സഞ്ജുവിന്‍റെ മടങ്ങി വരവ് പ്രഖ്യാപിച്ച് ക്യാപ്റ്റന്‍; ആർത്തിരമ്പി ഡബ്ലിൻ, വീഡിയോ വൈറൽ
സഞ്ജുവും ദീപക് ഹൂഡയും ചേർന്ന് രണ്ടാം വിക്കറ്റിൽ 176 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടെന്ന റെക്കോർഡാണ് ഇരുവരും ഇതുവഴി തങ്ങളുടെ പേരിലാക്കിയത്
ഡബ്ലിന്‍: അയർലന്‍റിനെതിരായ രണ്ടാം ടി 20 മത്സരത്തിൽ തകർപ്പൻ അർധ സെഞ്ച്വറിയുമായി ഇന്ത്യൻ ടീമിലേക്കുള്ള തന്‍റെ മടങ്ങി വരവ് ആഘോഷമാക്കിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ. അന്താരാഷ്ട്ര ടി20 കരിയറിലെ തന്‍റെ ആദ്യ അർധസെഞ്ച്വറി കുറിച്ച താരം 44 പന്തിൽ നിന്ന് 77 റൺസാണ് അടിച്ചു കൂട്ടിയത്. സഞ്ജുവിന്റേയും ദീപക് ഹൂഡയുടേയും അവിസ്മരണീയ പ്രകടനങ്ങൾ ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമാവുകയും ചെയ്തു.
സഞ്ജുവിന്റെ ടീമിലേക്കുള്ള മടങ്ങി വരവിനെ ഹർഷാരവങ്ങളോടെയാണ് ഇന്നലെ ഡബ്ലിനിൽ തടിച്ചു കൂടിയ ഇന്ത്യൻ ആരാധകർ വരവേറ്റത്. ടോസ് ഇടാനായി ഗ്രൗണ്ടിലെത്തിയ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ടീമിലെ മൂന്ന് മാറ്റങ്ങൾ പ്രഖ്യാപിക്കുന്നതിനിടെ ഋതുരാജിന് പകരം സഞ്ജു എത്തുമെന്ന് പറഞ്ഞതും ഗ്യാലറി ആരവങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. ഇത് കേട്ട് ചിരിച്ച പാണ്ഡ്യ 'ഗ്യാലറി ആ മാറ്റം ഇഷ്ടപ്പെടുന്നു എന്നെനിക്ക് തോന്നുന്നു' എന്ന് പറയുകയും ചെയ്തു.
ഇന്ത്യയുടെ കൂറ്റൻ സ്‌കോറിനെതിരെ അയർലൻഡ് ബാറ്റർമാർ അടിച്ചുകളിച്ചതോടെ അവസാന ഓവറുകൾ വരെ ആവേശം മുറ്റി നിന്ന രണ്ടാം ടി20യിൽ ഇന്ത്യ നാലു റൺസ് വിജയമാണ് കുറിച്ചത്. രണ്ടാം വിക്കറ്റിൽ ദീപക് ഹൂഡയും സഞ്ജു സാംസണും ചേർന്ന് പടുത്തുയർത്തിയ 176 റൺസ് റെക്കോർഡ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ നേടിയ 225 റണ്‍സ് മറികടക്കാനുള്ള അയർലൻഡിന്‍റെ പ്രയത്‌നം 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 221 റൺസിലൊതുങ്ങി. ഉമ്രാൻ മാലിക്കെറിഞ്ഞ അവസാന ഓവറിൽ 17 റൺസായിരുന്നു അയർലൻഡിന് വേണ്ടിയിരുന്നത്. എന്നാൽ 12 റൺസ് നേടാനാണ് അവർക്ക് കഴിഞ്ഞത്. മത്സരത്തിൽ നാലോവർ വീതമെറിഞ്ഞ ഇന്ത്യൻ ബോളർമാരെല്ലാം 40ലേറെ റൺസ് വഴങ്ങി.
ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് ദീപക് ഹൂഡയും സഞ്ജുവും ഈ മത്സരത്തോടെ തങ്ങളുടെ പേരിലാക്കി. 2017ൽ ഇൻഡോറിൽ രോഹിത് ശർമയും കെ.എൽ. രാഹുൽ ചേർന്ന് നേടിയ 165 റൺസായിരുന്നു വലിയ കൂട്ടുകെട്ട്. ഇതാണ് 2014 അണ്ടർ 19 ലോകകപ്പിൽ ഒന്നിച്ചു കളിച്ച സഞ്ജുവും ഹൂഡയും ചേർന്ന് പൊളിച്ചെഴുതിയത്.
Adjust Story Font
16