മഴ ഭീഷണിയിൽ ഗയാന; കളി മുടങ്ങിയാൽ മത്സര ഫലത്തിനായി പാതി രാത്രിവരെ കാത്തിരിക്കണം
രാത്രി എട്ട് മണിക്ക് നടക്കേണ്ട മത്സരം മഴമൂലം വൈകിയാലും 4 മണിക്കൂർ പത്ത് മിനിറ്റ് അധിക സമയമായി അനുവദിച്ചിട്ടുണ്ട്.
ഗയാന: ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരും മുൻ ചാമ്പ്യൻമാരും ഇന്ന് നേർക്കുനേർ. ഗയാന പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് ആവേശ പോരാട്ടം. എന്നാൽ മത്സരം നടക്കുന്ന സ്റ്റേഡിയത്തിനും പരിസരത്തും ശക്തമായ മഴയായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. എന്നാൽ റിസർവ്വ് ദിനമില്ലാത്തതിനാൽ ഫൈനലിസ്റ്റിനെ ഇന്നു തന്നെ നിർണയിക്കേണ്ടതുണ്ട്.
എന്നാൽ കളി തുടങ്ങുന്നതിനായി 250 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. അതായത് ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് കളി തുടങ്ങേണ്ടത്. മഴ മൂലം കളി തുടരാൻ പുലർച്ചെ 12:10 വരെ സമയമുണ്ടാകും. ഇത്രയും സമയവും മഴമൂലം തടസപ്പെട്ടാലും ഓവറുകൾ വെട്ടിചുരുക്കില്ല. 12 മണിക്ക് ശേഷവും കാലാവസ്ഥ പ്രതികൂലമായാൽ ഓവറുകൾ വെട്ടിചുരുക്കാൻ തുടങ്ങും. മിനിമം 10 ഓവറെങ്കിലും കളി നടക്കുന്നതിനായി പരമാവധി പുലർച്ചെ 1.40 വരെ സമയം അനുവദിക്കും. അതിന് ശേഷവും സമാന സാഹചര്യമാണെങ്കിൽ സൂപ്പർ എയ്റ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ എതിരാളികളായി കലാശപോരിലേക്ക് ടിക്കറ്റെടുക്കും. സൂപ്പർ എട്ടിൽ ഗ്രൂപ്പ് ഒന്നിൽ ആദ്യ സ്ഥാനത്തെത്തിയതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക. കളിച്ച മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു.
നിലവിൽ ഗയാനയിൽ മഴയില്ലെങ്കിലും പിച്ചും ഔട്ട്ഫീൽഡും മൂടിയ നിലയിലാണ്. പലയിടങ്ങിലും വെള്ളക്കെട്ടുമുണ്ട്. ഇതെല്ലാം ഒഴിവാക്കി മത്സരം തുടങ്ങാൻ സമയമെടുക്കുമെന്നാണ് വിവരം. എന്നാൽ ഓവർ വെട്ടിചുരുക്കിയെങ്കിലും സെമി നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Adjust Story Font
16