വനിത ട്വന്റി 20 ലോകകപ്പ്: തോറ്റുതുടങ്ങി ഇന്ത്യൻ വനിതകൾ
ദുബൈ: പ്രതീക്ഷകളുടെ കൂമ്പാരവുമായി പാഡണിഞ്ഞ ഇന്ത്യൻ വനിതകൾക്ക് നിരാശാജനകമായ തുടക്കം. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് 58 റൺസിനാണ് ഇന്ത്യൻ സംഘം അടിയറവ് പറഞ്ഞത്. ആദ്യം ബാറ്റുചെയ്ത കീവീസ് ഉയർത്തിയ 160 റൺസ് പിന്തുടർന്ന ഇന്ത്യൻ പോരാട്ടം 19 ഓവറിൽ 102 റൺസിൽ അവസാനിച്ചു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാൻഡിന് ഓപ്പണർമാർ മിന്നും തുടക്കമാണ് നൽകിയത്. ഓപ്പണർമാരായ സൂസി ബെയ്റ്റ്സും ജോർജിയ പ്‍ലിമ്മറും ആദ്യ വിക്കറ്റിൽ 67 റൺസാണ് കൂട്ടിച്ചേർത്തത്. 36 പന്തുകളിൽ 57 റൺസടിച്ച ക്യാപ്റ്റൻ സോഫിയ ഡെവിന്റെ വെടിക്കെട്ട് ഇന്നിങ്സ് കൂടി ചേർന്നതോടെ ന്യൂസിലൻഡ് 160 റൺസെന്ന പൊരുതാവുന്ന സ്കോറുയർത്തി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ട് റൺസുമായി ഷെഫാലി വർമയാണ് ആദ്യം പുറത്തായത്. സ്മൃതി മന്ദാന (12), ഹർമൻ പ്രീത് കൗർ (15), ജെമീമാ റോഡ്രിഗ്രസ് (13), റിച്ച ഘോഷ് (12), ദീപ്തി ശർമ (13) എന്നിങ്ങനെയാണ് മറ്റുപ്രധാന ബാറ്റർമാരുടെ സ്കോറുകൾ. 15 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീതാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 19 റൺസിന് നാലുവിക്കറ്റെടുത്ത റോസ്മേരി മെയർ, 15ന് മൂന്ന് വിക്കറ്റെടുത്ത ലീ തഹുഹു, ഓപ്പണർമാരെ മടക്കിയ എഡെൻ കാൾസെൻ എന്നിവർ കിവികൾക്കായി തിളങ്ങി.
മലയാളി താരം ആശ ശോഭന നാലോവറിൽ 22 റൺസ് വഴങ്ങി ഒരുവിക്കറ്റെടുത്തു. ഇതോടെ വനിത ട്വന്റി 20 ലോകകപ്പിൽ വിക്കറ്റെടുക്കുന്ന ആദ്യ മലയാളിയായി ആശ ശോഭന മാറി. ഒക്ടോബർ 6ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Adjust Story Font
16