പന്ത് അടിച്ചു പറത്തിയത് കാട്ടിലേക്ക്: തിരഞ്ഞ് മടുത്ത് നെതർലാന്റ് താരങ്ങൾ
മത്സരത്തിന്റെ ഒമ്പതാം ഓവറിൽ പീറ്റർ സീലർ എറിഞ്ഞ പന്ത് ഡേവിഡ് മാലൻ സിക്‌സറടിച്ച് ഗ്രൗണ്ടിന് പുറത്തേക്ക് എത്തിക്കുകയായിരുന്നു
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺസെന്ന നേട്ടവുമായി കഴിഞ്ഞ ദിവസം ലോകറെക്കോർഡ് പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ടീം ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 498 റൺസാണ് നേടിയത്. ലോകറെക്കോർഡ് സൃഷ്ടിച്ച ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനിടെ സിക്‌സറുകളായി പറന്ന പന്തുകണ്ടെത്തുന്നതിനായി കാട്ടിൽ തപ്പിനടക്കുകയായിരുന്നു നെതർലാന്റ് താരങ്ങൾ. കാട്ടിൽ പന്ത് തപ്പി നടക്കുന്ന നെതർലാന്റ് താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതിനു പിന്നാലെ നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
മത്സരത്തിന്റെ ഒമ്പതാം ഓവറിൽ പീറ്റർ സീലർ എറിഞ്ഞ പന്ത് ഡേവിഡ് മാലൻ സിക്‌സറടിച്ച് ഗ്രൗണ്ടിന് പുറത്തേക്ക് എത്തിക്കുകയായിരുന്നു. സ്റ്റേഡിയത്തിന് പുറത്തെ മരങ്ങളിൽ തട്ടിയാണ് പന്ത് നിലത്തുവീണത്. പന്ത് തപ്പിയ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് പന്ത് കണ്ടെത്തുവാനും സാധിച്ചില്ല. ഇതിനു പിന്നാലെയാണ് നെതർലാന്റ് താരങ്ങളും പന്തു തിരയാൻ ഇറങ്ങിയത്. നെതർലാന്റ് താരങ്ങൾ പന്ത് തിരയുന്ന കാഴ്ച നാട്ടിൻ പുറത്തെ 'കണ്ടം ക്രിക്കറ്റിനെ' ഓർമ്മപ്പെടുത്തുന്നതായിരുന്നു. കാട്ടിലും മരങ്ങൾക്കിടയിലും നെതർലാന്റ് താരങ്ങൾ തിരച്ചിലോട് തിരച്ചിൽ എന്നു പറഞ്ഞാൽ മതി. തിരച്ചിലിനൊടുവിൽ പന്ത് കിട്ടി. പിന്നാലെ ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലാവുകയുമുണ്ടായി. നെതർലൻഡ് താരം തന്നെ പൊന്തക്കാട്ടിൽ നിന്ന് പന്ത് കണ്ടെത്തുകയും മത്സരം പുനരാംഭിക്കുകയും ചെയ്യുകയായിരുന്നു.
ഏകദിന മത്സരം ട്വന്റി20 ശൈലിയിൽ കളിച്ച ഇംഗ്ലണ്ട് 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 498 റൺസാണ്. ഏകദിനത്തിലെ ഏറ്റവും ഉയർന്ന ടീം സ്‌കോറാണിത്, മൂന്നു പേർക്ക് സെഞ്ചറി, ഒരാൾക്ക് അതിവേഗ അർധസെഞ്ചറി, 36 ഫോറുകൾ, 24 സിക്‌സുകൾ. ഇങ്ങനെ 'കണക്കില്ലാത്ത' നേട്ടങ്ങളും ഇംഗ്ലണ്ട് ടീം കരസ്ഥമാക്കി. ഏകദിനം കളിച്ച് അത്ര ശീലമില്ലാത്ത നെതർലൻഡ്‌സിന്റെ മറുപടി ബാറ്റിങ് 49.4 ഓവറിൽ 266 റൺസ് എന്ന നിലയിൽ ഒതുങ്ങി.
Adjust Story Font
16