അവിശ്വസനീയ ഫീൽഡിങിൽ ബൗണ്ടറി തടഞ്ഞു; എന്നാൽ പിന്നീട് സംഭവിച്ചത് വൻ അബദ്ധം-വീഡിയോ
സ്ട്രീറ്റ് പ്രീമിയർലീഗ് മത്സരത്തിനിടെയാണ് രസകരമായ സംഭവമുണ്ടായത്

മുംബൈ: ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് മത്സരത്തിനിടെ ഫീൽഡിങ് ടീമിന് സംഭവിച്ച വൻ അബദ്ധം സമൂഹ മാധ്യമങ്ങളിൽ വൈറൽ. ബെംഗളൂരു സ്‌ട്രൈക്കേഴ്‌സ്-ഫാൽക്കൺ റൈസേഴ്‌സ് മാച്ചിനിടെയാണ് രസകരമായ സംഭവമുണ്ടായത്. ബെംഗളൂരു ടീമിനാണ് പിഴവ് സംഭവിച്ചത്. ഫാൽക്കൺ ബാറ്റർ ഉയർത്തിയടിച്ച് പന്ത് ബെംഗളൂരു സ്‌ട്രൈക്കേഴ്‌സ് താരം ബൗണ്ടറി ലൈനിൽ പറന്നുയർന്ന് അവിശ്വസനീയമാംവിധം തട്ടി രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ത്രോ പിച്ചിലേക്ക് കൃത്യമായി നൽകുകയും ചെയ്തു. എന്നാൽ ഫാൽകൺ ബാറ്റർ ക്രീസിന് പുറത്തായതിനാൽ റണ്ണൗട്ടിനായി പന്ത് പിടിച്ചെടുത്ത മറ്റൊരു ഫീൽഡർ വിക്കറ്റ് ലക്ഷ്യമാക്കിയെറിഞ്ഞു. എന്നാൽ നോൺ സ്‌ട്രൈക്കിങ് എൻഡിൽ വിക്കറ്റിന് കൊള്ളാതെ പന്ത് നേരെ പോയത് ബൗണ്ടറി ലൈനിലേക്ക്. ഫലത്തിൽ ഫീൽഡിങ് ടീമിന് നഷ്ടമായത് ആറു റൺസ്.
Saved a boundary but ended up conceding a SIX!!!!!! 🤣
— Sameer Allana (@HitmanCricket) February 3, 2025
CRICKET BELIEVE IT OR NOT 🤯 pic.twitter.com/i9mIvRBqfy
ഫാൽക്കൺ ബാറ്റർ വിശ്വജിത്ത് ഠാക്കൂർ മിഡ് വിക്കറ്റിന് മുകളിലൂടെ അടിച്ച പന്താണ് ബൗണ്ടറി ലൈനിൽ ബെംഗളൂരു ഫീൽഡർ തടഞ്ഞുനിർത്തിയത്. എന്നാൽ ത്രോ ബൗണ്ടറിയിലേക്ക് പോയതോടെ ബാറ്റിങ് ടീമിന് ലഭിച്ചത് ആറു റൺസ്. ഈ റൺസ് മത്സരഫലത്തിൽ നിർണായകമാകുകയും ചെയ്തു. ബെംഗളൂരു സ്‌ട്രൈക്കേഴ്‌സിനെതിരെ ആറു റൺസ് ജയമാണ് ഫാൽക്കൺ റൈസേഴ്‌സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഫാൽക്കൺ നിശ്ചിത 10 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 84 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങിൽ ബെംഗളൂരുവിന് 78 റൺസെടുക്കാനേ ആയുള്ളൂ. മത്സരത്തിലെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് ഷെയർ ചെയ്തത്.
Adjust Story Font
16