ഐസിസി ടി20 ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചു; രണ്ട് ഇന്ത്യൻ താരങ്ങൾ ടീമിൽ
മുൻ ക്രിക്കറ്റ് താരങ്ങളും സ്പോർട്സ് ജേണലിസ്റ്റുകളും ചേർന്നാണ് ഐസിസിയ്ക്ക് വേണ്ടി ടൂർണമെന്റ് ഇലവനിലേക്കുള്ള താരങ്ങളെ പ്രഖ്യാപിച്ചത്
സിഡ്നി: 2022 ടി20 ലോകകപ്പിന് പിന്നാലെ, മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ അണിനിരത്തി ഐസിസി ടൂർണമെന്റ് ഇലവനെ പ്രഖ്യാപിച്ചു. ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങളാണ് ഇടംപിടിച്ചത്. ഇംഗ്ലണ്ട്-പാകിസ്താൻ ഫൈനൽ മത്സരത്തിനുശേഷമാണ് ടൂർണമെന്റ് ഇലവനെ പ്രഖ്യാപിച്ചത്.
വിരാട് കോഹ്ലിയും സൂര്യകുമാർ യാദവുമാണ് ടീമിലുൾപ്പെട്ട ഇന്ത്യൻ താരങ്ങൾ. ലോകകിരീടം നേടിയ ഇംഗ്ലണ്ടിനെ നയിച്ച ജോസ് ബട്ലറാണ് ടൂർണമെന്റ് ഇലവന്റെയും നായകൻ. ബട്ലറും ഇംഗ്ലണ്ടിന്റെ തന്നെ അലക്സ് ഹെയ്ൽസുമാണ് ടൂർണമെന്റ് ഇലവന്റെ ഓപ്പണർമാർ.
വിരാട് കോഹ്ലി മൂന്നാമനായും സൂര്യകുമാർ യാദവ് നാലാം സ്ഥാനത്തുമാണ്. ന്യൂസീലൻഡിന്റെ ഗ്ലെൻ ഫിലിപ്സാണ് അഞ്ചാം ബാറ്റർ. സിംബാബ്വെയുടെ സിക്കന്ദർ റാസ, പാകിസ്താന്റെ ശതബ് ഖാൻ, ഇംഗ്ലണ്ടിന്റെ സാം കറൻ എന്നിവരാണ് ഓൾറൗണ്ടർമാർ. ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോർജെ, ഇംഗ്ലണ്ടിന്റെ മാർക്ക് വുഡ്, പാകിസ്താന്റെ ഷഹീൻ അഫ്രീദി എന്നിവരാണ് പേസ് ബൗളർമാർ. ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന്റെ നാല് താരങ്ങളാണ് ടീമിലിടം നേടിയത്.
ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയെ റിസർവ് താരമായും തെരഞ്ഞെടുത്തു. മുൻ ക്രിക്കറ്റ് താരങ്ങളും സ്പോർട്സ് ജേണലിസ്റ്റുകളും ചേർന്നാണ് ഐസിസിയ്ക്ക് വേണ്ടി ടൂർണമെന്റ് ഇലവനിലേക്കുള്ള താരങ്ങളെ പ്രഖ്യാപിച്ചത്.
ഐസിസി ടൂർണമെന്റ് ഇലവൻ ടീം
ജോസ് ബട്ലർ (നായകൻ, വിക്കറ്റ് കീപ്പർ), അലക്സ് ഹെയ്ൽസ്, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഗ്ലെൻ ഫിലിപ്സ്, സിക്കന്ദർ റാസ, ശതബ് ഖാൻ, സാം കറൻ, ആന്റിച്ച് നോർക്യെ, മാർക്ക് വുഡ്, ഷഹീൻ അഫ്രീദി.
Adjust Story Font
16