Quantcast

‘പരമാവധി നോക്കി, പക്ഷേ..’; ഗ്രഹാം തോർപ്പ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ

MediaOne Logo

Sports Desk

  • Updated:

    2024-08-13 16:30:31.0

Published:

13 Aug 2024 4:29 PM GMT

Graham Thorpe
X

ലണ്ടൻ: മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായ ഗ്രഹാം തോർപ്പ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ. 55 കാരനായ താരം പോയ ആഴ്ചയാണ് മരണപ്പെട്ടത്.

ദി ടൈംസിന് നൽകിയ അഭിമുഖത്തിൽ തോർപ്പിന്റെ ഭാര്യ അമാൻഡ പറഞ്ഞതിങ്ങനെ:‘‘അദ്ദേഹത്തെ സ്നേഹിക്കുന്ന രണ്ട് പെൺമക്കളും ഭാര്യയും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ അസുഖം ഭേദമായില്ല. അദ്ദേഹം കുറച്ചുകാലമായി വല്ലാതെ അസുഖ ബാധിതനായിരുന്നു. അദ്ദേഹമില്ലെങ്കിൽ ഞങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാകുമെന്ന് സ്വയം വിശ്വസിച്ചു. അത് തന്നെ അദ്ദേഹം പ്രാവർത്തികമാക്കുകയും ജീവൻ അപഹരിക്കുകയും ചെയ്തതിൽ ഞങ്ങൾ തകർന്നു’’

‘‘കഴിഞ്ഞ കുറച്ച് വർഷങ്ങളായി തോർപ്പ് കടുത്ത വിഷാദത്തിലും അമിത ഉത്കണ്ഠയിലുമായിരുന്നു. ഇതിനെത്തുടർന്ന് 2022 മെയ് മാസത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ അദ്ദേഹം തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു’’

‘‘പഴയ ഗ്രഹാം തിരിച്ചുവരുന്നുവെന്ന് തോന്നിച്ചെങ്കിലും അദ്ദേഹത്തിന് അസുഖം തുടർന്നു. ഞങ്ങൾ അദ്ദേഹത്തിന് കുടുംബമെന്ന നിലയിൽ എല്ലാ പിന്തുണയും നൽകി. പലതരം ചികിത്സകൾ നടത്തി. പക്ഷേ ഒന്നും ശരിയായില്ല. ഗ്രൗണ്ടിൽ അദ്ദേഹം ശാരീരികമായും മാനസികമായും കരുത്തനായിരുന്നു. പക്ഷേ മാനസിക രോഗം ആർക്കും പിടിപെടാം’ -അമാൻഡ പറഞ്ഞു. ഇതിനെക്കുറിച്ച് തുറന്ന് പറയുന്നതിൽ മടിയൊന്നുമില്ലെന്ന് തോർപ്പിന്റെ മകളായ കിറ്റി പ്രതികരിച്ചു.

ഓഗസ്റ്റ് 4ന് എഷർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടിയ നിലയിൽ കാണപ്പെട്ട തോർപ്പിന് ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തിൽ ദുരൂഹമായി ഒന്നുമില്ലെന്നും അന്തിമ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസ് അറിയിച്ചു.

1993 മുതൽ 2005 വരെ ഇംഗ്ലണ്ടിനായി 100 ടെസ്​റ്റുകളിൽ കളത്തിലിറങ്ങിയ തോർപ്പ്​ 6744 ടെസ്​റ്റ്​ റൺസും 16 സെഞ്ച്വറികളും നേടിയിട്ടുണ്ട്​. 82 ഏകദിനങ്ങളിലും കളത്തിലിറങ്ങി. കൗണ്ടി ക്രിക്കറ്റിൽ സറേ ജഴ്​സിയണിഞ്ഞ തോർപ്പ്​ ഫസ്​റ്റ്​ ക്ലാസ്​ ക്രിക്കറ്റിൽ 20000ത്തിലേറെ റൺസും നേടി​. 2022ൽ അഫ്​ഗാനിസ്​താൻ ഹെഡ്​കോച്ചായി നിയമിതനായതിന്​​ പിന്നാലെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന്​ സ്ഥാനമേറ്റെടുത്തിരുന്നില്ല. 2010ൽ ഇംഗ്ലണ്ടി​െൻറ ബാറ്റിങ്​ കോച്ചായും സേവനമനുഷ്​ടിച്ചു.

TAGS :

Next Story