'' ആ സംഭവത്തിൽ നിങ്ങളെക്കാളും വിഷമിക്കുന്നത് ഞാനാണ് ''- സെമിയിൽ ക്യാച്ച് നഷ്ടപ്പെടുത്തിയതിനെ കുറിച്ച് ഹസൻ അലിയുടെ ആദ്യപ്രതികരണം
'' ഈ മുറിവ് എന്നെ കൂടുതൽ ശക്തമാക്കുമെന്ന് ഉറപ്പാണ് ''
ട്വന്റി-20 ലോകകപ്പിൽ പാകിസ്ഥാൻ-ഓസ്‌ട്രേലിയ സെമിയിൽ 19-ാം ഓവറിൽ മാത്യു വേഡിന്റെ വെടിക്കെട്ട് ബാറ്റിങ് ആരും മറന്നുകാണില്ല. പാകിസ്ഥാൻ സൂപ്പർ ബോളറായ ഷഹീൻ അഫ്രീദിയെ തുടരെ മൂന്ന് സിക്‌സ് പറത്തിയാണ് വേഡ് പാകിസ്ഥാനിൽ നിന്ന് വിജയം പറിച്ചെടുത്തത്.
മത്സരത്തിൽ മാത്യു വേഡ് നായകനായപ്പോൾ പാകിസ്ഥാനിൽ നിന്നൊരാൾ ദുരന്തനായകനായി മാറുകയായിരുന്നു. ഹസൻ അലിയാണ് ആ താരം. 22 റൺസായിരുന്നു 19-ാം ഓവർ ആരംഭിക്കുമ്പോൾ ഓസീസിന് ജയിക്കാൻ ആവശ്യമുണ്ടായിരുന്നത്. ആ ഓവറിലെ രണ്ടാം മൂന്നാം പന്തിൽ മാത്യു വേഡ് നൽകിയ നിസാരമായി കൈപിടിയിലാക്കാവുന്ന ഒരു ക്യാച്ച് മിസാക്കിയാണ് ഹസൻ അലി പാകിസ്ഥാനെ പരാജയത്തിലേക്ക് നയിച്ചത്. ഒരു പക്ഷേ ആ സമയത്ത് ഹസൻ അലി വിചാരിച്ചുകാണില്ല തന്റെ ടീമിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കാൻ കെൽപ്പുള്ള ഒരു ക്യാച്ചാണ് തന്റെ കൈയിൽ നിന്ന് ഊർന്നുപോയതെന്ന്. പിന്നീടുള്ള മൂന്ന് ബോളുകളിൽ വേഡ് മൂന്ന് സിക്‌സർ പറത്തിയതോടെ ഹസൻ അലി പാകിസ്ഥാൻ ആരാധകരുടെ കണ്ണിലെ കരടായി.
ഇപ്പോൾ സംഭവത്തിൽ ഹസൻ അലിയുടെ ആദ്യ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. '' നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാൻ എനിക്ക് സാധിച്ചില്ലെന്ന് എനിക്കറിയാം, പക്ഷേ അതിൽ നിങ്ങളിൽ ആരേക്കാളും നിരാശപ്പെടുന്നത് ഞാനാണ്.''- അദ്ദേഹം എഴുതി.
തന്നിലുള്ള പ്രതീക്ഷകൾ അവസാനിപ്പിക്കേണ്ടന്നും പാകിസ്ഥാൻ ക്രിക്കറ്റിൽ താൻ ശക്തമാി തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. '' ഈ മുറിവ് എന്നെ കൂടുതൽ ശക്തമാക്കുമെന്ന് ഉറപ്പാണ് '' അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മത്സരത്തിന് ശേഷം പാക് നായകൻ ബാബർ അസം ഹസൻ അലിയെ പിന്തുണച്ചിരുന്നു. കൂടാതെ നിരവധി സഹതാരങ്ങളും വസീം അക്രമടക്കമുള്ള മുൻ താരങ്ങളും ഹസനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
Summary: Hasan Ali Reacts to Matthew Wade Catch Drop
Adjust Story Font
16