ഇന്ത്യ ജയിച്ചതോടെയാണ് പിച്ചിന്റെ ആനുകൂല്യമുണ്ടെന്ന് പലരും പറയുന്നത് -പൊട്ടിത്തെറിച്ച് ഇന്ത്യൻ ബാറ്റിങ് കോച്ച്

ദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഒരേ സ്റ്റേഡിയത്തിലായത് ഗുണം ചെയ്യുന്നുവെന്ന വിമർശനത്തിനെതിരെ പ്രതികരണവുമായി ഇന്ത്യൻ ബാറ്റിങ് കോച്ച് സീതാൻശു കൊട്ടക്. മറ്റു രാജ്യങ്ങളിലെ താരങ്ങളും മുൻതാരങ്ങളും അടക്കമുള്ളവർ ഇന്ത്യക്ക് ആനുകൂല്യം ലഭിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് കൊട്ടകിന്റെ പ്രതികരണം.
‘‘അവിടെ എന്താണ് അനുകൂലമെന്നും ഞങ്ങൾക്ക് എന്ത് ആനുകൂല്യമാണുള്ളതെന്നും എനിക്ക് മനസ്സിലാകുന്നില്ല. അവിടെ ഒരു മുൻതൂക്കവുമില്ല. മത്സരക്രമം ഒരുപാട് മുമ്പേ തീരുമാനിച്ചതാണ്. ഇന്ത്യ നാല് മത്സരങ്ങളും വിജയിച്ചതോടെയാണ് ഞങ്ങൾക്ക് ആനുകൂല്യമുണ്ടെന്ന് പലരും പറയുന്നത്’’
‘‘ഇതിന് എന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ല. നന്നായി കളിക്കുന്ന ടീമാണ് ക്രിക്കറ്റിൽ വിജയിക്കുക. നിങ്ങൾ നന്നായി കളിച്ചില്ലെങ്കിൽ പരാതി പറഞ്ഞിട്ട് കാര്യമുണ്ടാകില്ല. ഞങ്ങൾ ഇവിടെ പരിശീലിക്കുകയും കളിക്കുകയും ചെയ്യുന്നു. കാരണം മത്സരക്രമം അങ്ങനെയാണ്. അതിലൊന്നും ചെയ്യാനാകില്ല’’ -കൊട്ടക് പറഞ്ഞു.
ഒരേ ഗ്രൗണ്ടിൽ കളിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുന്നെന്ന വിമർശനം കടുക്കവേയാണ് കൊട്ടകിന്റെ പ്രതികരണം. ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും അല്ലാത്തവ പാകിസ്താനിലുമാണ് നടക്കുന്നത്. ഇതിനെതിരെ ആസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ്, ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്‍ലർ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ റാസി വാൻഡർഡ്യൂസൺ, ഡേവിഡ് മില്ലർ, ഇംഗ്ലീഷ് മുൻ താരങ്ങളായ നാസർ ഹുസൈൻ, മൈക്ക് ആതേർട്ടൺ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മറ്റുടീമുകൾക്ക് വേദികൾ മാറുകയും യാത്ര ചെയ്യേണ്ടി വരികയും ചെയ്യുമ്പോൾ ഇന്ത്യ ഒരേ വേദിയിൽ കളിക്കുന്നതാണ് ഇവരെ ചൊടിപ്പിച്ചത്.
Adjust Story Font
16