ജോ റൂട്ടിന് സെഞ്ചുറി; റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്
അരങ്ങേറ്റ ടെസ്റ്റ് കളിച്ച പേസർ ആകാശ് ദീപ് ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി
റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച് ഭേദപ്പെട്ട സ്‌കോറിലേക്ക് ഇംഗ്ലണ്ട്. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം സ്റ്റമ്പെടുത്തപ്പോൾ ഇംഗ്ലണ്ട് 302-7 എന്ന നിലയിലാണ്. 106 റൺസുമായി ജോ റൂട്ടും 31 റൺസുമായി ഒലി റോബിൻസണുമാണ് ക്രീസിൽ. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റ് കളിച്ച പേസർ ആകാശ് ദീപ് മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ സെഷനിൽ വൻ തകർച്ച നേരിട്ട സന്ദർശകർ രണ്ടാം സെഷനിലൂടെ തിരിച്ചുവരവ് നടത്തുകയായിരുന്നു. 11 റൺസെടുത്ത ബെൻ ഡക്കറ്റിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഇംഗ്ലണ്ട് ഓപ്പണറെ ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ച് ആകാശ് സിങ് കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി. തൊട്ടു പിന്നാലെ ഫോമിലുള്ള ഒലി പോപ്പിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഇരട്ട പ്രഹരമേൽപ്പിച്ചു. രണ്ട് പന്ത് മാത്രം നേരിട്ട പോപ്പ് പൂജ്യത്തിനാണ് മടങ്ങിയത്. മികച്ച ഫോമിൽ ബാറ്റ് വീശിയ സാക് ക്രാലിയെ ക്ലീൻ ബൗൾഡാക്കി യുവതാരം ഇംഗ്ലണ്ടിനെ 57-3 എന്ന നിലയിലേക്ക് തള്ളിവിട്ടു. എന്നാൽ നാലാം വിക്കറ്റിൽ കൂട്ടുചേർന്ന ജോ റൂട്ട്-ജോണി ബെയിസ്‌റ്റോ സഖ്യം ഇന്നിങ്‌സ് പതുക്കെ മുന്നോട്ട് കൊണ്ടുപോയി. 38 റൺസിൽ നിൽക്കെ ബെയിസ്‌റ്റോയെ വിക്കറ്റിന് മുന്നിൽ കുരുക്കി ആർ അശ്വിൻ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി.
ഇതോടെ ഇംഗ്ലണ്ടിനെതിരെ തന്റെ നൂറാം വിക്കറ്റും ചെന്നൈ താരം സ്വന്തമാക്കി. മൂന്ന് റൺസിൽ നിൽക്കെ ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനെ വിക്കറ്റിന് മുന്നിൽകുരുക്കി രവീന്ദ്ര ജഡേജയും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു. ഇതോടെ 112-5 എന്ന നിലയിലായി സന്ദർശകർ. എന്നാൽ ഏഴാം വിക്കറ്റിൽ ചേർന്ന ജോണി ബെയ്‌സ്‌റ്റോ-ബെൻ ഫോക്‌സ് സഖ്യം ഇംഗ്ലണ്ട് സ്‌കോർ 200 കടത്തി. 47ൽ നിൽക്കെ ഫോക്‌സിനെ സിറാജ് ജഡേജയുടെ കൈകളിലെത്തിച്ചു.
13ൽ നിൽക്കെ ടോം ഹാർട് ലിയേയും വീഴ്ത്തിയെങ്കിലും ഒരറ്റത്ത് ജോ റൂട്ട് ആംഗർ റോൾ ഭംഗിയാക്കി. 226 പന്തിൽ ഒൻപത് ബൗണ്ടറിയടക്കമാണ് റൂട്ട് പരമ്പരയിലെ ആദ്യ സെഞ്ചുറി തികച്ചത്. ഒടുവിൽ ആദ്യ ദിനത്തെ അവസാന സെഷനിൽ വാലറ്റക്കാരൻ ഒലി റോബിൻസനുമായി ചേർന്ന് ഇംഗ്ലണ്ട് സ്‌കോർ 300ലെത്തിക്കാനും ജോ റൂട്ടിനായി. അതേസമയം മുൻ ടെസ്റ്റുകളിൽ നടപ്പിലാക്കിയ ബാസ്‌ബോളിൽ നിന്നുമാറിയുള്ള ഇന്നിങ്‌സാണ് റൂട്ട് കളിച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴുമ്പോഴും ഒരുവശത്ത് ക്ഷമയോടെ റൂട്ട് ക്രീസിൽ തുടർന്നു. അഞ്ച് ടെസ്റ്റ് പരമ്പരയിൽ നിലവിൽ 2-1 നിലയിൽ ഇന്ത്യയാണ് മുന്നിൽ. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Adjust Story Font
16