ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷകൾക്കും മങ്ങൽ; ടീം ഇന്ത്യയിൽ കാര്യങ്ങൾ അത്ര ‘ഗംഭീരമല്ല’
പൊതുവേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മോശം റെക്കോർഡുള്ള ന്യൂസിലൻഡാണ് ഈ വിജയം നേടിയത് എന്നത് ഇന്ത്യയെ ചിന്തിപ്പിക്കേണ്ടതാണ്
- Updated:
2024-10-31 16:17:06.0
ന്യൂഡൽഹി: ഇന്ത്യയിൽ വന്ന് ടെസ്റ്റ് ജയിക്കുക എന്ന സ്വപ്നം പല രാജ്യങ്ങളും എന്നേ ഉപക്ഷേിച്ചതാണ്. ഓസീസിന് പോലും ഇപ്പോൾ അത്തരം മോഹങ്ങളില്ല. സ്വന്തം മണ്ണിലെങ്കിലും ഇന്ത്യയോട് ജയിക്കാനുള്ള പദ്ധതികൾ ഒരുക്കുന്ന തിരക്കിലാണവർ. ഇന്ത്യയിൽ വെച്ച് ഒരു ടെസ്റ്റ് പരമ്പര വിജയിക്കുക എന്നത് ഏകദിന ലോകകപ്പ് കിരീടത്തേക്കാളും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയത്തേക്കാളും കടുപ്പമുള്ളതായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.
കാരണം അത് അത്യപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ്. 2010ന് ശേഷം മാത്രം ആസ്ട്രേലിയ നാട്ടിൽ അഞ്ച് ടെസ്റ്റ് പരമ്പരകൾ തോറ്റിട്ടുണ്ട്. അതിൽ രണ്ടെണ്ണം വീതം ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കുമെതിരാണ്. ഒന്ന് ഇംഗ്ലണ്ടിനെതിരെയും. എന്നാൽ ഇന്ത്യയുടെ ഹോം ടെസ്റ്റ് റെക്കോർഡുകൾ ആരുടെയും കണ്ണുതള്ളിപ്പിക്കുന്നതാണ്.
2000 ആണ്ട് പിറന്നതിന് ശേഷം ഇന്ത്യ രണ്ടേ രണ്ട് പ്രാവശ്യം മാത്രമേ ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര തോറ്റിട്ടുള്ളൂ. 2004ൽ അതിശക്തരായ ഓസീസിനെതിരെയാണ് ആദ്യത്തേത്. പിന്നീടൊന്ന് 2012-13 സീസണിൽ ഇംഗ്ലണ്ടിനെതിരെ. അഥവാ റിക്കിപോണ്ടിങ്ങിന്റെയും സ്റ്റീവോയുടെയും ആസ്ട്രേലിയക്കും ഗ്രെയാം സ്മിത്തിന്റെ ദക്ഷിണാഫ്രിക്കക്കും സാധിക്കാത്ത നേട്ടമാണ് ടോം ലാതമെന്ന ഒരു ഇടക്കാല ക്യാപ്റ്റനും കിവികളും നേടിയിരിക്കുന്നത്.
പൊതുവേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മോശം റെക്കോർഡുള്ള ന്യൂസിലൻഡാണ് ഈ വിജയം നേടിയത് എന്നത് ഇന്ത്യയെ ചിന്തിപ്പിക്കേണ്ടതാണ്.കാരണം ശ്രീലങ്കയോട് 2-0 ത്തിന് തോറ്റാണ് അവർ ഇന്ത്യയിലേക്ക് വരുന്നത്. അതിന് മുമ്പ് ബംഗ്ലാദേശിനോട് സമനിലയിൽ കുരുങ്ങി. ഇന്ത്യയിൽ ഏറ്റവുമൊടുവിൽ അവർ ഒരു ടെസ്റ്റ് ജയിച്ചത് 1988ൽ വാംഖഡെയിലാണ്. ഇന്നത്തെ ഇന്ത്യൻ ടീമിനെ നല്ലൊരു ശതമാനം താരങ്ങളും അന്ന് ജനിച്ചിട്ടുപോലുമില്ല.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യതകൾ ഇനി എങ്ങനെ?
