ദീപാവലി വെടിക്കെട്ട്; നെതർലാൻഡ്‌സിനെതിരെ ഇന്ത്യയുടെ ജയം 160 റൺസിന്
ഇന്ത്യ ഉയർത്തിയ 411 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതർലാൻഡ്‌സിന് 47.5 ഓവറിൽ 250 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ
ബംഗളൂരു: നെതർലാൻഡ്‌സിനെ 160 റൺസിന് തോൽപിച്ച് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ അവസാനിപ്പിച്ച് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശം.
ഇന്ത്യ ഉയർത്തിയ 411 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതർലാൻഡ്‌സിന് 47.5 ഓവറിൽ 250 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 54 റൺസ് നേടിയ തേജ നിടമാനുരു ആണ് നെതർലാൻഡ്‌സിന്റെ ടോപ് സ്‌കോറർ. 45 റൺസ് നേടിയ സിബ്രാൻഡ് എംഗൽബ്രെക്റ്റ്, മാക്‌സ്‌വുഡ് (30) കോളിൻ അകർമാൻ(35) എന്നിവരും നെതർലാൻഡ്‌സിനായി റൺസ് കണ്ടെത്തി തോൽവിഭാരം കുറച്ചു.
ഇന്ത്യക്കായി വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ എന്നിവർ പന്തെറിഞ്ഞത് കൗതുകമായി. ഇതിൽ കോഹ്ലിക്കും രോഹിത് ശര്‍മ്മക്കും വിക്കറ്റ് ലഭിക്കുകയും ചെയ്തു. ഗില്ലും സൂര്യകുമാർ യാദവും രണ്ട് വീതം എറിഞ്ഞപ്പോൾ കോഹ്ലി മൂന്ന് ഓവർ എറിഞ്ഞു. നായകൻ സ്‌കോട്ട് എഡ്വാർഡിന്റെ വിക്കറ്റാണ് കോഹ്ലിക്ക് ലഭിച്ചത്. ഇന്ത്യക്ക് വേണ്ടി ബുംറ, സിറാജ്, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഇന്നിങ്സിന്റെ റിപ്പോര്‍ട്ട്:
ബംഗളൂരു: ശ്രേയസ് അയ്യരും ലോകേഷ് രാഹുലും നേടിയ സെഞ്ച്വറികളുടെ ബലത്തിൽ നെതർലാൻഡ്‌സിനെതരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 410 റൺസാണ് നേടിയത്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്‌കോറാണിത്.
ടോസ് നേടിയ ഇന്ത്യ ഒന്നുംനോക്കാതെ ബാറ്റിങ് തെരഞ്ഞെടുത്തു. ബാറ്റെടുത്തവരെല്ലാം ബംഗളൂരുവിലെ ചെറിയ ഗ്രൗണ്ട് മുതലാക്കി. 100 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തന്നെ ഇന്ത്യക്ക് വന്നു. എന്നാൽ 51 റൺസ് നേടിയ ശുഭ്മാൻ ഗിൽ(51) ആദ്യം പുറത്തായി. പിന്നാലെ ടിം സ്‌കോർ 129ൽ നിൽക്കെ നായകൻ രോഹിത് ശർമ്മയും മടങ്ങി. 54 പന്തുകളിൽ നിന്ന് രണ്ട് സിക്‌സറും എട്ട് ബൗണ്ടറിയും അടക്കം 61 റൺസാണ് രോഹത് അടിച്ചെടുത്തത്.
മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലി-ശ്രേയസ് അയ്യർ സഖ്യം ഇന്ത്യക്കായി സ്‌കോർ പടുത്തുയർത്തി. കോഹ്ലി തന്റെ ഫോം ഇവിടെയും തുടർന്നു. എന്നാൽ 51 റൺസിനെ ആയുസെയുണ്ടായിരുന്നുള്ളൂ. 56 പന്തുകളിൽ നിന്ന് ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയും അടക്കമായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. എന്നാൽ അയ്യർ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. കൂട്ടിന് രാഹുൽ കൂടി എത്തിയതോടെ ഇന്ത്യയുടെ സ്‌കോർ കുതിച്ചു.
നെതർലാൻഡ് ബൗളർമാരെ സ്റ്റേഡിയത്തിന്റെ പല ഭാഗത്തേക്കും ഈ സഖ്യം എത്തിച്ചു. ആദ്യം സെഞ്ച്വറി നേടിയത് അയ്യറായിരുന്നു. അവസാന ഓവറിലാണ് രാഹുൽ സെഞ്ച്വറി കുറിച്ചത്. അവസാന ഓവറിലെ രണ്ട് പന്തുകൾ സിക്‌സർ പായിച്ചായിരുന്നു രാഹുലിന്റെ സെഞ്ച്വറി നേട്ടം. പിന്നാലെ താരം പുറത്തായി. 64 പന്തുകളിൽ നിന്ന് പതിനൊന്ന് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്(102). 94 പന്തുകളിൽ നിന്ന് 10 ഫോറും അഞ്ച് സിക്‌സറും അടക്കം 128 റൺസ് നേടിയ അയ്യരെ പുറത്താക്കാനും കഴിഞ്ഞില്ല.
ഒരു പന്തിൽ രണ്ട് റൺസ് നേടിയ സൂര്യകുമാർ യാദവായിരുന്നു 50 ഓവർ കഴിയുമ്പോൾ അയ്യർക്ക് കൂട്ടായി ഉണ്ടായിരുന്നത്. നെതർലാൻഡ്‌സിനായി ബാസ് ഡി ലീഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.
Adjust Story Font
16