ഓപ്പണിങ് റോളിൽ തിരിച്ചെത്താൻ രോഹിത്; ഗാബ ടെസ്റ്റിൽ നിർണായക മാറ്റത്തിന് ടീം ഇന്ത്യ
അഡ്‌ലെയ്ഡ് ടെസ്റ്റിൽ പരിക്ക്മൂലം കളിക്കാതിരുന്ന ഓസീസ് പേസർ ഹേസൽ വുഡ് മൂന്നാം ടെസ്റ്റിൽ മടങ്ങിയെത്തും
ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ പലരുടേയും കരിയറിന്റെ അവസാനകാലം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു... ബാറ്റിനും പാഡിനുമിടയിലുള്ള നിരന്തര പിഴവുകൾ അവരെ വേട്ടയാടിക്കൊണ്ടേയിരുന്നു. കഠിന പരിശീലനത്തിലൂടെ ചിലർ കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചെത്തിയപ്പോൾ മറ്റുചിലർ നിരാശയോടെ മൈതാനത്തോട് വിട പറഞ്ഞു. സമാനമായൊരു സാഹചര്യമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയും അഭിമുഖീകരിക്കുന്നത്. ആദ്യ പന്തുമുതൽ യാതൊരു ദാക്ഷണ്യവുമില്ലാതെ അടിച്ചുപറത്തി ബൗളർമാരുടെ കോൺഫിഡൻസ് കളയുന്ന ആ വലംകൈയ്യൻ ബാറ്റർക്ക് എന്താണ് സംഭവിച്ചത്.
ആത്മവിശ്വാസം നഷ്ടപ്പെട്ടത് പോലെ നിരന്തരം തലതാഴ്ത്തി മടങ്ങുന്ന ഹിറ്റ്മാന്റെ ദൃശ്യങ്ങൾ ഏതൊരു ഇന്ത്യൻ ആരാധകനേയും നിരാശപ്പെടുത്തുന്നതാണ്. ഓപ്പണിങ് സ്ഥാനം കൈയൊഴിഞ്ഞ് ആറാമനായി ക്രീസിലിറങ്ങിയ രോഹിതിന് അഡലെയ്ഡ് ടെസ്റ്റിൽ രണ്ടിന്നിങ്‌സിലും നിലയുറപ്പിക്കാനായില്ല. 23 പന്ത് നേരിട്ട് മൂന്ന് റൺസെടുത്ത താരം ആദ്യ ഇന്നിങ്‌സിൽ കൂടാരം കയറി. രണ്ടാം ഇന്നിങ്‌സിൽ സ്ഥിതി ഇതിലും ദയനീയമായിരുന്നു. 15 പന്തിൽ ആറു റൺസെടുത്ത ഇന്ത്യൻ ക്യാപ്റ്റനെ പാറ്റ് കമ്മിൻസ് ക്ലീൻബൗൾഡാക്കി. അയാളുടെ ബാറ്റിങ്ങിലെ ബലഹീനതകളെ മുഴുവൻ തുറന്നുകാട്ടുന്നതായിരുന്നു ആ പുറത്താകൽ. അവസാന 12 ടെസ്റ്റ് ഇന്നിങ്‌സിൽ നിന്നായി 142 റൺസാണ് രോഹിതിന്റെ സമ്പാദ്യം. ബാറ്റിങ് ശരാശരി 11.83. ഉയർന്ന സ്‌കോർ 52. ഈ വർഷത്തെ റെഡ്‌ബോൾ പ്രകടനം വിലയിരുത്തിയാലും അത്രക്ക് ആശാവഹമല്ല കാര്യങ്ങൾ. 2024ൽ 12 ടെസ്റ്റിലെ 23 ഇന്നിങ്‌സുകളിൽ നിന്നായി 597 റൺസാണ് നേടാനായത്. ശരാശരി 27.13. ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ഹിറ്റ്മാന്റെ ടെസ്റ്റിലെ ക്യാപ്റ്റൻസിയും ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു.
