Quantcast

ഒരു ബുംറയും ചില മിന്നലാട്ടങ്ങളും കൊണ്ട് ഓസീസിനെ ജയിക്കാനാകില്ല

അല്ലെങ്കിലും ഈ ടെസ്റ്റിൽ ഇന്ത്യ മേധാവിത്വം പുലർത്തിയിരുന്നില്ല. ചില മൊമന്റുകളുടെ ബലത്തിലാണ് അവസാനം വരെ തൂങ്ങിനിന്നത്.

MediaOne Logo

Sports Desk

  • Updated:

    2024-12-30 13:45:11.0

Published:

30 Dec 2024 1:30 PM GMT

ഒരു ബുംറയും ചില മിന്നലാട്ടങ്ങളും കൊണ്ട് ഓസീസിനെ ജയിക്കാനാകില്ല
X

വീണ്ടുമൊരു ഗാബ മിറാക്കിൾ പ്രതീക്ഷിച്ചാണ് അഞ്ചാം ദിനം മെൽബണിലേക്ക് ഇന്ത്യൻ ആരാധകരുടെ കണ്ണുകൾ നീണ്ടത് . പക്ഷേ രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോഹ്‍ലി എന്നീ മൂന്ന് മുൻനിര ബാറ്റർമാർ ആ​ദ്യമേ മടങ്ങിയതോടെ അത്തരം പ്രതീക്ഷകൾക്കൊക്കെ അന്ത്യമായി. ഇനി സമനില മതിയെന്ന് എല്ലാവരും ഉറപ്പിച്ചു.

ഒരറ്റത്ത് നങ്കൂരമിട്ടിരുന്ന യശസ്വി ജയ്സ്വാളിനൊപ്പം ഋഷഭ് പന്തും കൂടിച്ചേർന്നതോടെ മത്സരത്തിൽ ഇന്ത്യ പതുക്കെ നിലയുറപ്പിച്ചു. പോയ മത്സരങ്ങളിൽ അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതിന്റെ വിമർശനം കേട്ടതുകൊണ്ടാകണം. പന്ത് വല്ലാത്ത ക്ഷമയിലാണ് ബാറ്റ് ചെയ്തത്. അപ്പുറത്ത് ജയ്സ്വാൾ കാര്യമായ ആശങ്കകളില്ലാതെ ഉറച്ചുനിന്നു. ഇരുവരും ക്രീസിൽ അതിജീവിച്ചത് 30ലേറെ ഓവറുകളാണ്. ഇന്ത്യക്ക് കാര്യങ്ങൾ സുരക്ഷിതമായെന്ന് തോന്നിച്ചു. റിക്വയേഡ് റൺറേറ്റ് അഞ്ചിന് മുകളിലാണ്. അതുകൊണ്ട്തന്നെ വിജയം അതിമോഹമാണ്. മത്സരം സമനിലയിലേക്കെന്ന് വാർത്തകളുടെ തലക്കെട്ടുകൾ പരന്നു.


അങ്ങനെ അവസാന സെഷനിനായി അരങ്ങാരുങ്ങി. എന്തെങ്കിലും ചെയ്യണമെങ്കിൽ അതിപ്പോൾ തന്നെയാകണമെന്ന് പാറ്റ് കമ്മിൻസ് തീരുമാനിച്ചു. പാർട് ടൈം സ്പിന്നറായ ട്രാവിസ് ഹെഡിനെ പന്തേൽപ്പിച്ചത് അത്തരമൊരു പ്രതീക്ഷയിലാണ്. കമ്മിൻസി​െൻറ ആ ട്രാപ്പിൽ ഋഷഭ് പന്ത് വീണു. തന്റെ ജീനിലുള്ളത് അധികനേരം മറച്ചുപിടിക്കാൻ പന്തിനായില്ല. മറ്റൊരു ഗാബ മനസ്സിൽ കണ്ടാണോ അല്ലയോ എന്നറിയില്ല. അനാവശ്യമെന്ന് വിളിക്കാവുന ഒരു ഷോട്ടിൽ മിച്ചൽ മാർഷിന് പിടികൊടുത്ത് പന്ത് പുറത്തേക്ക്. തൊട്ടുപിന്നാലെ രവീന്ദ്ര ജഡേജയും പുറത്ത്. ആ വിക്കറ്റിന്റെ ക്രെഡിറ്റ് മുഴുവൻ ഉജ്ജ്വലമായി പന്തെറിഞ്ഞ സ്കോട്ട് ബോളണ്ടിനാണ്.

