കോഹ്‍ലി ഇസ് ബാക്ക്; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു
അഞ്ച് മാസം നീണ്ട ഇടവേളക്ക് ശേഷമാണ് വിരാട് കോഹ്ലി ഒരു അന്താരാഷ്ട്ര ടി20 മത്സരം കളിക്കുന്നത്
ബെര്‍മിങ്ഹാം: ഇന്ത്യ ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യൻ സമയം വൈകീട്ട് ഏഴ് മണിക്ക് ബെര്‍മിങ്ഹാമിലാണ് മത്സരം. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് ഇന്ന് വിജയിച്ചാൽ പരമ്പര നേടാനാവും. ഒന്നാം മത്സരത്തിൽ വിശ്രമം അനുവദിച്ച വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും റിഷബ് പന്തും രവീന്ദ്ര ജഡേജയും ശ്രേയസ് അയ്യറും ഇന്ന് ടീമില്‍ തിരിച്ചെത്തും.
ഒന്നാം മത്സരത്തില്‍ 50 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അയര്‍ലന്‍റിനെതിരായ പരമ്പരയിലെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ മിന്നും ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനെ തുടർന്ന് ടീമിലെത്തിയ താരങ്ങൾ തകർപ്പന്‍ ഫോം പുറത്തെടുക്കുന്നത് ടീം സെലക്ഷനിൽ മാനേജ്‌മെന്റിന് പിടിപ്പത് പണിയുണ്ടാക്കും. വിരാട് കോഹ്ലിക്ക് പകരം ടീമിൽ മൂന്നാമനായി കളിക്കുന്ന ദീപക് ഹൂഡ അയർലെന്റിനെതിരായ പരമ്പരയിൽ പുറത്തെടുത്ത ഫോം ഇംഗ്ലണ്ടിനെതിരെയും തുടരുകയാണ്. അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തില്‍ ഹൂഡയെ മാനേജ്മെന്‍റ് പുറത്തിരുത്തുമോ എന്ന കാര്യം സംശയമാണ്. ഹൂഡയെ മാറ്റിയില്ലെങ്കില്‍ രോഹിത് ശര്‍മക്കൊപ്പം കോഹ്ലിയെ ഓപ്പണ്‍ ചെയ്യിക്കാനുള്ള സാധ്യതയുമുണ്ട്.
അഞ്ച് മാസം നീണ്ട ഇടവേളക്ക് ശേഷമാണ് വിരാട് കോഹ്ലി ഒരു അന്താരാഷ്ട്ര ടി20 മത്സരം കളിക്കുന്നത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഫെബ്രുവരിയില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് കോഹ്ലി അവസാനമായി ഒരു ടി20 മത്സരം കളിച്ചത്. ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കണമെങ്കില്‍ കോഹ്‍ലിക്ക് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാവൂ.
Adjust Story Font
16