കായി 27 ടി20 മത്സരങ്ങളെ ബാവുമ കളിച്ചിട്ടുള്ളൂ. പലപ്പോഴും ഓപ്പണറുടെ റോളിൽ കാണാറുള്ള ഈ 27 മത്സരങ്ങളിൽ നിന്ന് നേടാനായത് ഒരേയൊരു അർദ്ധ സെഞ്ച്വറി മാത്രം. പവർപ്ലേയിൽ ബാവുമയുടെ സ്‌ട്രേക്ക് റേറ്റൊക്കെ മോശമാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. ദക്ഷിണാഫ്രിക്ക ജയത്തിന്റെ വക്കിലെത്തിയ രണ്ടാം ടി20യിൽ ബാവുമയുടെ ഇന്നിങ്‌സാണ് ടീമിനെ തോൽപിച്ചതെന്ന് വരെ വിമർശനമുയർന്നിരുന്നു. ഏഴ് പന്തുകളാണ് ബാവുമ അന്ന് നേരിട്ടത്. ഈ ഏഴ് പന്തുകൾ അന്ന് ഉജ്വല ഫോമിലുള്ള മില്ലറിന് ലഭിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ.
അതേസമയം ലോകകപ്പിന് ടീമിനെ നയിക്കാൻ ബാവുമ അനുയോജ്യനായ വ്യക്തിയാണോ എന്നാണ് ഡിവില്ലിയേഴ്‌സ് ചോദിച്ചത്. ടി20 ലോകകപ്പിനുള്ള ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചുകഴിഞ്ഞതിനാൽ മാറ്റം വരുത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
Adjust Story Font
16