റൺമെഷീനായി മില്ലറും ഡ്യൂസനും, ആവേശക്കളിയിൽ ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് തുടർവിജയ ലോകറെക്കോർഡ് നഷ്ടം
ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് ടി20യിൽ ഏറ്റവും കൂടുതൽ തുടർവിജയം നേടിയ റെക്കോർഡ് ലഭിക്കുമായിരുന്നു
ന്യൂഡൽഹി: ആവേശക്കളിയിൽ ദക്ഷിണാഫ്രിക്ക വിജയിച്ചതോടെ തുടർച്ചയായി 13ാം ടി20 വിജയവും ലോക റെക്കോർഡും ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് നിരാശ. ഇന്ത്യ നേടിയ 212 റൺസ് വിജയലക്ഷ്യം ഡേവിഡ് മില്ലറുടെയും ഡ്യൂസന്റെയും മികവിൽ 19.1 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ റൺചേസിങാണിത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് ടി20യിൽ ഏറ്റവും കൂടുതൽ തുടർവിജയം നേടിയ റെക്കോർഡ് ലഭിക്കുമായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ പരാജയപ്പെട്ട ശേഷം തുടർച്ചയായ 12 വിജയങ്ങളാണ് ടി20 ക്രിക്കറ്റിൽ ടീം ഇന്ത്യ നേടിയിരുന്നത്. സ്വന്തം നാട്ടിൽ കൂടുതൽ ടി20 വിജയമെന്ന (41) ന്യൂസിലാൻഡിന്റെ റെക്കോർഡിനൊപ്പം എത്താനും വിജയം ടീം ഇന്ത്യക്ക് അവസരം നൽകുമായിരുന്നു.
ദക്ഷിണാഫ്രിക്കയുടെ ഓപ്പണർമാരായ ഡികോക്കിനെയും(22) ബാവുമയെയും(10) അധികം വൈകാതെ പുറത്താക്കിയാണ് ഇന്ത്യ ബോളിങ് തുടങ്ങിയത്. വൺഡൗണായെത്തിയ പ്രിട്ടോറിയസ് ഹാർദികനെ കശക്കിയെങ്കിലും ഹർഷൽ പട്ടേലിന്റെ ഫുൾടോസ് ബോളിൽ ബൗൾഡായി. എന്നാൽ പിന്നീടെത്തിയ റസ്സീ വാൻ ഡെർ ഡ്യൂസനും ഡേവിഡ് മില്ലറും തകർത്തടിച്ച് ടീമിനെ വിജയിപ്പിക്കുകയായിരുന്നു. ഡ്യൂസൻ 45 പന്തിൽ 75 റൺസും മില്ലർ 31 പന്തിൽ 64 റൺസും നേടി.
ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അക്‌സർ പട്ടേൽ എന്നിവർ ഇന്ത്യക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എന്നാൽ നാലോവർ എറിഞ്ഞ ആവേശ് ഖാന് വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ട് ഓവർ എറിഞ്ഞ ഐപിഎൽ വിക്കറ്റ് വേട്ടക്കാരൻ ചഹലിനും ഒരു ഓവർ എറിഞ്ഞ ഹാർദികിനും വിക്കറ്റ് നേടാനായില്ല. ന്യൂഡൽഹി അരുൺ ജയറ്റ്‌ലി സ്‌റ്റേഡിയത്തിലെ ഏറ്റവും വലിയ ടി20 ടോട്ടൽ നേടിയിട്ടും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
ഓപ്പണർ ഇഷാൻ കിഷൻ അടിച്ചു തകർത്ത് കളിച്ചതോടെയാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 211 റൺസ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഓപ്പണർമാരായ ഇഷാനും റിതുരാജ് ഗെയ്ക്ക്വാദും അർധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് വേർപിരിഞ്ഞത്.
15 പന്തിൽ മൂന്നു സിക്സടക്കം 23 റൺസ് നേടിയ റിതുരാജ് വെയ്ൻ പാർനലിന്റെ പന്തിൽ ബാവുമക്ക് ക്യാച്ച് നൽകി പുറത്തായി. എന്നാൽ ഇഷാൻ കിഷന്റെ ദിവസമായിരുന്നു ഇന്ന്. 48 പന്തിൽ 11 ഫോറും മൂന്നു സിക്സുമടക്കം 76 റൺസാണ് താരം വാരിക്കൂട്ടിയത്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജിന്റെ മൂന്നാം ഓവറിൽ ആദ്യ രണ്ടു പന്തുകളിൽ താരം സിക്സർ പറത്തി. പിന്നീട് രണ്ടും ഫോർ. അടുത്ത പന്തിൽ അമ്പയർ എൽബിഡബ്യൂ വിളിച്ചെങ്കിലും റിവ്യൂയിൽ ബാറ്റിൽ പന്ത് കൊണ്ടത് കണ്ടെത്തി തീരുമാനം തിരുത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ ഇഷാന്റെ ഷോട്ട് സ്റ്റബ്സിന്റെ കൈകളിൽ വിശ്രമിച്ചു.
ഇഷാൻ 158 ഉം റിതുരാജ് 153 ഉം സ്ട്രൈക്ക് റൈറ്റോടെയാണ് ഇന്ന് ബാറ്റേന്തിയത്. വൺഡൗണായെത്തിയ ശ്രേയസ്സ് അയ്യർ 27 പന്തിൽ 36 റൺസ് നേടി ഡ്വെയ്ൻ പ്രട്ടോറിയസിന്റെ പന്തിൽ ബൗൾഡായി. എന്നാൽ പിന്നീട് ക്യാപ്റ്റൻ റിഷബ് പന്തും ഐപിഎൽ വിജയ നായകൻ ഹാർദിക് പാണ്ഡ്യയും ആറാടിയതോടെ ടീം സ്‌കോർ 200 കടന്നു. പക്ഷേ നോർജെ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ വാൻ ഡെർ ഡ്യൂസൻ പിടിച്ച് പന്ത് പുറത്തായി. 16 പന്തിൽ 29 റൺസാണ് പന്ത് നേടിയത്. രണ്ടു വീതം ഫോറും സിക്സുമാണ് നായകൻ അടിച്ചത്. ഹാർദിക് പാണ്ഡ്യ 12 പന്തിൽ 31 റൺസ് വാരിക്കൂട്ടി. രണ്ടു ഫോറും മൂന്നു സിക്സറും സഹിതമായിരുന്നു ടീമിന്റെ ഉപനായകന്റെ റൺവേട്ട. ക്യാപ്റ്റൻ പുറത്തായ ശേഷമിറങ്ങിയത് ഐപിഎലിൽ ബാംഗ്ലൂരിനായി മിന്നും പ്രകടനം നടത്തിയ ദിനേഷ് കാർത്തികാണ്. രണ്ടു പന്ത് മാത്രം ലഭിച്ച ഡികെക്ക് ഒരു റൺ മാത്രമാണ് നേടാനായത്.
ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ്, നോർജെ, പാർനെൽ, പ്രിട്ടോറിയസ് എന്നിവർ ഓരോ വിക്കറ്റ് നേടി. നാലു ഓവർ എറിഞ്ഞ കഗിസോ റബാദക്ക് വിക്കറ്റൊന്നും കിട്ടിയില്ല. 35 റൺസാണ് താരം വിട്ടുകൊടുത്തത്. രണ്ട് ഓവർ എറിഞ്ഞ തബ്രിസ് ശംസിക്കും വിക്കറ്റ് കിട്ടിയില്ല. അഞ്ചു ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
Adjust Story Font
16