Quantcast

അഡ്ലൈഡിൽ രണ്ടാം ഇന്നിങ്സിൽ അടിപതറി ഇന്ത്യ; അഞ്ച് വിക്കറ്റ് നഷ്ടം

ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് മറികടക്കാൻ ഇനിയും 29 റൺസ് കൂടി വേണം.

MediaOne Logo

Sports Desk

  • Updated:

    2024-12-07 12:40:31.0

Published:

7 Dec 2024 10:24 AM GMT

India beaten in second innings in Adelaide; A loss of five wickets
X

അഡ്ലെയ്ഡ്: ബോർഡർ-ഗവാസ്‌കർ ട്രോഫി രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തകർച്ചയിൽ. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ 128-5 എന്ന നിലയിലാണ്. ഋഷഭ് പന്ത് (28), നിതീഷ് കുമാർ റെഡ്ഡി (15) എന്നിവരാണ് ക്രീസിൽ. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ട്, പാറ്റ് കമ്മിൻസ് എന്നിവരാണ് ഇന്ത്യയെ തകർത്തത്. ഒന്നാം ഇന്നിങ്‌സിൽ 157 റൺസ് ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ സന്ദർശകരുടെ തുടക്കം മികച്ചതായില്ല.

സ്‌കോർബോർഡിൽ 12 റൺസ് ചേർക്കുമ്പോഴേക്ക് കെ.എൽ രാഹുലിന്റെ വിക്കറ്റ് (7) നഷ്ടമായി. പാറ്റ് കമ്മിൻസിനെ പുൾഷോട്ടിന് ശ്രമിച്ച താരത്തെ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി കൈപിടിലൊതുക്കി. പിന്നാലെ മികച്ച ഷോട്ടുകളോടെ തുടങ്ങിയ യശസ്വി ജയ്സ്വാളിനെ മടക്കി (24) സ്‌കോട്ട് ബോളണ്ട് രണ്ടാം പ്രഹരമേൽപ്പിച്ചു. വിരാട് കോഹ്ലിയേയും മടക്കി ബോളണ്ട് ഇന്ത്യയെ 66-3 എന്ന നിലയിലേക്ക് തള്ളിയിട്ടു. ശുഭ്മാൻ ഗില്ലിനെ(28) പുറത്താക്കി രണ്ടാം ഇന്നിങ്‌സിലും സ്റ്റാർക്ക് വിക്കറ്റ് നേടി. ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയും പ്രതീക്ഷക്കൊത്തുയർന്നില്ല. കമ്മിൻസിന്റെ ഓവറിൽ ക്ലീൻബൗൾഡായി. 15 പന്തിൽ ആറു റൺസാണ് ഹിറ്റ്മാൻ നേടിയത്. അവസാന സ്‌പെഷ്യലിസ്റ്റ് ബാറ്ററായ ഋഷഭ് പന്തിലും നിതീഷ് കുമാർ റെഡ്ഡിയിലുമാണ് ഇനി പ്രതീക്ഷ.

നേരത്തെ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. വ്യക്തിഗത സ്‌കോറിനോട് ഒരു റൺ കൂടി ചേർത്ത നതാൻ മക്സ്വീനിയെ(39) ജസ്പ്രീത് ബുംറ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ സ്റ്റീവൻ സ്മിത്തിനെയും മടക്കി (2) ബുംറ ഓസീസിനെ ബാക്ഫുട്ടിലാക്കി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന മർനസ് ലബുഷെയ്ൻ- ട്രാവിഡ് ഹെഡ്ഡ് സഖ്യം ആതിഥേയർക്ക് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 65 റൺസ് കൂട്ടിചേർത്തു. ഒടുവിൽ ലബുഷെയ്നെ ഗള്ളിയിൽ യശസ്വി ജയ്സ്വാളിന്റെ (64) കൈകളിലെത്തിച്ച് നിതീഷ് കുമാർ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. മിച്ചൽ മാർഷ്(9), അലക്‌സ് കാരി(15)എന്നിവരും വേഗത്തിൽ മടങ്ങിയെങ്കിലും ഹെഡ്ഡ് ഒരുഭാഗത്ത് ഉറച്ചുനിന്നതോടെ സ്‌കോർ 300 കടന്നു. പാറ്റ് കമ്മിൻസ് (12), മിച്ചൽ സ്റ്റാർക്ക് (18), സ്‌കോട്ട് ബോളണ്ട് (0) എന്നിവരാണ് പുറത്തായ മറ്റു ഓസീസ് താരങ്ങൾ. നതാൻ ലിയോൺ (4) പുറത്താവാതെ നിന്നു. ആദ്യദിനം ഉസ്മാൻ ഖവാജയുടെ (13) വിക്കറ്റ് ഓസീസിന് നഷ്ടമായിരുന്നു.

TAGS :

Next Story