Quantcast

തിരിച്ചുവരവിനൊരുങ്ങി ഇന്ത്യ: ജയിച്ച് 'രക്ഷപ്പെടാൻ' ന്യൂസിലാൻഡ്, രണ്ടാം ടി20 ഇന്ന്

രണ്ടാം മത്സരവും ജയിച്ച് പരമ്പര പോക്കറ്റിലാക്കാന്‍ ന്യൂസീലന്‍ഡിറങ്ങുമ്പോള്‍ പരമ്പരയില്‍ ഒപ്പമെത്താനുറച്ചാവും ഇന്ത്യയിറങ്ങുക. വൈകീട്ട് 7 മണിക്കാണ് മത്സരം.

MediaOne Logo

Web Desk

  • Updated:

    2023-01-29 02:37:41.0

Published:

29 Jan 2023 2:33 AM GMT

തിരിച്ചുവരവിനൊരുങ്ങി ഇന്ത്യ: ജയിച്ച് രക്ഷപ്പെടാൻ ന്യൂസിലാൻഡ്, രണ്ടാം ടി20 ഇന്ന്
X

ടി20 പരമ്പര വിജയിക്കുള്ള ട്രോഫിയുമായി ന്യൂസിലാന്‍ഡിന്റെയും ഇന്ത്യയുടെ നായകന്മാര്‍

ലക്‌നൗ: ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20 ഇന്ന് ലക്‌നൗവില്‍ നടക്കും. ആദ്യ മത്സരം തോറ്റതിനാല്‍ ഇന്ത്യക്ക് ഇന്ന് ജയിക്കണം. 21 റണ്‍സിനായിരുന്നു ന്യൂസിലാന്‍ഡിന്റെ ജയം. രണ്ടാം മത്സരവും ജയിച്ച് പരമ്പര പോക്കറ്റിലാക്കാന്‍ ന്യൂസിലന്‍ഡിറങ്ങുമ്പോള്‍ പരമ്പരയില്‍ ഒപ്പമെത്താനുറച്ചാവും ഇന്ത്യയിറങ്ങുക. വൈകീട്ട് 7 മണിക്കാണ് മത്സരം.

ലക്‌നൗവിലെ പിച്ച് തുടക്കത്തില്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമാകും. കളിയുടെ പിന്നീടുള്ള ഘട്ടങ്ങളില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ചില സഹായം കണ്ടെത്തിയേക്കാം, അതേസമയം മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ ഉപയോഗപ്രദമാകും. ഈ വിക്കറ്റിലെ ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 172 റണ്‍സാണ്. ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഇവിടെ 199 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ഇവിടെ മികച്ച റെക്കോര്‍ഡുകളില്ല.

സ്പിന്നര്‍മാരെ നേരിടുന്നതില്‍ പിറകിലുള്ള ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഒരു സ്പിന്നറെ അധികമായി കളിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങിനെയെങ്കില്‍ ഉമ്രാന്‍ മാലിക്കിന് പകരം യുസ്വേന്ദ്ര ചാഹല്‍ എത്തും. ആദ്യ കളിയില്‍ നിറംമങ്ങിയ അര്‍ഷ്ദീപ് സിങ്ങിനെകളിപ്പിക്കുമോ എന്നത് സംശയമാണ്. ഈ സാഹചര്യത്തില്‍ പേസ് നിരയുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതായുണ്ട്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന പേസ് ബൗളര്‍ മുകേഷ് കുമാര്‍ മാത്രമാണ്. താരം ഇതുവരെ അരങ്ങേറിയിട്ടില്ല. പരീക്ഷണമെന്ന നിലയില്‍ ഇന്ത്യക്ക് മുകേഷിനെ പരിഗണിക്കാവുന്നതാണ്.

ആദ്യ മത്സരത്തിലേതുപോലെ തന്നെ രണ്ടാം മത്സരത്തിലും സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. ലഖ്‌നൗവിലെ പിച്ച് സ്പിന്നിനെ തുണക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യ മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും മികവ് കാട്ടിയിരുന്നു. പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയില്‍ ദീപക് ഹൂഡയും തിളങ്ങി. അതേസമയം ഏകദിനത്തില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയതിനാല്‍ ടി20 പരമ്പര ജയിച്ച് രക്ഷപ്പെടാനാണ് ന്യൂസിലാന്‍ഡ് ശ്രമിക്കുന്നത്.

TAGS :

Next Story