'ക്യാപ്റ്റനും ഫോർമാറ്റും വർഷവുമൊക്കെ മാറും, സഞ്ജു അപ്പോഴും പുറത്തിരിക്കും': ട്വിറ്ററിൽ സഞ്ജു വീണ്ടും
രൂക്ഷപ്രതികരണങ്ങളാണ് സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
വെല്ലിങ്ടൺ: ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20യിൽ സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. മികച്ച ഫോമിൽ നിൽക്കെയാണ് സഞ്ജുവിനെ നിരന്തരം തഴയുന്നത്. ശ്രേയസ് അയ്യർ, ദീപക് ഹൂഡ എന്നിവരെയാണ് സഞ്ജുവിന് പകരം മധ്യനിരയിലേക്ക് പരിഗണിച്ചത്. വിക്കറ്റ്കീപ്പറായി റിഷഭ് പന്തിനും അവസരം ലഭിച്ചു. രൂക്ഷപ്രതികരണങ്ങളാണ് സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
ഈ വർഷം ഓഗസ്റ്റിൽ വെസ്റ്റ്ഇൻഡീസിനെതിരായ മത്സരത്തിലാണ് ഇന്ത്യൻ കുപ്പായത്തിലെ ടി20യിലെ സഞ്ജുവിന്റെ അവസാന മത്സരം. പിന്നാലെ നടന്ന ഏഷ്യാകപ്പ്, ടി20 ലോകകപ്പ് ടീമുകളിലേക്കും സഞ്ജുവിനെ പരിഗണിച്ചില്ല. ടി20ക്ക് മുന്നോടിയായുള്ള ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ആ പരമ്പരയിൽ ലഭിച്ച അവസരം സഞ്ജു മുതലെടുക്കുകയും ചെയ്തിരുന്നു.
സഞ്ജുവിനെ പുറത്തിരുത്തുന്നതിന് ന്യായീകരണം ഇല്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ രോഷം കൊള്ളുന്നവർ പങ്കുവെക്കുന്നത്. മികച്ച ഫോമിൽ നിൽക്കെ ഒരു താരത്തെ നിരന്തരം തഴയുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇക്കൂട്ടർ വ്യക്തമാക്കുന്നത്. അതിലൊരു ട്വീറ്റായിരുന്നു ശ്രദ്ധേയം. 'വർഷങ്ങൾ ഒത്തിരി കഴിഞ്ഞാലും ക്യാപ്റ്റന്മാർ മാറിയാലും ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റിലും സഞ്ജു ടീമിന് പുറത്തുതന്നെയായിരിക്കും.
അതേസമയം രണ്ടാം ടി20യിൽ സഞ്ജുവിന് പകരക്കാരനായി എടുത്തു എന്ന് പറയാവുന്ന ദീപക് ഹൂഡയും ശ്രേയസ് അയ്യരുമെല്ലാം നിരാശപ്പെടുത്തി. ശ്രേയസ് അയ്യർ 13 റൺസ് നേടിയപ്പോൾ ദീപക് ഹൂഡക്ക് അക്കൗണ്ട് പോലും തുറക്കാനായില്ല. ടി20 ലോകകപ്പിലെ മോശം ഫോം റിഷഭ് പന്ത് ഇവിടെയും തുടരുകയാണ്. 13 പന്ത് നേരിട്ട പന്ത് നേടിയതാവട്ടൈ ആറ് റൺസും. സൂര്യകുമാർ പൊരുതി നേടിയ സെഞ്ച്വറിയാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ടോസ് ഇടും മുമ്പെ തന്നെ കളി വേണ്ടെന്ന് വെക്കുകയായിരുന്നു. ഒരു പക്ഷേ കളി നടന്നിരുന്നുവെങ്കിലും സഞ്ജു പുറത്തിരുന്നേനെ.
Adjust Story Font
16