ഗ്ലെൻ മാക്‌സ്‌വെൽ 'വീണു': പരിക്കേറ്റ് ആസ്‌ട്രേലിയ, പകരക്കാരനെ പ്രഖ്യാപിച്ചില്ല
നവംബർ നാലിന് ഇംഗ്ലണ്ടിനെതിരെയാണ് ആസ്ട്രേലിയയുടെ അടുത്ത മത്സരം
മുംബൈ: ലോകകപ്പ് സെമി സാധ്യതകൾ സജീവമാക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന ആസ്‌ട്രേലിയക്ക് തിരിച്ചടിയെന്നോണം മാക്‌സ്‌വെലിന് പരിക്ക്. നവംബർ നാലിന് ഇംഗ്ലണ്ടിനെതിരെയാണ് ആസ്ട്രേലിയയുടെ അടുത്ത മത്സരം.
ഗോൾഫ് കോർട്ടിൽ വീണതിനെ തുടർന്നാണ് മാക്‌സ്‌വെലിന് പരിക്കേൽക്കുന്നത്. കാലിനും മുഖത്തും പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ലെന്നാണ് വിവരം. ആസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം മാക് സ്‌വെലിന്റെ പരിക്ക് വലിയ തലവേദനയാണ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ആസ്‌ട്രേലിയക്കായി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന കളിക്കാരനാണ് മാക്‌സ്‌വെൽ.
ഈ ലോകകപ്പിൽ വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോർഡ് മാക്‌സ്‌വെൽ സ്വന്തമാക്കിക്കഴിഞ്ഞു. നെതർലാൻഡ്‌സിനെതിരെ 40 പന്തുകളിൽ നിന്നാണ് മാക്‌സ്‌വെൽ സെഞ്ച്വറി പൂർത്തിയാക്കിയത്. അതേസമയം ഈ വർഷം ഇത് രണ്ടാം തവണയാണ് വീഴ്ച മൂലം മാക്‌സ്‌വെലിന് പരിക്കേൽക്കുന്നത്. കഴിഞ്ഞ നവംബറിൽ മെൽബണിൽ നടന്ന ജന്മദിന പാർട്ടിക്കിടെ മാക്‌സ്‌വെല്ലിന് പരിക്കേറ്റിരുന്നു.
തുടർന്ന് താരം ഏറെ നാൾ ടീമിന് പുറത്തായിരുന്നു. ഈ പരിക്കിൽ നിന്ന് താരം പൂർണമായും മുക്തനായിട്ടില്ല. അതേസമയം മാക്‌സ്‌വെല്ലിന്റെ പകരക്കാരനെ ക്രിക്കറ്റ് ആസ്ട്രേലിയ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ലോകകപ്പിൽ ന്യൂസിലന്റിനെതിരെ ദക്ഷിണാഫ്രിക്കക്ക് 190 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 358 റൺസ് പിന്തുടർന്ന കിവീസ് 167ന് പുറത്താകുകയായിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ദക്ഷിണാഫ്രിക്ക ഇതോടെ ഇന്ത്യയെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ക്വിന്റണ്‍ ഡി കോക്ക് ഈ ലോകകപ്പിലെ തന്റെ നാലാം സെഞ്ചുറിയാണ് നേടിയത്.
Adjust Story Font
16