Quantcast

ആവേശിന്റെ വേഗതയിൽ ഹൈദരാബാദ് തകർന്ന് തരിപ്പണം; ലക്‌നൗവിന് രണ്ടാം ജയം

170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് സ്‌കോർ 25 റൺസിലെത്തി നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി

MediaOne Logo

Web Desk

  • Published:

    4 April 2022 6:05 PM GMT

ആവേശിന്റെ വേഗതയിൽ ഹൈദരാബാദ് തകർന്ന് തരിപ്പണം; ലക്‌നൗവിന് രണ്ടാം ജയം
X

മുംബൈ: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് 12 റൺസ് ജയം.നാല് ഓവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ആവേശ് ഖാനാണ് ഹൈദരാബാദിനെ തകർത്തത്. ലക്‌നൗവിനായി ജെയ്‌സൺ ഹോൾഡർ മൂന്നും ക്രുനാൽ പാണ്ഡ്യ രണ്ടും വിക്കറ്റ് നേടി. 44 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറർ.

170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് സ്‌കോർ 25 റൺസിലെത്തി നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 16 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസനെ ആവേശ് ഖാൻ ആന്ദ്രേ ടൈയുടെ കയ്യിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ രാഹുൽ ത്രിപാഠി സ്‌കോർ ഉയർത്തിയെങ്കിലും സ്‌കോർ 38 ൽ എത്തി നിൽക്കെ ഓപ്പണർ അഭിഷേക്ക് വർമ്മയെയും ഹൈദരാബാദിന് നഷ്ടമായി. ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഒരറ്റത്ത് നിന്ന് ത്രിപാഠി ടീമിനെ ഉയർത്തെഴുന്നേൽപ്പിച്ചു.

എന്നാൽ, സ്‌കോർ 95 ൽ എത്തി നിൽക്കെ ത്രിപാഠിയും പവലിയവനിലേക്ക് മടങ്ങി. പിന്നീടെത്തിയ നിക്കോളാസ് പൂരാൻ ആക്രമിച്ച് കളിച്ചെങ്കിലും 34 റൺസെടുത്ത് പുറത്തായി.പിന്നീടെത്തിയ സമദ് ആദ്യ ബോളിൽ പുറത്തായി. അവസാന ഓവറുകളിൽ ആക്രമിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും 12 റൺസ് അകലെ ഹൈദരാബാദിന്റെ ഇന്നിംങ്‌സ് അവസാനിക്കുകയായിരുന്നു.

ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെയും ഓൾ റൗണ്ടർ ദീപക്ക് ഹൂഡയുടെയും അർധസെഞ്ച്വറിയുടെ കരുത്തിലായിരുന്നു ലക്നൗ സൂപ്പർ ജയിന്റ്സിന് ഭേദപ്പെട്ട സ്‌കോർ നേടിയത്. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ അവർ 170 റൺസെടുത്തു.തകർച്ചയോടെയായിരുന്നു ലക്നൗ ഇന്നിങ്സിന് തുടക്കം. ഓപ്പണർ ക്വിന്റൺ ഡീക്കോക്കിനെ ക്യാപ്റ്റൻ വില്യംസണന്റെ കയ്യിലെത്തിച്ച് വാഷിംഗ്ടൺ സുന്ദർ ഹൈദരാബാദിന് മികച്ച തുടക്കം നൽകി.ഒരു റൺസായിരുന്നു ലക്നൗവിനായി ഡീക്കോക്ക് നേടിയത്. പിന്നീട് ക്രീസിലെത്തിയ എവിൻ ലൂയീസും ഒരു റൺസെടുത്ത് പുറത്തായതോടെ ലക്നൗ പരുങ്ങലിലായി.

രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതോടെ കൂടുതൽ ശ്രദ്ധയോടെ ലക്നൗ ബാറ്റ് വീശിയെങ്കിലും സ്‌കോർ 26 ൽ എത്തി നിൽക്കെ മനീഷ് പാണ്ഡയും കൂടാരം കയറിയതോടെ ടീം തകർച്ചയിലേക്ക് പോവുകയാണോയെന്ന് തോന്നിയെങ്കിലും ക്യാപ്റ്റൻ കെ.എൽ രാഹുലും ഓൾ റൗണ്ടർ ദീപക്ക് ഹൂഡയും ചേർന്ന് ടീമിനെ കരകയറ്റുകയായിരുന്നു. അർധസെഞ്ച്വറി നേടി ഹൂഡ പുറത്തായെങ്കിലും 15 ഓവറിൽ സ്‌കോർ 114ൽ എത്തിയിരുന്നു.

ഹൂഡ പുറത്തായതിന് ശേഷം ക്രീസിലെത്തിയ ആയുഷ് ബദോനിയും ക്യാപ്റ്റനൊപ്പം നന്നായി ബാറ്റ് വീശിയതോടെ സ്‌കോർ 150 കടന്നു. 68 റൺസെടുത്ത ക്യാപ്റ്റൻ കെ.എൽ രാഹുലാണ് ലക്നൗ നിരയിലെ ടോപ് സ്‌കോറർ. ഹൈദരാബാദിനായി വാഷിംങ്ടൺ സുന്ദറും റൊമാരിയോ സ്റ്റിഫേർഡും നടരാജനും രണ്ട് വിക്കറ്റുകൾ നേടി.

TAGS :

Next Story