ഒരു ട്വന്റി 20 പരമ്പരയോ ഏകദിനമോ തോൽക്കുന്ന പോലെയല്ല ഒരു ടെസ്റ്റ് പരമ്പരയിലെ തോൽവി. കാരണം അത് ഒരു നിമിഷം കൊണ്ടോ ഒരു ഓവർ കൊണ്ടേ മാറിമറിയുന്ന ഒന്നല്ല. ബാറ്റിങ്ങിന്റെയും ബൗളിങ്ങിന്റെയും ക്യാപ്റ്റൻസിയുടെയുമെല്ലാം ഗുണമേന്മ ടെസ്റ്റ് മത്സരങ്ങൾ അളക്കുന്നുണ്ട്.
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയായിരുന്നു. എതിരാളി ആരാണെന്ന ചോദ്യം മാത്രമായിരുന്നു ആരാധകർക്ക് മുന്നിലുണ്ടായിരുന്നത്. ഏതാണ്ട് ആസ്ട്രേലിയ എതിരാളിയായി വരുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഇന്ത്യൻ മണ്ണിൽ വന്ന് ന്യൂസിലാൻഡ് നേടിയ ഈ രണ്ട് ചരിത്ര ജയങ്ങൾ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ സമവാക്യങ്ങളെ മാറ്റിമറിക്കാൻ പോന്നതാണ്.
ഇന്ത്യക്ക് ഇനി ബാക്കിയുള്ളത്. ആറ് മത്സരങ്ങളാണ്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കണമെങ്കിൽ ഇതിൽ നാലെണ്ണമെങ്കിലും വിജയിക്കണം. പക്ഷേ ഇന്ത്യക്ക് ഇനി ഹോം ഗ്രൗണ്ടിൽ ശേഷിക്കുന്നത് വെറും ഒരു മത്സരമാണ്. ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ടെസ്റ്റ് മാത്രം. പിന്നീടുള്ള അഞ്ചുമത്സരങ്ങൾ ആസ്ട്രേലിയൺ മണ്ണിലാണ്. പോയ രണ്ട് ഓസീസ് പര്യടനത്തിലും കാണിച്ച മഹാജാലം ഇക്കുറിയും ആവർത്തിച്ചാൽ മാത്രമേ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കാണാനാകൂ.
പരമ്പര അടിയറവ് വെച്ചെങ്കിലും നവംബർ 1 മുതൽ മുംബൈ വാംഖഡെയിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് ഇന്ത്യക്ക് നിർണായകമാണ്. കാരണം ഇതിൽ വിജയിച്ചാൽ ഓസീസ് പര്യടനത്തിൽ അഞ്ചു ടെസ്റ്റുകളിൽ മൂന്നെണ്ണമെങ്കിലും വിജയിച്ചാൽ ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാം. പക്ഷേ മുംബൈയിൽ തോറ്റാൽ അത് കാര്യങ്ങളെ സങ്കീർണമാക്കും. അങ്ങനെവന്നാൽ ഓസീസിനെതിരെ ഇന്ത്യക്ക് 4 ടെസ്റ്റുകളെങ്കിലും വിജയിക്കേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ അതൊക്കെ അതിമോഹമാണ്. ഇന്ത്യ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലാൻഡ് എന്നീ അഞ്ചുടീമുകൾക്കും നിലവിൽ ഫൈനൽ പ്രതീക്ഷയുണ്ട്. മറ്റുടീമുകളുടെ ഫലങ്ങൾ കൂടി വിലയിരുത്തിയാകും ഫൈനൽ സ്ളോട്ടുകൾ നിർണയിക്കപ്പെടുക. അതുകൊണ്ടുതന്നെ ഈ വർഷത്തെ ബോർഡർ ഗവാസ്കർ ട്രോഫിക്ക് പതിവിലധികം വീര്യമേറും. ആസ്ട്രേലിയയാകട്ടെ, മറ്റെല്ലാം മാറ്റിവെച്ച് ഇന്ത്യയെ എതിരിടാനുള്ള ഒരുക്കങ്ങളിലാണ്. സ്വന്തം നാട്ടിൽ ഇന്ത്യയോട് തോൽക്കുകയെന്ന നാണക്കേടിന് വിരാമമിടുക എന്നത് അവരുടെ ദീർഘകാല പദ്ധതിയാണ്.
