ആദ്യമായി ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് കളിക്കാൻ ഇന്ത്യ; പുരുഷ -വനിത ടീമുകളെ അയക്കാൻ ബിസിസിഐ തീരുമാനം
മുമ്പ് 2010, 2014 വർഷങ്ങളിലെ ഗെയിംസിൽ ക്രിക്കറ്റുണ്ടായിരുന്നുവെങ്കിലും ഇന്ത്യ പങ്കെടുത്തിരുന്നില്ല
മുംബൈ: ആദ്യമായി ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് കളിക്കാൻ ഇന്ത്യയുടെ പുരുഷവനിതാ ടീമുകൾക്ക് ബിസിസിഐ അനുമതി നൽകി. വെള്ളിയാഴ്ച ചേർന്ന 19ാമത് കൗൺസിൽ മീറ്റിംഗിലാണ് സുപ്രധാന തീരുമാനം. 2023ലെ ഏഷ്യൻ ഗെയിംസ് സെപ്തംബർ-ഒക്‌ടോബർ മാസങ്ങളിലായി ചൈനയിലെ ഹാങ്ഷൗവിലാണ് നടക്കുക. ഇതിന് മുമ്പ് 2010, 2014 വർഷങ്ങളിലെ ഗെയിംസിൽ ക്രിക്കറ്റുണ്ടായിരുന്നുവെങ്കിലും ഇന്ത്യ പങ്കെടുത്തിരുന്നില്ല. ഈ വർഷങ്ങളിലേത് പോലെ തന്നെ ഇക്കുറിയും ടി20 ഫോർമാറ്റിലാണ് ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക.
ഇന്ത്യയിൽ നടക്കുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പ് ഒക്‌ടോബർ അഞ്ചിന് തുടങ്ങി ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് അവസാനിക്കുക. ഏഷ്യൻ ഗെയിംസിലെ പുരുഷ ടീമിന്റെ രണ്ടാം നിരയെയും വനിത ടീമിന്റെ ആദ്യ നിരയെയുമായിരിക്കും ബിസിസിഐ അയക്കുക. 2010 ൽ ബംഗ്ലാദേശും 2014 ൽ ശ്രീലങ്കയുമാണ് ഗെയിംസിലെ പുരുഷ ക്രിക്കറ്റ് ഗോൾഡ് മെഡൽ ജേതാക്കൾ. വനിത ക്രിക്കറ്റിൽ രണ്ടു വട്ടവും പാകിസ്താനായിരുന്നു വിജയികൾ.
അതേസമയം, വിരമിച്ച ഇന്ത്യൻ താരങ്ങൾ വിദേശ ലീഗിൽ കളിക്കുന്നതിനെ കുറിച്ചും ബിസിസിഐ യോഗം ചർച്ച ചെയ്തു. ഇന്ത്യൻ കളിക്കാർക്കായി (വിരമിച്ചവർ ഉൾപ്പെടെ) വിദേശ ടി20 ലീഗുകളിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് നയം രൂപീകരിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ പ്രിമീയർ ലീഗിന്റെ പിന്തുണയോടെയും അല്ലാതെയും നിരവധി വിദേശ ക്രിക്കറ്റ് ലീഗുകൾ ആരംഭിച്ചതോടെയാണ് തീരുമാനം. ഐപിഎല്ലിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാതെ വിദേശ ലീഗുകളിൽ കളിക്കാൻ തങ്ങളുടെ താരങ്ങൾക്ക് ബിസിസിഐ അനുമതി നൽകുന്നില്ല.
സ്‌റ്റേഡിയം നവീകരണം
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് വേദികളുടെയും ലോകകപ്പ് നടക്കാത്ത സ്‌റ്റേഡിയങ്ങളുടെയും നവീകരണം സംബന്ധിച്ചും ബിസിസിഐ തീരുമാനമെടുത്തു. രണ്ടു ഘട്ടങ്ങളിലായാണ് നവീകരണം നടക്കുക. ആദ്യ ഘട്ടത്തിൽ ലോകകപ്പ് വേദികളാണ് നവീകരിക്കുക. ഇത് ടൂർണമെൻറിന് മുമ്പായി പൂർത്തിയാകും. രണ്ടാം ഘട്ടത്തിൽ ലോകകപ്പിന് വേദിയാകാത്ത സ്‌റ്റേഡിയങ്ങളാണ് നവീകരിക്കുക. അത് പിന്നീടാണ് നടക്കുക.
ഒക്‌ടോബർ അഞ്ചിനാണ് ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നത്. ആദ്യ മത്സരത്തിൽ അഹമ്മദാബാദിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടും. ഒക്‌ടോബർ എട്ടിന് ചെന്നൈയിൽ വെച്ച് ആസ്‌ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്‌ടോബർ 15ന് പാകിസ്താനെ അഹമ്മദാബാദിൽ വെച്ച് ഇന്ത്യ നേരിടും. അഹമ്മദാബാദിനും ചെന്നൈക്കും പുറമേ ധർമശാല, ഡൽഹി, ലഖ്‌നൗ, പൂനെ, ബംഗളൂരൂ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലും ലോകകപ്പ് മത്സരങ്ങൾ നടക്കും.
India to play cricket in Asian Games for the first time; BCCI decides to send men's and women's teams
Adjust Story Font
16