രാജ്‌കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു, ജയ്‌സ്വാളിന് അർധ സെഞ്ചുറി
രോഹിത് ശർമ്മ 19 റൺസെടുത്ത് പുറത്തായി
രാജ്കോട്ട്: രാജ്‌കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പിടിമുറുക്കി ടീം ഇന്ത്യ. ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 445 നെതിരെ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം 319ന് ഓൾഔട്ടായി. ഇതോടെ ആതിഥേയർക്ക് 126 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായി. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രോഹിത് ശർമ്മയുടെ വിക്കറ്റാണ് വീണത്. 19 റൺസെടുത്ത ഹിറ്റ്മാനെ ജോ റൂട്ട് വിക്കറ്റിന് മുന്നിൽ കുടുക്കി. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ക്യാപ്റ്റൻ സെഞ്ചുറി നേടിയിരുന്നു. യശ്വസി ജയ്‌സ്വാൾ അർധ സെഞ്ചുറിയുയും ശുഭ്മാൻ ഗിൽ(21) റൺസുമായും ക്രീസിലുണ്ട്. നേരത്തെ മുഹമ്മദ് സിറാജ് ഇന്ത്യക്കായി നാല് വിക്കറ്റെടുത്തു. കുൽദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി.
രണ്ടിന് 207 എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് ജോ റൂട്ടിന്റെ (18) വിക്കറ്റാണ് ആദ്യം നഷ്ടമായത്. മോശം ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയ്‌സ്‌റ്റോ പൂജ്യത്തിന് മടങ്ങി. 153 റൺസെടുത്ത് ഡക്കറ്റും മടങ്ങിയതോടെ സന്ദർശകർ പ്രതിരോധത്തിലായി. ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ 29 റൺസിനിടെ ഇംഗ്ലണ്ടിന് നഷ്ടമായി. ലഞ്ചിന് ശേഷം ബെൻ സ്റ്റോക്സിനെ (41) പുറത്താക്കി ജഡേജ ആദ്യ പ്രഹരമേൽപ്പിച്ചു. ഫോക്‌സിന്റെ (13) വിക്കറ്റ് സിറാജും സ്വന്തമാക്കിയതോടെ ലീഡ് നേടാനുള്ള ഇംഗ്ലണ്ട് പ്രതീക്ഷ അസ്തമിച്ചു. വാലറ്റക്കാരായ റെഹാൻ അഹമ്മദും (6), ജെയിംസ് ആൻഡേഴ്സണും (1) ടോം ഹാർട്ലിയും(6) മടങ്ങിയതോടെ ഇംഗ്ലണ്ട് പോരാട്ടം 319ൽ അവസാനിച്ചു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ രോഹിത് ശർമ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
Adjust Story Font
16