പത്തും വീഴ്ത്തി ഇന്ത്യയുടെ പേസ് പട; ഇതാദ്യം
ടി20 ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയുടെ പേസ് നിര ഇന്നിങ്‌സിലെ പത്ത് വിക്കറ്റുകളും വീഴ്ത്തുന്നത്
ദുബൈ: ഏഷ്യാകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ അപൂർവ നേട്ടവുമായി ഇന്ത്യയുടെ പേസ് ബൗളർമാർ. മത്സരത്തിലെ പത്ത് വിക്കറ്റുകളും വീഴ്ത്തിയത് പേസർമാരായിരുന്നു. ടി20 ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയുടെ പേസ് നിര ഇന്നിങ്‌സിലെ പത്ത് വിക്കറ്റുകളും വീഴ്ത്തുന്നത്. അക്ഷരാർത്ഥത്തിൽ പാകിസ്താനെ ഞെട്ടിച്ച പ്രകടനമായിരുന്നു ഇന്ത്യയുടെ പേസ് ബൗളർമാരുടെത്.
ഒരു ഘട്ടത്തിലും അവരെ നിലയുറപ്പിക്കാൻ പേസർമാർ അനുവദിച്ചില്ല. കൂട്ടുകെട്ടിലേക്ക് നീങ്ങുന്നു എന്ന നിലയിലെത്തിയപ്പോഴൊക്കെ പേസർമാർ ഇന്ത്യക്ക് വിക്കറ്റ് സമ്മാനിച്ചു. ഭുവനേശ്വർ കുമാറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. അതും സമീപകാലത്ത് മികച്ച ഫോമിലുള്ള നായകൻ ബാബർ അസമിനെ മടക്കി. 9 പന്തിൽ 10 റൺസുമായായിരുന്നു ബാബറിന്റെ മടക്കം. നാല് ഓവറിൽ 26 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് ഭുവനേശ്വർകുമാർ വീഴ്ത്തിയത്. ബാബറിന് പുറമെ മിഡിൽ ഓർഡറിലും വാലറ്റത്തും ഭുവനേശ്വർ പ്രഹരമേൽപ്പിച്ചു.
ശദബ് ഖാൻ, ആസിഫ് അലി, നസീം ഷാ എന്നിവരാണ് ഭുവിക്ക് മുന്നിൽ വീണത്. ഹർദിക് പാണ്ഡ്യയും പന്ത് കൊണ്ട് അത്ഭുതം തീർത്തു. 25 റൺസ് വിട്ടുകൊടുത്തു മൂന്ന് വിക്കറ്റുകളാണ് ഹാർദിക് സ്വന്തം പേരിലാക്കിയത്. ഇതിൽ ശ്രദ്ധേയം ഇഫ്തികാർ അഹമ്മദിന്റെ വിക്കറ്റായിരുന്നു. റിസ് വാനുമൊത്ത് റൺസ് പടുത്തുയർത്തുന്നതിനിടെയാണ് ഇഫ്തികാറിനെ ഹർദിക് മടക്കുന്നത്. അതോടെ പാകിസ്താൻ 87ന് മൂന്ന് എന്ന നിലയിലേക്ക് വീണു. പാകിസ്താന്റെ മിഡിൽ ഓർഡറിനെ കശക്കിയതും ഹർദികായിരുന്നു.
പാക് നിരയിലെ ടോപ് സ്‌കോറർ റിസ്‌വാനെ മടക്കിയതും ഹാർദിക് ആയിരുന്നു. അർഷദീപ് സിങ് രണ്ടും ആവേശ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി പിന്തുണകൊടുത്തു. ചരിത്രത്തിലാദ്യമായി പേസർമാർ പത്തു വിക്കറ്റും വീഴ്ത്തിയതോടെ പാകിസ്താന് നേടാനായത് 19.5 ഓവറിൽ 147 റൺസ്. മറുപടി ബാറ്റിങിൽ ഇന്ത്യ രണ്ട് പന്തുകൾ ബാക്കിയാക്കി ലക്ഷ്യം മറികടന്നു. അഞ്ച് ഇന്ത്യൻ വിക്കറ്റുകളെ പാകിസ്താന് വീഴ്ത്താനായുള്ളൂ.
Adjust Story Font
16