രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; അഞ്ചു വിക്കറ്റ് നഷ്ടം
ഒരുദിവസം മാത്രം ബാക്കി നിൽക്കെ, ഇരുടീമുകൾക്കും ഒരുപോലെ വിജയപ്രതീക്ഷയുണ്ട്.
കാൺപൂർ: ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടമായി. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ചിന് 84 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ആറാം വിക്കറ്റിൽ ശ്രേയസ് അയ്യരും (25) രവിന്ദ്രൻ അശ്വിനും (31) ചേർന്നുള്ള രക്ഷാ ദൗത്യം തുടരുകയാണ്. 37 ഓവറിൽ നൂറ് റൺസാണ് ഇന്ത്യ നേടിയിട്ടുള്ളത്, 149 റൺസിന്റെ ലീഡ്.
ഒന്നിന് 14 റൺസ് എന്ന നിലയിൽ നാലാം ദിനം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക്, സ്‌കോർ ബോർഡിൽ 37 റൺസ് ചേർക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായി. ചേതേശ്വർ പൂജാര (33 പന്തിൽ 22), മായങ്ക് അഗർവാൾ (53 പന്തിൽ 17), അജിങ്ക്യ രഹാനെ (15 പന്തിൽ നാല്), രവീന്ദ്ര ജഡേജ (പൂജ്യം) എന്നിവരാണ് പുറത്തായത്. ഒരു റൺസെടുത്ത് ശുഭ്മാൻ ഗിൽ മൂന്നാം ദിനം പുറത്തായിരുന്നു. ന്യൂസിലാൻഡിനായി ടീം സൗത്തി, കൈൽ ജമീസൺ എന്നിവർ രണ്ടു വിക്കറ്റും അജാസ് പട്ടേൽ ഒരു വിക്കറ്റും നേടി.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 345 റൺസ് പിന്തുടർന്ന ന്യൂസിലാൻഡ് ആദ്യ ഇന്നിങ്‌സിൽ 296 റൺസിന് പുറത്തായിരുന്നു. മൂന്നാം ദിവസം ഇന്ത്യൻ ബൗളർമാർ കരുത്തുകാട്ടിയതോടെയാണ് വലിയ സ്‌കോറിലേക്ക് കുതിച്ചിരുന്ന ന്യൂസിൻലാൻഡ് ബാറ്റർമാർ തകർന്നടിഞ്ഞത്.
ഒരുദിവസം മാത്രം ബാക്കി നിൽക്കെ, ഇരുടീമുകൾക്കും ഒരുപോലെ വിജയപ്രതീക്ഷയുണ്ട്. 250 റൺസെങ്കിലും ലീഡ് നേടാനായില്ലെങ്കിൽ ഇന്ത്യയ്ക്ക് വിജയം ദുഷ്‌കരമാകുമെന്നാണ് വിലയിരുത്തൽ.
Adjust Story Font
16