Quantcast

സെമിയിലേക്കുള്ള വിദൂര സാധ്യത നിലനിർത്താൻ വമ്പൻ ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ

നാല് പോയിന്റുമായി പട്ടികയിൽ രണ്ടാമതുള്ള അഫ്ഗാനാണ് എതിരാളികൾ

MediaOne Logo

Web Desk

  • Published:

    3 Nov 2021 1:01 AM GMT

സെമിയിലേക്കുള്ള വിദൂര സാധ്യത നിലനിർത്താൻ വമ്പൻ ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ
X

ടി20 ലോകകപ്പിൽ സെമിയിലേക്കുള്ള വിദൂര സാധ്യത നിലനിർത്താൻ അഫ്ഗാനെതിരെ വമ്പൻ ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. അബുദബിയിൽ രാത്രി 7.30നാണ് മത്സരം. രണ്ട് കളിയും തോറ്റ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. റൺറേറ്റിലും വളരെ പിന്നിൽ. ഇന്നത്തേത് അടക്കം മൂന്ന് കളികളും മികച്ച മാർജിനിൽ ജയിക്കുകയും കുഞ്ഞൻ ടീമുകൾ വമ്പൻ ടീമുകളെ അട്ടിമറിക്കുന്നതിനായി കാത്തിരിക്കുകയുമാണ് ഇന്ത്യയ്ക്ക് സെമിയിലേക്കുള്ള വഴി.

നാല് പോയിന്റുമായി പട്ടികയിൽ രണ്ടാമതുള്ള അഫ്ഗാനാണ് എതിരാളികൾ. വമ്പൻ ജയം നേടുന്നതിലൂടെ സെമി സാധ്യത നിലനിർത്തുക മാത്രമല്ല നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ പിടിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. കളിച്ച മൂന്ന് കളിയിലും അഫ്ഗാൻ കാഴ്ചവെച്ച പോരാട്ട വീര്യം പരിഗണിക്കുമ്പോൾ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല. ഇന്ത്യയെ 10 വിക്കറ്റിന് തോൽപിച്ച പാകിസ്താനോട് അവസാന മിനിട്ട് വരെ പൊരുതിയാണ് അഫ്ഗാൻ തോൽവി വഴങ്ങിയത്.

പൊട്ടിപ്പൊളിഞ്ഞ ബാറ്റിങ് ലൈനപ്പിൽ ഇന്ത്യ ഇന്നും അഴിച്ചുപണി നടത്തുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. രണ്ട് കളിയിലും പരാജയപ്പെട്ട ബൗളിങ് നിരയിൽ അഴിച്ചുപണി ഉറപ്പാണ്. വരുൺ ചക്രവർത്തിക്ക് പകരം ആർ അശ്വിനും മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വർ കുമാറും കളിച്ചേക്കും. സാഹചര്യം പ്രതികൂലമാണെങ്കിലും അടിച്ചുകളിക്കുക എന്ന അജണ്ട നടപ്പാക്കുന്ന മുൻ നിര ബാറ്റർമാരാണ് അഫ്ഗാന്റെ കരുത്ത്. അതിനാൽ ടോസ് ലഭിച്ചാലും അഫ്ഗാനിസ്താനെ ആദ്യം ബാറ്റ് ചെയ്യാൻ ഇന്ത്യ അനുവദിക്കാൻ സാധ്യത കുറവാണ്. മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്‌മാൻ സ്പിൻ ത്രയം ഫോമിലാണെങ്കിലും ഇവർ ഇന്ത്യൻ നിരയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധ്യത കുറവാണ്.

TAGS :

Next Story