Quantcast

ബോക്‌സിങ് ഡേ ടെസ്റ്റ് നിർണായകം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ

നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ ദക്ഷിണാഫ്രിക്ക ഒന്നാമതും ആസ്‌ത്രേലിയ രണ്ടാമതുമാണ്.

MediaOne Logo

Sports Desk

  • Published:

    18 Dec 2024 10:42 AM GMT

Boxing Day Test Crucial; Here are Indias chances in the World Test Championship
X

ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച ഗാബയിൽ ഇത്തവണ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.... ബ്രിസ്‌ബെയിനിൽ അവസാനദിനം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമെന്ന പ്രതീതിയുണ്ടായിരുന്നെങ്കിലും കളി തടസപ്പെടുത്തി വീണ്ടും മഴയെത്തിയതോടെ ഇരു ക്യാപ്റ്റൻമാരും കൈകൊടുത്ത് മടങ്ങി. കെ.എൽ രാഹുലിന്റേയും രവീന്ദ്ര ജഡേജയുടേയും മികച്ച ഇന്നിങ്‌സ്. പത്താം വിക്കറ്റിൽ ഫോളോഓൺ ഒഴിവാക്കാനായി വീരോചിത ചെറുത്ത് നിൽപ്പ് നടത്തിയ ജസ്പ്രീത് ബുംറയുടേയും ആകാശ് ദീപിന്റേയും ബാറ്റിങ് പ്രകടനം. രണ്ടിന്നിങ്‌സിലുമായി ഒൻപത് വിക്കറ്റ് വീഴ്ത്തി പതിവുപോലെ തന്റെ റോൾ ഭംഗിയാക്കിയ ബുംറയുടെ ബൗളിങ്. തണുത്തുറഞ്ഞ ബ്രിസ്‌ബെൻ മൈതാനത്ത് ഇന്ത്യക്ക് ആശ്വസിക്കാൻ വകയുണ്ടായിരുന്നത് ഇങ്ങനെ ചില കാര്യങ്ങൾ മാത്രമായിരുന്നു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നർ ആർ അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനത്തിനും ചരിത്ര മൈതാനം സാക്ഷ്യംവഹിച്ചു.

ഗാബ പോരാട്ടം സമനിലയിൽ അവസാനിച്ചതോടെ ലോക ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു. 17 മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യക്ക് 55.88 പോയിന്റ് ശതമാനമാണുള്ളത്. 58.89 പോയിന്റ് ശതമാനമുള്ള ആസ്‌ത്രേലിയ രണ്ടാമത് തുടരുന്നു. 10 മത്സങ്ങളിൽ 63.33 പോയിന്റ് ശതമാനമുള്ള ദക്ഷിണാഫ്രിക്കയാണ് നിലവിൽ തലപ്പത്ത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപായി ഇന്ത്യക്ക് മുന്നിൽ ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങൾ മാത്രം. മറ്റു ടീമുകളുടെ ആശ്രയമില്ലാതെ ഫൈനൽ കളിക്കണമെങ്കിൽ അടുത്ത രണ്ട് മാച്ചും ഇന്ത്യ ജയിക്കണം. പരമ്പര 3-1ന് സ്വന്തമാക്കായിൽ ഇന്ത്യക്ക് ഫൈനലിലെത്താം. 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയാലും ഫൈനലിലെത്താനുള്ള സാധ്യത നിലനിൽക്കുന്നു. ആസ്‌ത്രേലിയ- ശ്രീലങ്ക മത്സരത്തിൽ ഓസ്ട്രേലിയ ഒരു മത്സരം തോറ്റാലാണ് ഇന്ത്യക്ക് സാധ്യത തെളിയികുക. പരമ്പല 1-1 സമനിലയിൽ അവസാനിച്ചാലും ശ്രീലങ്ക 1-0ത്തിന് ജയിച്ചാലും ഓസീസിനെ പിന്തള്ളി ഇന്ത്യക്ക് ലോഡ്‌സിലേക്ക് ടിക്കറ്റെടുക്കാം. ഇനി ബോർഡർ ഗവാസ്‌കർ ട്രോഫി 2-2 സമനിലയിൽ അവസാനിച്ചാൽ കങ്കാരുപ്പടയെ ശ്രീലങ്കയോട് 2-0 തോൽക്കണം. ഡിസംബർ 26ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാമത്തെ മത്സരം.

