Quantcast

ശ്രേയസ് - പന്ത് ഷോ; ഇന്ത്യക്ക് കൂറ്റൻ ലീഡ്

രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

MediaOne Logo

Sports Desk

  • Updated:

    2022-03-13 17:55:46.0

Published:

13 March 2022 4:14 PM GMT

ശ്രേയസ് - പന്ത് ഷോ; ഇന്ത്യക്ക് കൂറ്റൻ ലീഡ്
X

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. രണ്ടാം ഇന്നിംഗ്‌സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 303 റൺസടുത്ത് ഡിക്ലയർ ചെയ്തതോടെ ഇന്ത്യൻ ലീഡ് 400 കടന്നു. 447 റണ്‍സെന്ന ബാലികേറാമലയാണ് രണ്ടാമിന്നിംഗ്സില്‍ ലങ്കക്ക് മുന്നിലുള്ളത്. അര്‍ധ സെഞ്ച്വറി നേടിയ റിഷഭ് പന്തിന്‍റേയും ശ്രേയസ് അയ്യരുടേയും മികവിലാണ് ഇന്ത്യ സ്‌കോർ 300 കടത്തിയത്. വെറും 28 പന്തിൽ നിന്ന് രണ്ട് സിക്‌സുകളുടേയും ഏഴ് ഫോറുകളുടേയും മികവിലാണ് പന്ത് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്.ഒരിന്ത്യക്കാരന്‍റെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയാണിത്. മുമ്പ് 30 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി തികച്ച കപില്‍ ദേവിന്‍റെ പേരിലായിരുന്നു വേഗതയേറിയ അര്‍ധസെഞ്ച്വറിയുടെ റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് പന്ത് പഴങ്കഥയാക്കിയത്.

ഏഴ് ബൗണ്ടറികളുടെ അകമ്പടിയില്‍ ശ്രേയസ് അയ്യര്‍ 87 പന്തില്‍ നിന്ന് 67 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 446 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ ലക്ഷ്യമാക്കിയിറങ്ങിയ ശ്രീലങ്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാത്ത ലഹെരു തിരുമന്നെയെ ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 28 റണ്‍സ് എടുത്തിട്ടുണ്ട്. 16 റണ്‍സുമായി കുശാല്‍ മെന്‍ഡിസും 10 റണ്‍സുമായി കരുണരത്നെയുമാണ് ക്രീസില്‍.

അഞ്ച് വിക്കറ്റ് നേടിയ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ മികവില്‍ ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്കയെ 109 റണ്‍സിന് കൂടാരം കയറ്റിയ ശേഷം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് ശര്‍മ 48 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മായങ്ക് അഗര്‍വാള്‍ 22 റണ്‍സെടുത്ത് പുറത്തായി. 13 റണ്‍സെടുത്ത് പുറത്തായ വിരാട് കോഹ്‍ലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഹനുമ വിഹാരി 35 റണ്‍സെടുത്ത് പുറത്തായി. ശ്രീലങ്കക്കായി പ്രവീണ്‍ ജയവിക്രമ നാല് വിക്കറ്റ് വീഴ്ത്തി.


TAGS :

Next Story