ഇന്ത്യക്ക് ഇത് ‘ടെസ്റ്റ്’ ഡോസ്
ഏകദിനത്തിലും ട്വന്റി 20യിലും ഉള്ള പോലെ സമൃദ്ധമായൊരു ടെസ്റ്റ് ലൈനപ്പ് ഇന്ത്യക്കുണ്ടോ? സൂക്ഷ്മമമായി പരിശോധിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ഓസീസിനും ദക്ഷിണാഫ്രിക്കയും ശ്രീലങ്കക്കുമൊന്നും പോയകാലത്തെ പ്രതാപമില്ലാത്തതിനാൽ ഒരുപരിധി വരെ നമ്മളത് അറിയുന്നില്ല എന്നേയുള്ളൂ. കാലമേറെയായിട്ടും വിരാടും രോഹിതും തന്നെയാണ് ഇന്ത്യയുടെ ബാറ്റിങ്ങിനെ നിർണയിക്കുന്നത്. ഇരുപേരും ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകളെ ബഹുമാനിച്ചുകൊണ്ടുതന്നെ പറയട്ടെ. ഇരുവരും നല്ല കാലം എന്നോ പിന്നിട്ടിരിക്കുന്നു. പ്രത്യേകിച്ചും സ്പിൻ ബൗളിങ്ങിനെതിരെ പോയ കാലത്തെ ആത്മവിശ്വാസത്തിൽ കളിക്കാൻ വിരാടിനാകുന്നില്ല.
പന്തുകളെ ജഡ്ജ് ചെയ്യുന്നതിൽ അദ്ദേഹത്തിന് തെറ്റുന്നു. പുനെ ടെസ്റ്റിൽ ഫുൾടോസിൽ വരെ ബൗൾഡാകുന്നത് നാം കണ്ടതാണ്. 2021 ശേഷം മാത്രം 22 തവണയാണ് ഏഷ്യൻ പിച്ചുകളിൽ കോഹ്ലി സ്പിന്നർമാർക്ക് മുന്നിൽ പുറത്തായത്. അവസാനത്തെ എട്ട് ഇന്നിങ്സുകളിൽ അഞ്ചെണ്ണത്തിലും കോലി 20 റൺസിന് ചുവടെയാണ് സ്കോർ ചെയ്തതത്. രോഹിതിന്റെ കാര്യവും സമാനം തന്നെ. 6, 5,23, 8 എന്നിങ്ങനെയാണ് അദ്ദേഹം ബംഗ്ലാദേശിനെതിരെ നേടിയ സ്കോറുകൾ. ന്യൂസിലൻഡിനെതിരെ ആദ്യ ടെസ്റ്റിൽ നേടിയ 52 മാറ്റിനിർത്തിയാൽ 2, 0, 8 എന്നിങ്ങനെയായിരുന്നു രോഹിതിറെ മറ്റു സ്കോറുകൾ. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇവരെ മാറ്റിനിർത്താനും പകരക്കാരെ കണ്ടെത്താനും ഇനിയുമായിട്ടില്ല. കൂടാതെ ആഭ്യന്തര ക്രിക്കറ്റിൽ ഒട്ടും ബാറ്റ് ചെയ്യാത്തതും ഇവരുടെ പരാജയകാരണമായി പറയുന്നുണ്ട്.
കെഎൽ രാഹുലിന്റെ ഗ്രാഫ് അടിക്കടി താഴോട്ടാണ്. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർസ്റ്റാറാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന രാഹുൽ ഒരുഫോർമാറ്റിലും വിശ്വസിക്കാൻ കൊള്ളാത്തവനായി മാറിയിരിക്കുന്നു. ഷോട്ടുകളുടെ കൂമ്പാരം തന്നെ കൈയ്യിലുണ്ടായിട്ടും അദ്ദേഹത്തിന്റെ പതനം പ്രത്യേകം ചർച്ച ചെയ്യേണ്ടതാണ്. കൂടാതെ ബുംറക്ക് ഒത്ത ഒരു പേസ് ബൗളിങ് പാർട്ണറുടെ അഭാവവും ഉണ്ട്. ഷമി നിരന്തരം പരിക്കിലാണ്. മിന്നലാട്ടങ്ങൾക്കപ്പുറത്ത് സിറാജ് വിശ്വസിക്കാൻ കൊളളുന്നവനായി ഇനിയും മാറിയിട്ടില്ല.