ഋഷഭ് പന്തിന്റെ ചിറകിലേറി ഓസീസിന്റെ ഉരുക്കുകോട്ടയായ ഗാബ പൊളിച്ച് 2021ൽ വിജയകൊടി പാറിച്ച ഇന്ത്യ വീണ്ടുമൊരു വിസ്മയകുതിപ്പ് തേടിയാണ് ഇവിടേക്കെത്തിയത്. എന്നാൽ അഡ്‌ലെയ്ഡിലെ രാപകൽ ടെസ്റ്റിൽ നിന്ന് ഒട്ടും മാറിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു രോഹിത് ശർമയുടേയും സംഘത്തിന്റേയും പ്രകടനം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെർത്തുറപ്പിക്കാനായി വിജയം ലക്ഷ്യമിട്ടിറങ്ങിയ സന്ദർശകർക്ക് തുടക്കം മുതൽ പിഴച്ചു. ഇന്ത്യയുടെ പ്രതീക്ഷകൾ തെറ്റിച്ച് കൂറ്റൻ സ്‌കോറിലേക്കാണ് ഒന്നാം ഇന്നിങ്‌സിൽ ആതിഥേയർ ബാറ്റുവീശിയത്. ഇന്ത്യക്കെതിരെ എന്നും വിസ്‌ഫോടനം തീർത്ത ട്രാവിസ് ഹെഡ് പരമ്പരയിലെ രണ്ടാം സെഞ്ച്വറിയുമായി കളംനിറഞ്ഞു... ടൂർണമെന്റിൽ ആദ്യമായി ഫോമിലേക്കുയർന്ന് സ്റ്റീവൻ സ്മിത്ത്. രണ്ട് താരങ്ങളുടേയും ശതകത്തിന്റെ ബലത്തിൽ ഓസീസ് സ്‌കോർബോർഡിൽ ഉയർത്തിയത് 445 എന്ന കൂറ്റൻ ടോട്ടൽ. ആറു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ പ്രകടനം മാത്രമായിരുന്നു ഇന്ത്യക്ക് ആശ്വസിക്കാനുണ്ടായിരുന്നത്.

കൗണ്ടർ അറ്റാറ്റിലൂടെ തിരിച്ചടി നൽകാനുള്ള ആയുധങ്ങൾ യഥേഷ്ടമുണ്ടായിട്ടും ആതിഥേയ പേസ് ആക്രമണത്തിന് മുന്നിൽ പേരുകേട്ട ഇന്ത്യൻ ബാറ്റർമാർ ദയനീയമായി തലതാഴ്ത്തി മടങ്ങി. യശസ്വി ജയ്‌സ്വാളിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് തുടങ്ങിവെച്ച വിക്കറ്റ് വേട്ട അതിവേഗം മറ്റുബൗളർമാരും ഏറ്റെടുത്തതോടെ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 260 റൺസിൽ അവസാനിച്ചു. തകർച്ചയിലും ആശ്വാസമായത് ഓപ്പണറായി ക്രീസിലെത്തി നങ്കൂരമിട്ട കെ.എൽ രാഹുലിന്റെ 84 റൺസ് ചെറുത്തുനിൽപ്പും ഏഴാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയുടെ 77 റൺസുമായിരുന്നു. ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്‌കോററായത് പത്താമനായി ക്രീസിലെത്തി 31 റൺസെടുത്ത ആകാശ് ദീപ്. അവസാന വിക്കറ്റിൽ ജസ്പ്രീത് ബുംറയുമായി ചേർന്ന് ആകാശ് ദീപ് നടത്തിയ വീരോചിത പോരാട്ടമാണ് ഫോളോ ഓൺ നാണക്കേടിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

ഓഫ്സ്റ്റമ്പിന് പുറത്തുവന്ന പന്തിനെ നേരിടുന്നതിൽ വീണ്ടും വീണ്ടും പിഴവ് വരുത്തുന്ന വിരാട് കോഹ്ലി, സ്ഥാന ത്യാഗം ചെയ്ത് ആറാമനായി ക്രീസിലെത്തിയിട്ടും താളംകണ്ടെത്താനാവാതെ പരാജയപ്പെട്ട രോഹിത് ശർമ, ഓസീസ് ഓഫ് സൈഡ് കെണിയിൽ കുടുങ്ങിയ ശുഭ്മാൻ ഗിൽ... ഗാബയിൽ വീണ്ടുമൊരു അത്ഭുത ബാറ്റിങിന് കാത്തുനിൽക്കാതെ കമ്മിൻസിന് പിടികൊടുത്ത് കൂടാരം കയറിയ ഋഷഭ് പന്ത്. അഡ്‌ലെയ്ഡിൽ നിന്ന് ഗാബയിലെത്തുമ്പോൾ ഒരുഘട്ടത്തിൽ പോലും എതിരാളികൾക്കെതിരെ ഇന്ത്യക്ക് മേൽക്കൈ നേടാനായില്ല. അഞ്ചാംദിനം 89-7 എന്ന നിലയിൽ നിൽക്കെ ഇന്നിങ്‌സ് ഡിക്ലെയർ ചെയ്ത് ഇന്ത്യയെ ബാറ്റിങിനയക്കാനുള്ള ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്റെ തീരുമാനം ഒരു പരിധിവരെ റിസ്‌കെടുക്കലായിരുന്നു. അവസാനദിനം 275 റൺസ് വിജയലക്ഷ്യം ഇന്ത്യക്ക് മുന്നിൽവെക്കുമ്പോൾ വിജയം എന്ന ഒറ്റ ലക്ഷ്യമായിരുന്നു ആതിഥേയർക്കുണ്ടായിരുന്നത്. എന്നാൽ മഴ വിടാതെ പിന്തുടർന്ന ഗാബയിൽ ഒടുവിൽ പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു..


TAGS :

Next Story