Quantcast

ഇത്തവണ ഹാട്രിക്: ആ മെയ്ഡൻ ഓവറുകാരൻ വീണ്ടും തരംഗമാകുന്നു

സയിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ സിക്കിമിനെതിരായ മത്സരത്തിൽ ഹാട്രിക് വിക്കറ്റ് നേടിയാണ് കർനേവാർ വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-11-10 12:58:30.0

Published:

10 Nov 2021 12:55 PM GMT

ഇത്തവണ ഹാട്രിക്: ആ മെയ്ഡൻ ഓവറുകാരൻ വീണ്ടും തരംഗമാകുന്നു
X

ടി20 ക്രിക്കറ്റിൽ റൺസൊന്നും വിട്ടുകൊടുക്കാതെ നാല് ഓവർ എറിഞ്ഞ് വിദർഭയുടെ സ്പിൻ ബൗളർ അക്ഷയ് കർനേവാർ ഇന്നലെയാണ് തരംഗം തീർത്തത്. ഇന്നിതാ കർനേവാറിനെ തേടി മറ്റൊരു നേട്ടം കൂടി. സയിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ സിക്കിമിനെതിരായ മത്സരത്തിൽ ഹാട്രിക് വിക്കറ്റ് നേടിയാണ് കർനേവാർ വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്.

സിക്കിമിനെതിരെ നാല് ഓവർ എറിഞ്ഞ കർനേവാർ അഞ്ച് റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളും വീഴ്ത്തി. മത്സരത്തിൽ വിദർഭ 130 റൺസിന്റെ കൂറ്റൻ വിജയവും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വിദർഭ 20 ഓവറിൽ 206 റൺസെന്ന കൂറ്റൻ സ്‌കോറാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങിൽ സിക്കിമിന് 20 ഓവറിൽ 75 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. പത്ത് വിക്കറ്റും വീഴ്ത്താനായില്ല എന്ന ആശ്വാസം മാത്രം സിക്കിമിനുണ്ട്.

അന്താരാഷ്ട്ര-ആഭ്യന്തര മത്സരങ്ങളിലൊന്നും പിറക്കാത്തൊരു റെക്കോർഡാണ് അക്ഷയ് ഇന്നലെ തീര്‍ത്തത്. മണിപ്പൂരിനെതിരായ മത്സരത്തിലായിരുന്നു അക്ഷയിന്റെ മിന്നും പ്രകടനം. ഇടംകയ്യൻ സ്പിൻ ബൗളറാണ് അക്ഷയ് കർനേവർ. അതേസമയം സയിദ് മുഷ്താഖ് അലി ടൂർണമെന്റിൽ തകർപ്പൻ ഫോമിലാണ് വിദർഭ. അഞ്ച് മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണ് വിദർഭ സ്വന്തമാക്കിയത്. മേഘാലയ, ത്രിപുര എന്നീ ടീമുകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

തകർപ്പൻ ഫോമിലാണ് അക്ഷയ് കർനേവാർ. അഞ്ച് മത്സരങ്ങളിൽ നിന്നായി പത്ത് വിക്കറ്റുകളാണ് കർനേവാർ ഇതുവരെ വീഴ്ത്തിയത്. മത്സരത്തില്‍ ഒരു റൺ പോലും വിട്ടുകൊടുത്തില്ല എന്നത് അസാധാരണമായ കാര്യമാണെന്നും ശരിക്കും സന്തോഷമുണ്ടെന്നും മത്സര ശേഷം കര്‍നേവാര്‍ പ്രതികരിച്ചിരുന്നു. അതേസമയം അടുത്ത് തന്നെ ടീം ഇന്ത്യയിൽ കർനേവാറിനെ കാണാനാകുമോ എന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്.

TAGS :

Next Story