പെർത്തിൽ നിന്ന് അഡ്‌ലെയ്ഡിലെത്തിയ ഇന്ത്യക്ക് ഫീൽഡിങിലും ബൗളിങ് ചെയ്ഞ്ച് വരുത്തുന്നതിലുമടക്കം തൊട്ടതെല്ലാം പിഴച്ചു. പെർത്ത് ടെസ്റ്റിലുടനീളം ഇന്ത്യ മൈതാനത്ത് പുലർത്തിയ അഗ്രഷനും രണ്ടാം ടെസ്റ്റിന് മുൻപ് എവിടെയോ നഷ്ടമായി. വിരാട് കോഹ്ലിയെ പുറത്താക്കാൻ എതിരാളികൾ തന്ത്രം മെനയുന്നതുപോലെ എന്തുകൊണ്ട് ഇന്ത്യക്ക് ട്രാവിസ് ഹെഡിന്റെ ദൗർബല്യങ്ങൾ കണ്ടുപിടിക്കാനാവുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് അടക്കമുള്ളവർ ചോദിച്ചു. പെർത്തിൽ ബുമ്രയുടെ കീഴിൽ ബൗളർമാർ പന്തെറിഞ്ഞ രീതി അഡ്ലെയ്ഡിൽ രോഹിത് ശർമയ്ക്ക് കീഴിൽ കളിച്ചതിനേക്കാൾ മികച്ചതായിരുന്നുവെന്ന് മുൻ ഓസീസ് താരം സൈമൺ കാറ്റിച്ച് അഭിപ്രായപ്പെട്ടു. ബുംറയടക്കമുള്ള താരങ്ങൾക്ക് ഓവർ നൽകുന്നതിൽ രോഹിതിന് പിഴവ് സംഭവിച്ചെന്നും കാറ്റിച്ച് കൂട്ടിച്ചേർത്തു.
ഇനി ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നിർണായകമായ മൂന്നാം ടെസ്റ്റ്. രാപകൽ അങ്കത്തിന് ശേഷം പകൽപൂരത്തിന് നാളെ ബ്രിസ്‌ബേനിലെ ഗാബയിൽ തുടക്കമാകുമ്പോൾ എല്ലാ കണ്ണുകളും രോഹിതിലേക്കാണ് നീളുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും ശക്തമായ കംബാകുക്കൾ നടത്തിയിട്ടുള്ള ഈ മുംബൈക്കാരന് വിഖ്യാത ഗാബ മൈതാനത്തൊരു തിരിച്ചുവരവുണ്ടാകുമോ. ഗാബയിലെ നിറഞ്ഞ ഗ്യാലറിയിൽ ഇന്ത്യൻ ആരാധകർ കാണാൻ ആഗ്രഹിക്കുന്നതും 37 കാരന്റെ ബാറ്റിങ് വിസ്‌ഫോടനമാണ്. മുൻ താരങ്ങളടക്കം രോഹിതിനെതിരെ വിമർശന ശരങ്ങൾ ഉയർത്തുമ്പോഴും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ് രോഹിതിനെ പിന്തുണച്ചാണ് രംഗത്തെത്തിയത്. ''എല്ലാവർക്കും നല്ലതും മോശവുമായ സമയങ്ങളുണ്ടാകും. അയാൾക്ക് തെളിയിക്കാൻ ഒറ്റ ഇന്നിങ്‌സ് മതി. ഇതിന് പ്രാപ്തനായ താരമാണ് ഇപ്പോഴും രോഹിത്. അവൻ തിരിച്ചുവരും''. -കപിൽ ദേവ് പ്രതീക്ഷ പങ്കുവക്കുന്നു.
എന്നാൽ ഗാബയിൽ ഓസീസിനെ മറിച്ചിടുകയെന്നത് ഇന്ത്യക്ക് ഒട്ടും എളുപ്പമാകില്ല. മിച്ചൽ സ്റ്റാർക്കും നേഥൻ ലിയോണും പാറ്റ് കമ്മിൻസും അണിനിരക്കുന്ന ബോളിങ് നിര അവിടെത്തന്നെയുണ്ട്. അഡലെയ്ഡിൽ പരിക്ക് കാരണം പുറത്തിരുന്ന ജോഷ് ഹേസൽ വുഡ് കൂടി എത്തുന്നതോടെ കങ്കാരുക്കളുടെ ബോളിങ് ഡിപ്പാർട്ട്മെൻറ് ഡബിൾ സ്ട്രോങ്ങാവും . ബാറ്റിങിൽ സ്റ്റീവൻ സ്മിത്തിന്റെ ഫോമാണ് ആതിഥേയരെ അലട്ടുന്ന പ്രധാന വെല്ലുവിളി. മാർനസ് ലബുഷെയ്നെയും -ട്രാവിസ് ഹെഡിനെയും മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് ആതിഥേയർക്ക് നന്നായറിയാം.
