ശ്രീശാന്തിന്റെ പരിക്ക് സാരമുള്ളത്; രഞ്ജി ട്രോഫി പൂർണ്ണമായും നഷ്ടമാകും
തനിക്ക് നടക്കാൻ ആകുന്നില്ലെന്നും പരിക്ക് സാരമുള്ളതാണെന്നും ശ്രീശാന്ത് പറഞ്ഞു
പരിശീലനത്തിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള മുൻ ഇന്ത്യൻ താരം ശ്രീശാന്തിന് രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. താരത്തിന്റെ പരിക്ക് മാറാൻ സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
തനിക്ക് നടക്കാൻ ആകുന്നില്ലെന്നും പരിക്ക് സാരമുള്ളതാണെന്നും ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചിരുന്നു. ഇന്ന് ശ്രീശാന്ത് തന്റെ ആശുപത്രിയിലെ ചിത്രവും സാമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. കേരളത്തിന്റെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ശ്രീശാന്ത് ഉണ്ടായിരുന്നില്ല.
— Sreesanth (@sreesanth36) March 1, 2022
മേഘാലയയ്ക്കെതിരായ രഞ്ജിയിലെ ആദ്യ മത്സരത്തിൽ കളിച്ച ശ്രീശാന്ത് രണ്ട് വിക്കറ്റ് നേടി മിന്നും പ്രകടനം കാഴ്ച വെച്ചിരുന്നു. പിന്നീട് പ്രാക്ടീസ് സെഷനിൽ പരിക്കേൽക്കുകയായിരുന്നു.
അതേസമയം, 50 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ശ്രീശാന്തിനെ ഐപിഎൽ ലേലത്തിൽ ഒരു ടീമും വിളിച്ചിരുന്നില്ല. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ്, കൊച്ചി ടസ്കേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി 2008–13 കാലയളവിൽ 44 മത്സരങ്ങൾ ശ്രീശാന്ത് കളിച്ചിട്ടുണ്ട്. ബിസിസിഐ വിലക്കിനെത്തുടർന്ന് 2013 മുതൽ ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന ശ്രീശാന്ത് കഴിഞ്ഞ സീസണിൽ ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തി. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ചാംപ്യന്‍ഷിപ്, വിജയ് ഹസാരെ ട്രോഫി എന്നിവയ്ക്കുള്ള കേരള ടീമിലും താരം ഉൾപ്പെട്ടിരുന്നു.
Adjust Story Font
16