എന്ത് ഔട്ട്? സ്റ്റമ്പ് അടിച്ചു തകർത്ത് ഹർമൻപ്രീത് കൗർ, അമ്പയറോട് കയർത്ത് മടക്കം
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ.
ധാക്ക: മോശം അമ്പയറിങ്ങിനെ തുടർന്ന് കളിക്കളത്തിൽ വെച്ച് തന്നെ അരിശം തീർത്ത് ഇന്ത്യൻ നായകൻ ഹർമൻപ്രീത് കൗർ. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. മത്സരത്തിൽ 225 റൺസാണ് ബംഗ്ലാദേശ് ഇന്ത്യക്ക് മുന്നിൽ ഉയർത്തിയത്. ഫർഗാന നേടിയ സെഞ്ച്വറിക്കരുത്തിലായിരുന്നു ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോർ പടുത്തുയർത്തിയത്.
മറുപടിയിൽ മികച്ച രീതിയിൽ ഇന്ത്യക്ക് തുടങ്ങാനായില്ല. ഷഫാലി വർമ്മ, യസ്തിക ഭാട്ടിയ എന്നിവർ വേഗത്തിൽ മടങ്ങി. സ്മൃതി മന്ഥനയും ഹർലീൻ ഡിയോളും ചേർന്ന് ഇന്നിങ്‌സിനെ കൊണ്ടുപോയി 139ന് രണ്ട് എന്ന നിലയിൽ എത്തിച്ചു. എന്നാൽ മന്ഥനയെ പുറത്താക്കി ബംഗ്ലാദേശ് മത്സരത്തിലേക്ക് വന്നു. പിന്നാലെയാണ് നായകൻ ഹർമൻപ്രീത് കൗർ ക്രീസിലെത്തിയത്.
20 പന്തിൽ 14 നിൽക്കെയാണ് നഹിദ അക്തറിനെ കൗർ, സ്വീപ് ഷോട്ടിന് ശ്രമിച്ചത്. എന്നാല്‍ ലക്ഷ്യം പിഴച്ചു. ബംഗ്ലാദേശിന്റെ അപ്പീലിന് മുന്നിൽ ഒന്നും ആലോചിക്കാതെ അമ്പയർ വിരലുയര്‍ത്തി. എന്നാൽ പന്ത് ഗ്ലൗസിൽ കൊണ്ടെന്നും ഔട്ടല്ലെന്നും മനസിലാക്കിയ കൗർ തന്റെ ദേഷ്യം ഗ്രൗണ്ടിൽ തീർക്കുകയായിരുന്നു.
ആദ്യം ബാറ്റിൽ കൈകൊണ്ട് ഇടിച്ച കൗർ, സ്റ്റമ്പും ബാറ്റ് ഉപയോഗിച്ച് അടിച്ചിട്ടു. ഗ്രൗണ്ട് വിട്ട് പോകുമ്പോഴും അമ്പയറോട് കയർക്കുന്നുണ്ടായിരുന്നു. മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങിൽ മോശം അമ്പയറിങിനെക്കുറിച്ച് കൗർ തുറന്നിടിക്കുകയും ചെയ്തു. അതേസമയം മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ഇന്ത്യ 49.3 ഓവറിൽ എടുത്തത് 225 റൺസായിരുന്നു. അതേസമയം കൗറിന്റെ പെരുമാറ്റം അച്ചടക്ക ലംഘനത്തിന്റെ പരിധിയിൽ വരും. മത്സര വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ വന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
Watch Video
Adjust Story Font
16