ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് നാളെ ധരംശാലയിൽ; പടിദാറിന് പകരം ദേവ്ദത്ത് പടിക്കൽ കളിച്ചേക്കും
ജസ്പ്രീത് ബുംറ ഇന്ത്യൻ ബൗളിങ് നിരയിൽ തിരിച്ചെത്തും.
ധരംശാല: ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ധരംശാലയിൽ ആരംഭിക്കും. രജത് പാട്ടിദാറിന് പകരം മലയാളി താരം ദേവ്ദത്ത് പടിക്കൽ കളിക്കാനിറങ്ങിയേക്കുമെന്നാണ് സൂചന. ഇംഗ്ലണ്ട് നിരയിൽ ഒല്ലീ റോബിൻസണ് പകരം മാർക്ക് വുഡ് കളിക്കും. ധരംശാലയിലെ മഞ്ഞുവീഴ്ചയും മഴയും മത്സരത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര (3-1) നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ആദ്യ ടെസ്റ്റിൽ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നെങ്കിലും വിശാഖപട്ടണത്തും രാജ്കോട്ടിലും റാഞ്ചിയിലും ആതിഥേയർക്കൊപ്പമായിരുന്നു ജയം. അവസാന ടെസ്റ്റിനിറങ്ങുമ്പോൾ 112 വർഷം പഴക്കമുള്ള റെക്കോഡിനൊപ്പമെത്താൻ ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഒന്നാം ടെസ്റ്റ് പരാജയപ്പെട്ട ശേഷം നാല് ടെസ്റ്റുകൾ ജയിച്ച് പരമ്പര 4-1ന് സ്വന്തമാക്കിയാൽ 1912ലെ ആഷസ് പരമ്പരയിലെ ആസ്ത്രേലിയയുടെ നേട്ടത്തിനൊപ്പമെത്തും.
അഞ്ചാം ടെസ്റ്റിൽ ജസ്പ്രീത് ബുംറ ഇന്ത്യൻ ബൗളിങ് നിരയിൽ തിരിച്ചെത്തും. മുഹമ്മദ് സിറാജിനോ ആകാശ് ദീപിനോ അവസരം നഷ്ടമാകും. സ്പിന്നിനെ തുണയ്കുമെന്ന് കരുതുന്ന ധരംശാലയിലെ പിച്ചിൽ മൂന്ന് സ്പിന്നർമാരും അന്തിമ ഇലവനിൽ ഉണ്ടാകും. കാലാവസ്ഥ മത്സരത്തെ പ്രതികൂലമായി ബാധിക്കുമോ ആശങ്കയിലാണ് ആരാധകർ. ഹിമാചലിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും അനുഭവപ്പെടുന്നുണ്ട്. ധരംശാലയിൽ താപനില ഒരു ഡിഗ്രി വരെ താഴുമെന്നും കാലാവസ്ഥ പ്രവചനമുണ്ട്.
Adjust Story Font
16