ഇന്ത്യൻ ബാറ്റിങ് ഓർഡറിൽ അഴിച്ചുപണിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. അഡ്‌ലെയ്ഡിൽ ക്ലിക്കാകാതിരുന്ന കെ.എൽ രാഹുൽ-യശസ്വി ജയ്‌സ്വാൾ ഓപ്പണിങ് സഖ്യത്തെ മൂന്നാം ടെസ്റ്റിൽ മാറ്റി പരീക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. ഓപ്പണിങിലേക്ക് രോഹിത് മടങ്ങിയെത്തണമെന്ന മുറവിളി ഇതിനകം ഉയർന്നുകഴിഞ്ഞു. രോഹിത് ഇന്നിങ്‌സ് ഓപ്പൺ ചെയ്യാനെത്തുകയാണെങ്കിൽ രാഹുലിന് മധ്യനിരയിലേക്ക് മാറേണ്ടിവരും. കഴിഞ്ഞ ദിവസം പരിശീലനത്തിൽ ഇന്ത്യൻ നായകൻ ന്യൂബോളിൽ പരിശീലനം നടത്തിയതും ഓപ്പണിങിലേക്ക് തിരിച്ചുവരുമെന്നതിന്റെ സൂചനയായിരുന്നു.
ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്, ആകാശ് ദീപ് തുടങ്ങിയ പേസർമാരെയാണ് ഇന്ത്യൻ ക്യാപ്റ്റൻ കൂടുതൽ സമയം നേരിട്ടത്. മൂന്നാം നമ്പറിൽ ശുഭ്മാൻ ഗില്ലും നാലാമനായി വിരാട് കോഹ്ലിയും അഞ്ചാമനായി ഋഷഭ് പന്തും ക്രീസിലെത്തും. ആറാമനായാകും രാഹുൽ ഇറങ്ങുക. ബൗളിങ് നിരയിലും രണ്ട് മാറ്റമുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ മാച്ചിൽ നിറംമങ്ങിയ ഹർഷിത് റാണക്ക് പകരം ആകാശ്ദീപോ പ്രസിദ്ധ് കൃഷ്ണയോ ഇലവനിലേക്കെത്തിയേക്കും. ഷോർട്ട് പിച്ച് പന്തുകൾ നേരിടാൻ പ്രയാസപ്പെടുന്ന ഹെഡിനെതിരെ ഇവരിലൊരാളെ പരീക്ഷിക്കാനാണ് ഇന്ത്യയുടെ പദ്ധതി . ബാറ്റിങ് കരുത്തുകൂട്ടാനായി ആർ അശ്വിന് പകരം വാഷിങ്ടൺ സുന്ദറോ രവീന്ദ്ര ജഡേജയോ മടങ്ങിയെത്താനുള്ള സാധ്യതയും ഏറെയാണ്. കഴിഞ്ഞ ഓസീസ് പര്യടനത്തിൽ ബ്രിസ്ബനിൽ സുന്ദർ അർധ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു.
ഓസീസ് ഉരുക്ക്‌കോട്ടയായ ഗാബ പൊളിച്ച് 2021ൽ വിജയകൊടി നാട്ടിയ ചരിത്രം ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ ചരിത്ര വിജയത്തിന്റെ ചുവടുപിടിച്ച് ഈ വർഷം ജനുവരിയിൽ വെസ്റ്റ് ഇൻഡീസും ഇതേ ഗ്രൗണ്ടിൽ ഓസീസിനെ മുട്ടുകുത്തിച്ചിരുന്നു. മൂന്ന് വർഷത്തിനിപ്പുറം ഇന്ത്യ വീണ്ടും ഇവിടെ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഋഷഭ് പന്തിന്റെ നേതൃത്വത്തിൽ അന്നു നടത്തിയ പോരാട്ടവീര്യം രോഹിതിനും സംഘത്തിനും കരുത്തേകും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഇനിയുള്ള ഓരോ മത്സരവും ഇന്ത്യക്ക് നിർണായകമാണ്. ഗാബയിൽ മറ്റൊരു ഐതിഹാസിക ജയത്തിലൂടെ അഡ്‌ലെയ്ഡിലെ തോൽവിക്കുള്ള മറുപടി ഇന്ത്യ നൽകുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. ഗാബയിൽ കളമൊരുങ്ങുന്നത് മറ്റൊരു മഹാ യുദ്ധത്തിനാണ്.
Adjust Story Font
16