ഇന്ത്യ 141ന് ആറ്; സിഡ്നിയിൽ നാളെ സൂപ്പർ സൺഡേ
സിഡ്നി: രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 141ന് ആറ് എന്ന നിലയിൽ. ആദ്യ ഇന്നിങ്സിലെ നാല് റൺസും ചേർത്ത് ഇതോടെ ഇന്ത്യക്ക് 145 റൺസ് ലീഡായി. 33 പന്തിൽ നിന്നും 61 റൺസെടുത്ത ഋഷഭ് പന്തിന്റെ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. വാഷിങ്ടൺ സുന്ദറും (6), രവീന്ദ്ര ജഡേജയുമായണ് (8) ക്രീസിലുള്ളത്. ബൗളിങ്ങിനെ തുണക്കുന്ന പിച്ചിൽ പരമാവധി സ്കോറുയർത്തി ഓസീസിനെ എറിഞ്ഞിടാനാകും ഇന്ത്യൻ ശ്രമം. ഇന്ത്യൻ വാലറ്റത്തെ അതിവേഗം പുറത്താക്കിയാൽ വിജയലക്ഷ്യം അതിവേഗം നേടാമെന്ന് ഓസീസും കരുതുന്നു.
നാല് റൺ ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 42 റൺസിലെത്തിയിരുന്നു. ആദ്യ ഓവറിൽ സ്റ്റാർക്കിനെതിരെ നേടിയ 16 റൺസോടെ തുടങ്ങിയ യശസ്വി ജയ്സ്വാൾ ആത്മവിശ്വാസത്തോയെടാണ് ബാറ്റേന്തിയത്. എന്നാൽ ജയ്സ്വാളിനെയും (22) കെഎൽ രാഹുലിനെയും (13) ക്ലീൻ ബൗൾഡാക്കിയ സ്കോട്ട് ബോളണ്ട് ഓസീസിനെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നു. വൈകാതെ വിരാട് കോലി ആറ് റൺസുമായി പതിവ് പോലെ ബോളണ്ട് ഒരുക്കിയ ഓഫ്സൈഡ് ട്രാപ്പിൽ വീണു. 13 റൺസുമായി ശുഭ്മാൻ ഗില്ലും പുറത്തായി.
എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ നേടിയ പന്ത് ആറ് ബൗണ്ടറികളും നാല് സിക്സറുകളുമായി ഓസീസ് ബൗളിങ്ങിനെ വിറപ്പിച്ചു. ഒടുവിൽ ടീം സ്കോർ 124ൽ നിൽക്കേ വിക്കറ്റ് കീപ്പർക്ക് പിടികൊടുത്ത് പന്ത് മടങ്ങുകയായിരുന്നു. വൈകാതെ ഇന്ത്യക്ക് നാല് റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയുടേതും വിക്കറ്റ് നഷ്ടമായി.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 185 റൺസ് പിന്തുടർന്ന ഓസീസ് 181 റൺസിന് പുറത്തായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ എന്നിവർ മൂന്ന് വീതം വിക്കറ്റുകളെടുത്തു. ഒൻപതിന് ഒന്ന് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഫോമിലുള്ള മാർണസ് ലബുഷെയ്നെയാണ് ആദ്യം നഷ്ടമായത് (2). ബുംറക്കായിരുന്നു വിക്കറ്റ്. അധികം വൈകാതെ സാം കോൺസ്റ്റാസിനെ യശസ്വി ജയ്സ്വാളിന്റെ കൈകളിൽ എത്തിച്ച് സിറാജ് ആഞ്ഞടിച്ചു. തൊട്ടുപിന്നാലെ നാലു റൺസെടുത്ത ട്രാവിസ് ഹെഡും സിറാജിന്റെ പന്തിൽ പുറത്തായതോടെ ഓസീസ് 39ന് നാല് എന്ന നിലയിൽ പതുക്കി.
തുടർന്ന് ക്രീസിലുറച്ച ബ്യൂ വെബ്സ്റ്ററും (57) സ്റ്റീവൻ സ്മിത്തും (33) ചേർന്ന് ഓസീസ് ഇന്നിങ്സിനെ മുന്നോട്ടുകൊണ്ടുപോയി. ടീം സ്കോർ 96ൽ നിൽക്കേ സ്മിത്തിനെ രാഹുലിന്റെ കൈകളിലെത്തിച്ച് പ്രസീദ് മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നു. അലക്സ് ക്യാരി (21), പാറ്റ് കമ്മിൻസ് (10), മിച്ചൽ സ്റ്റാർക്ക് (1), നേഥൻ ലയോൺ (7 നോട്ടൗട്ട്), സ്കോട്ട് ബോളണ്ട് (9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.
അതിനിടയിൽ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ടീം ഡോക്ടർക്കൊപ്പം സ്റ്റേഡിയം വിട്ടത് ഇന്ത്യൻ ക്യാമ്പിന് ആശങ്ക പകരുന്നുണ്ട്.
Adjust Story Font
16