Quantcast

ധോണിയുടെ കെണിയിൽ വീണ് ഹാർദിക് പാണ്ഡ്യ; മികച്ച തന്ത്രം

ഹാർദിക് പാണ്ഡ്യയുടെ മനസ് വായിച്ച് ധോണിയൊരുക്കിയ ഫീൽഡിങ് കെണിയാണ് ഗുജറാത്ത് നായകന്റെ വഴിമുടക്കിയത്.

MediaOne Logo

Web Desk

  • Published:

    24 May 2023 7:07 AM GMT

ms dhoni fielding change, ms dhoni brilliance
X

മഹേന്ദ്ര സിങ് ധോണി- ഹാര്‍ദിക് പാണ്ഡ്യ

ചെന്നൈ: ഐ.പി.എൽ ആദ്യക്വാളിഫയറിൽ ധോണിയോട് ഗുജറാത്ത് തോറ്റെന്ന് വേണം പറയാൻ. ധോണി ഒരുക്കിയ ഫീൽഡിങും ബൗളിങ് ക്രമീകരണങ്ങളുമെല്ലാം ഗുജറാത്തിനെ പൂട്ടിയിടുകയായിരുന്നു. അതിലൊരു മികച്ച നീക്കമായിരുന്നു ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യയെ പുറത്താക്കിയ ധോണിയുടെ തന്ത്രം. ഹാർദിക് പാണ്ഡ്യയുടെ മനസ് വായിച്ച് ധോണിയൊരുക്കിയ ഫീൽഡിങ് കെണിയാണ് ഗുജറാത്ത് നായകന്റെ വഴിമുടക്കിയത്.

ആദ്യത്തെ അഞ്ച് ഓവറുകളും പേസർമാരെക്കൊണ്ടാണ് ധോണി എറിയിച്ചത്. പവർപ്ലേയുടെ അവസാന ഓവർ എറിയാൻ എത്തിയത് സ്പിന്നറായ മഹേഷ് തീക്ഷണ. ഓഫ് സൈഡിലെ വിടവിലൂടെ പാണ്ഡ്യ ബൗണ്ടറി പായിക്കുമെന്ന് ധോണി മനസിലാക്കി. അതിനനുസരിച്ച് ഒരു എക്‌സ്ട്രാ ഫീൽഡറെ ഓഫ്‌സൈഡിൽ കൊണ്ടുവരികയും ചെയ്തു. അതുവരെ ബാക്ക് വാർഡ് സ്‌ക്വയറിൽ ഫീൽഡ് ചെയ്യുകയായിരുന്ന രവീന്ദ്ര ജഡേജയേയാണ് ഈ ദൗത്യത്തിന് ഉപയോഗിച്ചത്. പവർപ്ലേ അവസാനിക്കുന്ന അവസാന പന്തിൽ പാണ്ഡ്യ സാഹസത്തിന് മുതിർന്നു.

ജഡേജയെ നിർത്തിയ അതെ സ്ഥലത്തേക്ക് തന്നെ ക്യാച്ചും എത്തി. ഈ വിക്കറ്റിന് പിന്നാലെ രവിശാസ്ത്രിയുടെ കമന്ററിയും ശ്രദ്ധ നേടി. ഹാർദികിന്റെ ഈഗോ വെച്ചാണ് ധോണി കളിച്ചതെന്നായിരുന്നു രവിശാസ്ത്രിയുടെ കമന്റ്. വിക്കറ്റ് പോയതിന്റെ നിരാശ ഹാർദിക് പാണ്ഡ്യയുടെ മുഖത്ത് പ്രകടമായിരുന്നു. എട്ട് റൺസാണ് ഹാർദിക് പാണ്ഡ്യ നേടിയത്. വൺഡൗണായി എത്തി പവർപ്ലേയിൽ പറ്റാവുന്നത്ര റൺസ് അടിച്ചെടുക്കാനായിരുന്നു ഹാർദിക് പാണ്ഡ്യയുടെ പദ്ധതി. എന്നാൽ നേരിട്ട ഏഴാം പന്തിൽ തന്നെ ധോണി ആ പദ്ധതി പൊളിച്ചു. മത്സരത്തിൽ 15 റൺസിനായിരുന്നു ചെന്നൈ സൂപ്പർകിങ്‌സിന്റെ വിജയം. ചെന്നൈ ഉയർത്തിയ 173 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് 157 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ചെന്നൈക്കായി ഋതുരാജ് ഗെയിക്‌വാദ് 60 റൺസ് നേടി ടോപ് സ്‌കോററായപ്പോൾ 40 റൺസ് നേടിയ ഡെവൻ കോൺവെ പിന്തുണകൊടുത്തു. 42 റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറർ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ധോണിയുടെ എതിരാളികൾ ആരാണെന്ന് ഇപ്പോഴും തെളിഞ്ഞിട്ടില്ല. എലിമിനേറ്ററിൽ മുംബൈയും ലക്‌നൗവും കളിക്കാനുണ്ട്. അതിലെ വിജയികൾ രണ്ടാം ക്വാളിഫയറിൽ ഗുജറാത്തിനെ നേരിടും. ഇതിലെ വിജയികളാണ് ചെന്നൈയുടെ ഫൈനല്‍ എതിരാളികൾ.

TAGS :

Next Story