അഞ്ച് ടെസ്റ്റുകൾ; ഇന്ത്യക്ക് മുന്നിൽ ഇനി ഓസീസ് വെല്ലുവിളി
''സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര 3-0 ന് നഷ്ടമാകുകയെന്നത് തൊണ്ടതൊടാതെ വിഴുങ്ങാൻ അൽപം ബുദ്ധിമുട്ടുണ്ട്. ഇക്കാര്യത്തിൽ ആത്മപരിശോധന ആവശ്യമാണ്. എന്തുകൊണ്ടാണ് തോറ്റത്... മുന്നൊരുക്കത്തിന്റെ കുറവുകൊണ്ടാണോ. ഷോട്ട് സെലക്ഷനായിരുന്നോ കാരണം. അതോ മാച്ച് പ്രാക്ടീസ് ഇല്ലായിരുന്നോ. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണം''- ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റേതാണീ വാക്കുകൾ. പൊതുവെ സൗമ്യമായി പ്രതികരിക്കാറുള്ള സച്ചിൻ സ്വരംകടുപ്പിച്ച് രൂക്ഷമായ ഭാഷയിലാണ് ഇന്ത്യൻ ടീമിനെ വിമർശിച്ചത്. ഇതൊരു ഒറ്റപ്പെട്ട പ്രതികരണമായിരുന്നില്ല. വിരേന്ദർ സെവാഗും ഇർഫാൻ പഠാനുമടക്കം നിരവധി മുൻ താരങ്ങൾ ന്യൂസിലാൻഡിനെതിരായ തോൽവിക്ക് പിറകേ രൂക്ഷവിമർശനങ്ങളുമായി രംഗത്തെത്തി.
എന്താണ് രോഹിത് ശർമക്കും ടീമിനും സംഭവിച്ചത്? എവിടെയാണ് ഗംഭീറിന് പിഴച്ചത്? ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റിൽ 46 റൺസിൽ ഓൾഔട്ടായതൊരു വലിയ അപായ സൂചനയായിരുന്നു. ബംഗ്ലാദേശ് അല്ല ന്യൂസിലാൻഡ് എന്ന കൃത്യമായ മുന്നറിയിപ്പ്. 36 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ കിവീസിന്റെ ടെസ്റ്റ് വിജയം. എന്നാൽ ആ സമയം ഇതൊരു തിരിച്ചടിയായി ഇന്ത്യ കണ്ടിരുന്നില്ല. ഇതിന് മുൻപ് എത്രയോ പരമ്പരകളിൽ ആദ്യ മാച്ച് തോറ്റ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി പരമ്പര നേടിയ ചരിത്രം ഇന്ത്യക്ക് മുന്നിലുണ്ട്. കിവീസിനെതിരെയും അതാവർത്തിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിച്ചത്. സ്വന്തം മണ്ണിലെ വിജയ സമവാക്യമായ സ്പിൻ പിച്ചൊരുക്കി സന്ദർശകരെ വീഴ്ത്തുക എന്നതായിരുന്നു പിന്നെയുള്ള തന്ത്രം.
പൂനെ ടെസ്റ്റിൽ മോശം ഫോമിലുള്ള കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗിലിനെയും കുൽദീപ് യാദവിന് പകരം വാഷിങ്ടൺ സുന്ദറിനേയും ആദ്യ ഇലവനിലെത്തിച്ചു. എന്നാൽ ചിന്നസ്വാമിയിലെ തനിയാവർത്തനമാണ് പൂനെയിലും കണ്ടത്. രോഹിത് ശർമയും വിരാട് കോഹ്ലിയുമടക്കമുള്ള സീനിയർ താരങ്ങളുടെ മനോഭാവം മാറിയില്ല. മോശം ഷോട്ട് സെലക്ഷനും സ്പിൻബൗളിങിനെ നേരിടുന്നതിലെ പരാജയവും മറ്റൊരു തോൽവിയിലേക്ക് ഇന്ത്യയെ തള്ളിയിട്ടു. ഫലമോ 12 വർഷങ്ങൾക്കുശേഷം ആദ്യമായി ഇന്ത്യയുടെ ഹോം ടെസ്റ്റ് സീരിസ് പരാജയം.
വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കുകയെന്നതായിരുന്നു മുംബൈ വാഖഡെയിൽ കളിക്കാനിറങ്ങുമ്പോൾ ഇന്ത്യയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇത് മുന്നിൽകണ്ട് ആദ്യ സെഷൻ മുതൽ കുത്തിതിരിയുന്ന റാങ്ക് ടേണർ പിച്ചൊരുക്കാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടു. എന്നാൽ അവിടെയും പിഴച്ചു. വാംഖഡെയിലെ ചുവന്ന മൺപിച്ചിൽ അജാസ് പട്ടേൽ എന്ന വെറ്ററൻ സ്പിന്നർക്ക് മുന്നിൽ പേരുകേട്ട ഇന്ത്യൻ ബാറ്റർമാർ കളിമറന്നു. പ്രതിരോധമാണ് ഏറ്റവും മികച്ച ആക്രമണമെന്ന ടെസ്റ്റിലെ ബാലപാഠം പോലും മറന്നുള്ള പ്രകടനം. ഇതോടെ 24 വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ സമ്പൂർണ തോൽവി
കിവീസിനെതിരായ പരമ്പര നഷ്ടം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യതകൾക്ക് കൂടിയാണ് മങ്ങലേൽപിച്ചത്. ഫൈനലിന് മുൻപായി ഇനി ഇന്ത്യക്ക് മുന്നിലുള്ളത് ഒരേയൊരു പരമ്പര. ആസ്ത്രേലിയൻ മണ്ണിൽ ബോർഡർ-ഗവാസ്‌കർ ട്രോഫി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നാല് മാച്ചെങ്കിലും ജയിച്ചാലേ മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ ഇന്ത്യക്ക് ലോഡ്സിലേക്ക് ടിക്കറ്റെടുക്കാനാകൂ. എന്നാൽ അതൊട്ടും ഈസിയായിരിക്കില്ല. ആ മൂന്ന്മാച്ച് തോൽവി ഓസീസ് മണ്ണിൽ ഇന്ത്യയെ വേട്ടയാടുമെന്ന് മുൻ ന്യൂസിലൻഡ് താരവും കമന്റേറ്ററുമായ സൈമൺ ഡൂൾ പറഞ്ഞു വക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണയും ആസ്ത്രേലിയയിൽ പരമ്പര നേടി ചരിത്രനേട്ടം സ്വന്തമാക്കാൻ ഇന്ത്യക്കായി. എന്നാൽ ഇത്തവണ കാര്യങ്ങൾ അങ്ങനെയല്ല. ആസ്‌ത്രേലിയൻ മണ്ണിൽ പരിഹാസ ശരങ്ങൾ ഏറെ ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് സൈമൺ ഡൂളടക്കമുള്ളവർ പറയുന്നത്.
നവംബർ 22ന് പെർത്തിൽ ഓസീസിനെതിരെ ആദ്യ ടെസ്റ്റിനിറങ്ങുമ്പോൾ എല്ലാ കണ്ണുകളും രോഹിതിലേക്കും കോഹ്ലിയിലേക്കുമാണ്. ന്യൂസിലാൻഡിനെതിരെ നിറംമങ്ങിയെങ്കിലും ഏതുനിമിഷവും ഫോമിലേക്കുയരാൻ കെൽപുള്ളവരാണ് ഇരുവരും. വിമർശകരുടെ വായടപ്പിച്ച് തിരിച്ചുവന്ന ചരിത്രമാണ് രോഹിതിനും കോഹ്ലിക്കുമുള്ളത്. ഏതു പിച്ചിലും ഇന്ത്യക്ക് വിശ്വസിക്കാവുന്ന ബാറ്റ്സമാനമായ ഋഷഭ് പന്തിന്റെ ഫോമും പ്രതീക്ഷ നൽകുന്നു. പരിശീലകൻ ഗൗതം ഗംഭീറിനും ബോർഡർ-ഗവാസ്‌കർ ട്രോഫി നിർണായമാണ്. മുൻ പരിശീലകരായ രവി ശാസ്ത്രിക്കോ രാഹുൽ ദ്രാവിഡിനോ ലഭിക്കാത്ത ആനുകൂല്യങ്ങളാണ് ബിസിസിഐയിൽ നിന്ന് ഗംഭീറിന് ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ ഓസീസ് മണ്ണിൽ കൂടി തിരിച്ചടി നേരിട്ടാൽ ഗംഭീറിന്റെ അധികാരം വെട്ടികുറക്കാൻ ബോർഡ് നിർബന്ധിതമാകും .
Adjust Story Font
16