ഇക്കുറി ഹീറോയിസമൊന്നും പ്രതീക്ഷിക്കേണ്ട എന്ന സന്ദേശവുമായി വൈകാതെ നിതീഷ് കുമാർ റെഡ്ഠിയും മടങ്ങി. എങ്കിലും ഓവറുകൾ കുറഞ്ഞുവരുന്നതിനാലും ജയ്സ്വാൾ ക്രീസിലുള്ളതിനാലും ഇന്ത്യ അതിജീവിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. അതിനിടയിലാണ് ജയ്സ്വാളിന്റെ വിക്കറ്റിനായി ഓസീസ് അപ്പീൽ ചെയ്യുന്നത്. ഫീൽഡ് അമ്പയർ ഔട്ട് വിളിച്ചില്ല. പക്ഷേ ഡിആർഎസിനുപോയ ഓസീസ് അസാമാന്യ ആത്മവിശ്വാസത്തിലായിരുന്നു. സ്നിക്കോ മീറ്ററിൽ എഡ്ജ് കാണുന്നുണ്ടായിരുന്നില്ല. പക്ഷേ ഡിഫ്ലക്ഷൻ ഉണ്ടെന്ന് ഗ്രാഫിക്സുകളിൽ വ്യക്തമായി. പന്ത് ഗ്ലൗസിലുരതിയെന്ന അനുമാനത്തിൽ തേർഡ് അമ്പയർ ഷർഫുദ്ദൗള ഔട്ടാണെന്ന് തീരുമാനത്തിലുറച്ചു. പ്രതിഷേധം അറിയിച്ചാണ് ജയ്സ്വാൾ തിരിച്ചുനടന്നത്.


ജയ്സ്വാൾ മടങ്ങുമ്പോൾ ഇന്ത്യൻ വാലറ്റത്തിന് അതിജീവിക്കാൻ 21 ഓവറുകൾ പിന്നെയും ബാക്കിയുണ്ടായിരുന്നു. പോയ ബോർഡർ ഗവാസ്കർ ട്രോഫിയിൽ കണ്ടതുപോലെ ഇന്ത്യൻ വാലറ്റം അത് ചെയ്യുമെന്ന് പലരും പ്രതീക്ഷിച്ചു. വാഷിങ്ടൺ സുന്ദറിലേക്കായിരുന്നു കണ്ണുകളെല്ലാം നീണ്ടത്. അതിനിടയിൽ ആകാഷ് ദീപും മടങ്ങി.

പിന്നീടെത്തിയസ് ജസ്പ്രീത് ബുംറ. ബുംറ ​ഓസീസ് ബൗളർമാരെ അതിജീവിക്കുമെന്ന വിശ്വാസത്തിൽ വാഷിങ്ടൺ സുന്ദർ സ്ട്രൈക്കെടുക്കാനോ പന്തുകൾ സ്വയം നേരിടാനോ ശ്രമിച്ചില്ല. പക്ഷേ വിജയദാഹത്താൽ വട്ടം കൂടിനിന്ന ഓസീസ് ചെലുത്തിയ സമ്മർദ്ദം അതിജീവിക്കാനാകാതെ ബുംറയും തൊട്ടുപിന്നാലെ സിറാജും തിരിഞ്ഞുനടന്നു. 45 പന്തുകളിൽ 5 റൺസുമായി വാഷിങ്ടൺ സുന്ദർ ഒരറ്റത്ത് മൂകസാക്ഷിയായി നിന്നു.അന്നേരം ഗ്യാലറിയിലെ ഓസീസ് പോഡിയങ്ങളിൽ ആവേശം അണപൊട്ടി. ബ്രിസ്​ബെയ്നിൽ കൈവിട്ട ജയം ഇക്കുറി അവർ എറിഞ്ഞെടുത്തു. ഇന്ത്യയെ ഇക്കുറി രക്ഷിക്കാൻ പേമാരിയോ വെളിച്ചക്കുറവോ ഒന്നും വന്നില്ല.


