Quantcast

റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; ഏഴ് വിക്കറ്റ് നഷ്ടം, ജയ്‌സ്വാളിന് അർധ സെഞ്ചുറി

30 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ധ്രുവ് ജുറേലും 17 റൺസുമായി കുൽദീപ് യാദവുമാണ് ക്രീസിൽ.

MediaOne Logo

Web Desk

  • Published:

    24 Feb 2024 12:00 PM GMT

റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; ഏഴ് വിക്കറ്റ് നഷ്ടം, ജയ്‌സ്വാളിന് അർധ സെഞ്ചുറി
X

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ട് സ്‌കോർ മറികടക്കാൻ മൂന്ന് വിക്കറ്റ് ശേഷിക്കെ ഇനി 134 റൺസ്‌ കൂടി വേണം. 73 റൺസ് നേടിയ യശസ്വി ജയ്‌സ്വാൾ ഇന്ത്യയുടെ ടോപ് സ്‌കോററായി. ശുഭ്മാൻ ഗിൽ 38 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ്മ(2), രജത് പടിദാർ(17), ഓൾറൗണ്ടർ രവീന്ദ്ര ജഡേജ(12), സർഫറാസ് ഖാൻ(14), രവിചന്ദ്രൻ അശ്വിൻ(1) എന്നിവരുടെ വിക്കറ്റും രണ്ടാംദിനം ആതിഥേയർക്ക് നഷ്ടമായി. 30 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ധ്രുവ് ജുറേലും 17 റൺസുമായി കുൽദീപ് യാദവുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി യുവ സ്പിന്നർ ഷുഹൈബ് ബഷീർ നാല് വിക്കറ്റ് വീഴ്ത്തി.

രണ്ട് റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് ആദ്യ സെഷനിൽതന്നെ ഇന്ത്യക്ക് നഷ്ടമായി. ജെയിംസ് ആൻഡേഴ്‌സന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഫോക്‌സ് പിടിച്ച് പുറത്താക്കുകയായിരുന്നു. തുടർന്ന് ജയ്‌സ്വാൾ-ഗിൽ കൂട്ടുകെട്ടാണ് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയത്. ഇരുവരും ചേർന്ന് 82 റൺസ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് മികച്ച അടിത്തറയൊരുക്കിയപ്പോഴാണ് ഇംഗ്ലണ്ട് ബ്രേക്ക് ത്രൂ സ്വന്തമാക്കിയത്. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് പിഴുത് സന്ദർശക സ്പിൻ ബൗളർമാർ മുൻനിരയെ തകർത്തു.

നേരത്തെ 302-7 എന്ന സ്‌കോറിൽ രണ്ടാം ദിനം ബാറ്റിംഗ് തുടർന്ന ഇംഗ്ലണ്ട് 352 റൺസിന് ഓൾഔട്ടായിരുന്നു. ആദ്യ അർധസെഞ്ചുറിയുമായി തകർത്തടിച്ച ഒലി റോബിൻസൺ(58) ആണ് ഇംഗ്ലണ്ടിനെ 350 കടത്തിയത്. ജോ റൂട്ട് 122 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും ആകാശ് ദീപ് മൂന്നും സിറാജ് രണ്ടും വിക്കറ്റുമെടുത്തു.

TAGS :

Next Story