ലീഡ്സ് ടെസ്റ്റ്; ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സില്‍ ആദ്യ വിക്കറ്റ് നഷ്ടമായി
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യൻ ബോളർമാരെ കണക്കിന് പ്രഹരിച്ചു. 432 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്.
ഇംഗ്ലണ്ടുമായുള്ള മൂന്നാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ പൊരുതുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 എന്ന നിലയിലാണ് ഇന്ത്യ. എട്ടു റൺസ് നേടിയ കെ.എൽ. രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നിലവില്‍ 281 റണ്‍സാണ് ഇംഗ്ലണ്ടിന്‍റെ ലീഡ്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രെയ്ഗ് ഓവർടണിന്റെ പന്തിൽ ബാരിസ്റ്റോ മികച്ച ഒരു ക്യാച്ചിലൂടെയാണ് രാഹുലിന്റെ വിക്കറ്റെടുത്തത്.
നിലവിൽ 105 പന്തിൽ 39 റൺസുമായി രോഹിത് ശർമയും 35 പന്തിൽ 22 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ തകർന്നടിഞ്ഞിരുന്നു. 78 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. പക്ഷേ മറുവശത്ത് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യൻ ബോളർമാരെ കണക്കിന് പ്രഹരിച്ചു. 432 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്.
നായകൻ ജോ റൂട്ടിന്റെ വേഗതയാർന്ന സെഞ്ച്വറി(121)യുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ കൂറ്റൻ റൺസ് നേടിയത്. ലീഡ്സ് ടെസ്റ്റിന്റെ ആദ്യദിനം നിറഞ്ഞാടിയ ഇംഗ്ലീഷ് ഓപണർമാർ അതേ ആത്മവിശ്വാസത്തോടെയാണ് രണ്ടാംദിനവും കളി തുടങ്ങിയത്. ഇന്നലെ കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 120 റൺസുമായി 42 റൺസ് ലീഡാണ് ഇംഗ്ലണ്ട് നേടിയത്. അർധസെഞ്ച്വറികളുമായി ആദ്യദിനം നിറഞ്ഞാടിയ ഹസീബ് ഹമീദും റോറി ബേൺസും മനോഹരമായ കവർഡ്രൈവുകളും സ്‌ക്വയർകട്ടുകളുമായി കളി ഇന്ത്യയിൽനിന്ന് അപ്പാടെ തട്ടിപ്പറിക്കുമെന്നു തോന്നിച്ച ഘട്ടത്തിൽ മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് ആശ്വാസ ബ്രേക് ത്രൂ നൽകി. ഷമിയുടെ മനോഹരമായ ഫുള്ളർ റോറി ബേൺസിന്റെ കുറ്റി പിഴുതു. 153 പന്തിൽ ആറ് ഫോറും ഒരു സിക്സും സഹിതം 61 റൺസുമായാണ് ബേൺസ് പുറത്തായത്. ബേൺസ് പോയതോടെ ഹമീദിന്റെ ഇന്നിങ്സും അധികം നീണ്ടുനിന്നില്ല. ഇത്തവണ രവീന്ദ്ര ജഡേജയുടെ പന്തിൽ ഹസീബ് ഹമീദും ക്ലീൻ ബൗൾഡ്. 195 പന്തിൽ 12 ഫോറുകളുമായി 68 റൺസാണ് താരം നേടിയത്.
ഓപണർമാർ നിർത്തിയേടത്തുനിന്നാണ് ഡെവിഡ് മലാനും ജോ റൂട്ടും ആരംഭിച്ചത്. ഇരുവരും ചേർന്ന് ലീഡ് 200 കടത്തി. ഇതിനിടയിൽ രണ്ടുപേരും അർധസെഞ്ച്വറിയും പിന്നിട്ടു. ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നതിന്റെ അപരിചിതത്വമൊന്നും മലാന്റെ ഇന്നിങ്സിലുണ്ടായിരുന്നില്ല.
ഒരുഘട്ടത്തിലും ഇന്ത്യൻ ബൗളർമാർക്ക് പിടിനൽകാതെ മുന്നേറിയ റൂട്ട്-മലാൻ സഖ്യത്തെ മുഹമ്മദ് സിറാജ് പൊളിച്ചു. സെഞ്ച്വറിയിലേക്ക് കുതിച്ച മലാനെ(128 പന്തിൽ 11 ബൗണ്ടറി സഹിതം 70) സിറാജ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. തുടർന്നെത്തിയ ജോണി ബെയർസ്റ്റോയുമായി ചേർന്നായി റൂട്ടിന്റെ പോരാട്ടം. ഏകദിനശൈലിയിൽ തകർത്തുകളിച്ച റൂട്ട് ഇശാന്ത് ശർമയുടെ പന്ത് ബൗണ്ടറി കടത്തി കരിയറിലെ 23-ാം സെഞ്ച്വറിയും പിന്നിട്ടു. 122 പന്തിലാണ് റൂട്ട് ഈ വർഷത്തെ ആറാം ടെസ്റ്റ് സെഞ്ച്വറി അടിച്ചെടുത്തത്. ഒരു വർഷം ആറ് ടെസ്റ്റ് സെഞ്ച്വറി നേടിയ മൂന്നാമത്തെ ഇംഗ്ലീഷ് താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി.
റൂട്ടിന്റെ സെഞ്ച്വറിക്കു പിറകെ ബെയർസ്റ്റോ മടങ്ങി. ഷമിയുടെ പന്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് ബെയർസ്റ്റോ(29) തിരിച്ചുനടന്നത്. പിന്നാലെ ജോസ് ബട്ലറിനെ(ഏഴ്) പുറത്താക്കി മത്സരത്തിലെ മൂന്നാം വിക്കറ്റ് നേടി ഷമി. അധികം വൈകാതെ റൂട്ടിന്റെ തേരോട്ടം ബുംറയും അവസാനിപ്പിച്ചു. 165 പന്തിൽ 14 ബൗണ്ടറികളുമായി കളംനിറഞ്ഞ റൂട്ട്(121) ഒടുവിൽ ബുംറയുടെ പന്തിൽ കീഴടങ്ങുകയായിരുന്നു. പിന്നാലെ അലി(എട്ട്)യെ ജഡേജയും തിരിച്ചയച്ചു.
ഇന്ത്യൻ ബൗളർമാരിൽ ഇശാന്ത് ശർമയാണ് പാടെ നിരാശപ്പെടുത്തിയത്. നിരന്തരം മോശം പന്തുകളെറിഞ്ഞ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുത്തത് ശർമയായിരുന്നു. പേസ് ആക്രമണത്തിന്റെ കുന്തമുന ജസ്പ്രീത് ബുംറ മാത്രമാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർക്ക് മുന്നിൽ കാര്യമായ വെല്ലുവിളിയുയർത്തിയത്. നാലു വിക്കറ്റുമായി ഷമിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും റണ്ണൊഴുക്ക് തടയാനായില്ല.
Adjust Story Font
16