ഋഷഭ് പന്തിനും ഗില്ലിനും സെഞ്ച്വറി; ഇന്ത്യ 287-4 ഡിക്ലയർ, ബംഗ്ലാദേശിന് 515 റൺസ് വിജയ ലക്ഷ്യം
പരിക്കേറ്റ് ദീർഘകാലം പുറത്തായിരുന്ന പന്ത് 634 ദിവസങ്ങൾക്ക് ശേഷമാണ് സെഞ്ച്വറിയുമായി തിരിച്ചെത്തുന്നത്.
ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. മൂന്നിന് 81 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ആതിഥേയർക്കായി സെഞ്ച്വറിയുമായി ഋഷഭ് പന്തും ശുഭ്മാൻ ഗില്ലും തിളങ്ങി. 109 റൺസെടുത്ത പന്തിനെ മെഹദി ഹസൻ പുറത്താക്കി. കാർ അപകടത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് രണ്ട് വർഷത്തോളം വിട്ടുനിന്ന പന്തിന്റെ ശക്തമായ തിരിച്ചുവരവായി ചെപ്പോക്കിലെ മത്സരം. 634 ദിവസങ്ങൾക്ക് ശേഷമാണ് പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 287-4 എന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. ബംഗ്ലാദേശിന് മുന്നിൽ 515 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. ഡിക്ലയർ ചെയ്യുമ്പോൾ 119 റൺസുമായി ഗില്ലും 22 റൺസുമായി കെ.എൽ രാഹുലുമാണ് ക്രീസിൽ.
ആദ്യദിനം ലഞ്ചിന് പിരിയുമ്പോൾ 207-3 എന്ന നിലയിലായിരുന്നു ഇന്ത്യ. ലഞ്ചിന് ശേഷം എറിഞ്ഞ ആദ്യ ഓവറുകളിൽ തന്നെ പന്ത് സെഞ്ച്വറി തികച്ചു.പിന്നാലെ ഗില്ലും ശതകം പൂർത്തിയാക്കി. ആദ്യ ഇന്നിങ്‌സിൽ പൂജ്യത്തിന് പുറത്തായ ശുഭ്മാൻ ഗില്ലിന്റെ തിരിച്ചുവരവായി. ബംഗ്ലാ സ്പിന്നർമാരെ കടന്നാക്രമിച്ചാണ് ഇരുവരും ബാറ്റ് ചെയ്തത്. ആദ്യ സെഷനിൽ പേസർമാർക്ക് ആനുകൂല്യം ലഭിക്കുമെന്ന് കരുതിയെങ്കിലും ഹസൻ മഹമൂദിനും ടസ്‌കിൻ അഹമ്മദിനും ഒന്നും ചെയ്യാനായില്ല.
രണ്ട് സിക്‌സുകളിലൂടെ അർധസെഞ്ചുറിയിലെത്തിയ ഗില്ലും തന്റെ ട്രേഡ് മാർക്കായ ഒറ്റ കൈയൻ സിക്‌സ് പറത്തി പന്തും ബംഗ്ലാദേശ് സ്പിന്നർമാരെ കടന്നാക്രമിച്ചു. പന്ത് നാലും ഗിൽ മൂന്നും സിക്‌സർ പറത്തി. നേരത്തെ 72 റൺസിൽ നിൽക്കെ ഷാക്കിബിൻറെ പന്തിൽ റിഷഭ് പന്ത് നൽകിയ അനായാസ ക്യാച്ച് നജ്മുൾ ഹൊസൈൻ ഷാന്റെ നഷ്ടപ്പെടുത്തി. ശുഭ്മാൻ ഗിൽ നൽകിയ അവസരം തൈജുൾ ഇസ്ലാമും കൈവിട്ടു.
Adjust Story Font
16