തകർത്താടി ത്രിപാടി; ഹൈദരാബാദിന് തകർപ്പൻ ജയം
ഹൈദരാബാദിന്‍റെ വിജയം 7 വിക്കറ്റിന്
അർധസെഞ്ച്വറികളുമായി രാഹുൽ ത്രിപാടിയും എയ്ഡൻ മാർക്രമും തകർത്താടിയപ്പോൾ കൊൽക്കത്തക്കെതിരെ ഹൈദരാബാദിന് തകർപ്പൻ ജയം. രണ്ടോവറും ഒരു പന്തും ബാക്കി നില്‍ക്കേ 7 വിക്കറ്റിനാണ് ഹൈദരാബാദിന്‍റെ ജയം. വെറും 37 പന്തിൽ നിന്ന് ആറ് സിക്‌സറുകളുടേയും അഞ്ച് ബൗണ്ടറികളുടേയും അകമ്പടിയിൽ ത്രിപാടി 71 റൺസെടുത്തു. 36 പന്തിൽ നാല് ഫോറുകളുടേയും ആറ് സിക്സറുകളുടേയും അകമ്പടിയില്‍ മാർക്രം 68 റൺസെടുത്തു പുറത്താവാതെ നിന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മാര്‍ക്രം 18ാം ഓവറിൽ പാറ്റ് കമ്മിന്‍സിനെ തുടരെ രണ്ടുതവണ സിക്സര്‍ പറത്തിയാണ് കളി ഫിനിഷ് ചെയ്തത്. കൊൽക്കത്തക്കായി ആന്ദ്രേ റസൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ അർധസെഞ്ച്വറി നേടിയ യുവതാരം നിതീഷ് റാണയുടേയും അവസാന ഓവറുകളിൽ കത്തിക്കയറിയ ആന്ദ്രേ റസലിന്‍റേയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവിലാണ് കൊൽക്കത്ത മികച്ച സ്‌കോർ പടുത്തുയര്‍ത്തിയത്.
നിതീഷ് റാണ രണ്ട് സിക്സുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയില്‍ 54 റണ്‍സ് എടുത്തപ്പോള്‍ റസല്‍ 25 പന്തില്‍ നാല് സിക്സും നാല് ഫോറുമടക്കം 49 റണ്‍സ് നേടി പുറത്താവാതെ നിന്നു. അവസാന ഓവറില്‍ ഹൈദരാബാദ് സ്പിന്നര്‍ ജഗ്തീഷ് സുജിത്തിനെ തുടരെ രണ്ട് സിക്സറും ഒരു ഫോറും പറത്തി കൊല്‍ക്കത്ത ഇന്നിംഗ്സ് റസല്‍ മനോഹരമായാണ് അവസാനിപ്പിച്ചത്. ഹൈദരാബാദിനായി പേസ് ബൗളർ നടരാജന്‍ മൂന്ന് വിക്കറ്റ് പിഴുതപ്പോള്‍ ഉംറാന്‍ മാലിക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.
കളിയില്‍ ടോസ് നേടിയ ഹൈദരാബാദ് കൊൽക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോർ 11ൽ നിൽക്കേ സൂപ്പർ താരം ആരോൺ ഫിഞ്ചിനെ പുറത്താക്കി മാർക്കോ ഴാന്‍സനാണ് കൊൽക്കത്തയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. നാലാം ഓവറിൽ നടരാജൻ തീപ്പന്തുമായി അവതരിച്ചു. അടുത്തടുത്ത പന്തുകളിൽ വെങ്കിടേഷ് അയ്യറും സുനിൽ നരൈനും കൂടാരം കയറി. പിന്നീടാണ് അഞ്ചാമനായി നിതീഷ് റാണ ക്രീസിലെത്തുന്നത്. സൂക്ഷ്മതയോടെ തുടങ്ങിയ റാണ പതിയെ കൊൽക്കത്തയുടെ സ്‌കോർ ബോർഡ് ചലിപ്പിച്ചു.പിന്നീടാണ് റസലിന്‍റെ വെടിക്കെട്ട് പ്രകടനം. ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ 28 റൺസ് എടുത്ത് പുറത്തായി. കൊൽക്കത്ത നിരയിൽ മൂന്ന് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്.
Adjust Story Font
16