അല്ലെങ്കിലും ഈ ടെസ്റ്റിൽ ഇന്ത്യ മേധാവിത്വം പുലർത്തിയിരുന്നില്ല. ചില മൊമന്റുകളുടെ ബലത്തിലാണ് അവസാനം വരെ തൂങ്ങിനിന്നത്. ഓസീസ് ഉയർത്തിയ 474 റൺസ് പിന്തുടർന്ന ഇന്ത്യ ആദ്യ ഇന്നിങ്സിലേ 221ന് ഏഴ് എന്ന നിലയിൽ ഫോളോ ഓണും തോൽവിയും മുന്നിൽ കണ്ടതാണ്. അവിടെവെച്ചാണ് നിതീഷ് കുമാർ റെഡ്ഡി അവിശ്വസനീയമായൊരു ഇന്നിങ്സിലൂടെ ഇന്ത്യയെ താങ്ങിയെടുക്കുന്നത്. വാഷിങ്ടൺ സുന്ദർ അതിനൊത്ത പിന്തുണനൽകി.

രണ്ടാം ഇന്നിങ്സിൽ ബുംറ ഒരിക്കൽ കൂടി ക്ലാസ് തെളിയിച്ചു. അപ്പുറത്ത് നിന്നും സിറാജിന്റെ പിന്തുണകൂടിക്കിട്ടിയതോടെ ഓസീസ് മുൻ നിര ഒന്നാകെ കൂടാരം കയറി. പരമ്പരയിൽ ടീം ഇതുവരെ കാണിക്കാത്ത തരം അഗ്രഷനായിരുന്നു ഫീൽഡിലും ബൗളിങ്ങിലും ഇന്ത്യകാണിച്ചത്. പക്ഷേ 91ന് ആറ് എന്ന നിലയിലായിരുന്ന കംഗാരുക്കൾ വാലുകൊണ്ട് ഇന്ത്യയെ അടിച്ചു. ഓസീസ് വാലറ്റത്തെ പിടിച്ചുകെട്ടാൻ യാതൊരു പദ്ധതികളുമില്ലാതെ ക്യാപ്റ്റൻ രോഹിത് ശർമ നിരായുധനായി നിൽക്കുകയായിരുന്നു.

ഇന്ത്യൻ മുൻനിര ഇന്ന് ചെയ്തത് പോയ മത്സരങ്ങളിലെ ആവർത്തനം തന്നെയാണ്. പൊരുതാൻ പോലുമാകാതെ രോഹിത് ഒരിക്കൽ കൂടി തിരിഞ്ഞുനടന്നു. താൻ ഒരിക്കലും വിശ്വസ്തനല്ലെന്ന് രാഹുൽ ഒരിക്കൽ കൂടി തെളിയിച്ചു. പ്രതാപകാലത്തിന്റെ ഒരു ഷാഡോയും ആറ്റിറ്റ്യൂടും മാത്രമായി കിങ് കോഹ്‍ലിയും മടങ്ങി. ജയ്സ്വാൾ പതിവുപോലെ പൊരുതി നോക്കി. പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞു. ഇന്ന് കണ്ടതെല്ലാം ആവർത്തനങ്ങളാണ്. ഒരു ബുംറയും ഏതാനും മിന്നലാട്ടങ്ങളും ഓസീസിനെ ജയിക്കാനാകില്ലെന്ന് ഇന്ത്യ തിരിച്ചറിയണം.

തോൽവിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷകളും ഏതാണ്ട് അസ്മതമിച്ചിരിക്കുന്നു. സിഡ്നി ടെസ്റ്റ് കൂടി ബാക്കിയുണ്ട്. അതെങ്കിലും വിജയിച്ച് തലയുയർത്തി മടങ്ങാനാകും ശ്രമം. തൊട്ടുമുമ്പ് നടന്ന സീരീസിൽ ന്യൂസിലാൻഡിന് മുന്നിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ട നാണക്കേട് വേറെയുമുണ്ട്. എന്തായാലും പരമ്പരക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ തലകൾ ഉരുളുമെന്ന് ഉറപ്പാണ്.

TAGS :

Next Story