സ്പിൻ ഡിപ്പാർട്ട്മെന്റിലേക്ക് വന്നാൽ പോയ പതിറ്റാണ്ടിലെ ഇന്ത്യൻ തേരോട്ടങ്ങളിൽ നട്ടെല്ലായിരുന്ന അശ്വിന് 38 വയസ്സ് പിന്നിടിരിക്കുന്നു. രവീന്ദ്ര ജദേജക്ക് ഡിസംബറിൽ 36 തികയും. പകരക്കാരെ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഋഷഭ് പന്തും സർഫറാസ് ഖാനും പ്രതീക്ഷയായുണ്ടെന്നത് വിസ്മരിക്കുന്നില്ല.
ഈ സീരീസിൽ ഇന്ത്യക്ക് പറ്റിയ മറ്റൊരു പ്രധാന പാളിച്ച ടീം തീരുമാനങ്ങളിലായിരുന്നു. പ്രത്യേകിച്ചും ആദ്യത്തെ ബെംഗളൂരു ടെസ്റ്റിൽ പിച്ചിനെ മനസ്സിലാക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. ബൗളിങ്ങ് പിച്ചിൽ ബാറ്റിങ് തിരഞ്ഞെടുത്തതും പേസ് ബൗളിങ്ങിനെ തുണക്കുന്ന പിച്ചിൽ മൂന്ന് സ്പിന്നർമാരുമായി ഇറങ്ങിയതും ദുരന്തമായി. ന്യൂബോളിലെയും സ്പിന്നർമാർക്കെതിരെയുമുള്ള ഷോട്ട് സെലക്ഷനും വിനയായി. 37 പിന്നിട്ട രോഹിതിന് പകരക്കാരനായി ഒരു ടെസ്റ്റ് ക്യാപ്റ്റനെ വളർത്തേിയെടുക്കേണ്ട സമയമായിരിക്കുന്നു.
ക്രിക്കറ്റ് പോലൊരു കളിയിൽ പരിശീലകന് അത്രവലിയ റോളൊന്നും ഇല്ല എന്നറിയാം. പക്ഷേ ബംഗ്ലദേശിനെതിരെ ടെസ്റ്റിലും ട്വന്റി 20യിലും ഇന്ത്യ തകർപ്പൻ വിജയങ്ങൾ നേടുമ്പോൾ അതിന്റെ പ്രശംസകളിൽ ഏറെയും കിട്ടിയത് കോച്ച് ഗൗതം ഗംഭീറിനായിരുന്നു. ഇംഗ്ലണ്ടിന്റെ ബാസ്ബോൾ പോലെ ഗാംബാളെന്നും ഗംഭീരതുടക്കമെന്നൊക്കെയാണ് വിശേഷിക്കപ്പെട്ടിരുന്നത്. അങ്ങനെയെങ്കിൽ സ്വന്തം മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര തോൽക്കുക എന്ന ഇന്ത്യൻ ക്രിക്കറ്റിലെ ഈ നാണക്കേടിന്റെ പാപഭാരം കൂടി ഗംഭീറിന് ചാർത്തിക്കൊടുക്കണം. കൂടാതെ പ്രതാപകാലത്തിന്റെ അടുത്തുപോലുമില്ലാത്ത ശ്രീലങ്കക്കെതിരെ പതിറ്റാണ്ടുകൾക്ക് ശേഷമൊരു ഏകദിന പരമ്പര തോറ്റതിന്റെ അപമാനം വേറെയുമുണ്ട് .
ഒരു പരമ്പരകൊണ്ട് മാത്രം ഇന്ത്യൻ ക്രിക്കറ്റിന്റെ വിധികുറിക്കുകയാണെന്ന് കരുതരുത്. ടെസ്റ്റ് ക്രിക്കറ്റിൽ ടീം ബിൽഡപ്പിലും സെലക്ഷനിലും ഇന്ത്യക്ക് ഒരുപാട് ചിന്തിക്കാനുണ്ടെന്ന് ഓർമപ്പെടുത്തുന്നുവെന്ന് മാത്രം.
Adjust Story Font
16