ഐ.സി.സി ഏകദിന റാങ്കിംഗ്: ഗിൽ അഞ്ചാം സ്ഥാനവും വിരാട് കോഹ്‌ലി ഏഴാം സ്ഥാനവും നിലനിർത്തി
ഏകദിന ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം മുഹമ്മദ് സിറാജാണ്
Gill, Kohli
ആസ്‌ത്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ തോറ്റെങ്കിലും ഐ.സി.സി ഇന്ന് പുറത്തുവിട്ട ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം. ശുഭ്മാൻ ഗിൽ അഞ്ചാം സ്ഥാനവും വിരാട് കോഹ്‌ലി ഏഴാം സ്ഥാനവും നിലനിർത്തി. ഗില്ലാണ് പട്ടികയിൽ മുന്നിലുള്ള ഇന്ത്യൻ താരം. നായകൻ രോഹിത് ശർമ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടിലെത്തി. ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്.
ഏകദിന ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം മുഹമ്മദ് സിറാജാണ്. പട്ടികയിൽ ഒന്നാമത് ആസ്‌ത്രേലിയയുടെ ജോഷ് ഹേസൽവുഡാണ്. ആദം സാംപ മൂന്നു സ്ഥാനങ്ങൾ മറികടന്ന് ആറാം സ്ഥാനത്തെത്തി. ഹർദിക് പാണ്ഡ്യ പത്ത് സ്ഥാനങ്ങൾ മറികടന്ന് 76ലെത്തി.
അതേസമയം അഫ്ഗാൻ ലെഗ്‌സ്പിന്നർ റാഷിദ് ഖാൻ ടി20 റാങ്കിംഗിൽ ഒന്നാമതെത്തി. ഷാർജയിൽ പാകിസ്താനെ 2-1 പരാജയപ്പെടുത്തിയ പരമ്പരയോടെയാണ് താരം ശ്രീലങ്കയുടെ വാനിഡു ഹസരംഗയെ മറികടന്ന് ഒന്നാമതെത്തിയത്.
ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിലെ മത്സരങ്ങളെല്ലാം ഇന്ത്യയിൽ തന്നെ നടക്കുമെന്നാണ് ഐ.സി.സി വ്യക്തമാക്കുന്നത്. പാകിസ്താന്റെ മത്സരങ്ങൾ നിഷ്പക്ഷവേദിയിൽ നടക്കുന്ന പ്രചാണങ്ങൾ തള്ളിയാണ് ഐ.സി.സി ഇക്കാര്യം അറിയിച്ചത്. ഹിന്ദുസ്ഥാൻ ടൈംസടക്കം ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സെപ്തംബറിൽ പാകിസ്താനിൽ നടക്കുന്ന ഏഷ്യാകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താനായി ബിസിസിഐ പിസിബിയുമായി ചർച്ച നടത്തിയിരുന്നു. ഇതേ മാതൃക ലോകകപ്പിലെ പാകിസ്താന്റെ മത്സരങ്ങൾക്കും സ്വീകരിക്കുമെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബംഗ്ലാദേശിൽ വെച്ച് മത്സരങ്ങൾ നടക്കുമെന്നാണ് അത്തരം വാർത്തകളിൽ പറയുന്നത്.
ഐസിസിയുടെ ജനറൽ മാനേജർ വസീം ഖാനെ ഉദ്ധരിച്ച് പാകിസ്താൻ നിഷ്പക്ഷ വേദിയിൽ ലോകകപ്പ് കളിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഐസിസി ഇൗ അഭിപ്രായത്തിൽ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16