പൂനെ ടെസ്റ്റിൽ ന്യൂസിലാൻഡ് 259 റൺസിന് പുറത്ത്; സുന്ദറിന് ഏഴ് വിക്കറ്റ്, ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം
ആദ്യ ടെസ്റ്റിൽ ഇടംലഭിക്കാതിരുന്ന സുന്ദറിനെ പൂനെ ടെസ്റ്റിൽ ഉൾപ്പെടുത്തിയ തീരുമാനം ശരിവെക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം
പൂനെ: ഇന്ത്യക്കെതിരായ പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡ് ഒന്നാം ഇന്നിങ്‌സിൽ 259 റൺസിന് പുറത്ത്. ആദ്യ ടെസ്റ്റിൽ കളിക്കാതിരുന്ന വാഷിങ്ടൺ സുന്ദർ ഏഴ് വിക്കറ്റുമായി തിളങ്ങി. മറുപടി ബാറ്റിങിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ രോഹിത് ശർമ(0)യാണ് പുറത്തായത്.
നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ കിവീസിന്റെ തുടക്കം മികച്ചതായില്ല. 32 റൺസ് തികക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. 15 റൺസെടുത്ത ടോം ലാഥമിനെ ആർ അശ്വിൻ വിക്കറ്റിന് മുന്നിൽകുരുക്കി. തൊട്ടുപിന്നാലെ വിൽ യങിനെ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് അശ്വിൻ വീണ്ടും പ്രഹരമേൽപ്പിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഡേവൻ കോൺവെ-രചിൻ രവീന്ദ്ര കൂട്ടുകെട്ട് സന്ദർശകർക്ക് പ്രതീക്ഷ നൽകി. എന്നാൽ സ്‌കോർ 138ൽ നിൽക്കെ കോൺവെയെ(76) പുറത്താക്കി സ്പിന്നർ വാഷിങ്ടൺ സുന്ദർ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകി. പിന്നാലെ മികച്ചൊരു ബൗളിലൂടെ രചിൻ രവീന്ദ്രയെ ക്ലീൻബൗൾഡാക്കി കളി ഇന്ത്യക്ക് അനുകൂലമാക്കി.
ഡാരിൻ മിച്ചൽ (18), ടോം ബ്ലന്റൽ(3), ഗ്ലെൻ ഫിലിപ്പ് (9), ടീം സൗത്തി(5),മിച്ചെൽ സാന്റ്‌നർ(33), അജാസ് പട്ടേൽ(4) എന്നിവരെ പുറത്താക്കി സുന്ദർ കിവീസിനെ ചുരുട്ടികൂട്ടി. 23.1 ഓവറിൽ 59 റൺസ് വിട്ടുകൊടുത്താണ് സുന്ദർ ഏഴ് വിക്കറ്റെടുത്തത്. കുൽദീപ് യാദവിന്റെ പകരക്കാരനായാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. ആർ അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിൽ ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ടമായി. ടീം സൗത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. എന്നാൽ ആദ്യദിനത്തിലെ ശേഷിക്കുന്ന ഓവറുകൾ കരുതലോടെ ബാറ്റ്‌ചെയ്ത് ഇന്ത്യ 16-1 എന്ന നിലയിൽ ആദ്യദിനം അവസാനിപ്പിച്ചു. യശസ്വി ജയ്‌സ്വാൾ (6), ശുഭ്മാൻഗിൽ(10) ക്രീസിൽ.
Adjust Story Font
16