കളിയിലും കണക്കിലും ഇന്ത്യ മുന്നിൽ; പാകിസ്താനെതിരെ നിർണായക മാറ്റമുണ്ടാകുമോ?
അഞ്ചാം സ്‌പെഷ്യലിസ്റ്റ് ബാറ്ററെ ഇറക്കാനാണ് തീരുമാനമെങ്കിൽ സഞ്ജുവിനോ ജയ്‌സ്വാളിനോ അവസരമൊരുങ്ങും.
ഇന്ത്യ-പാകിസ്താൻ മത്സരം എന്നും വീറും വാശിയും നിറഞ്ഞതാണ്. കാലമെത്ര കഴിഞ്ഞാലും അതിന് മാറ്റമുണ്ടാകില്ല. അമേരിക്കയിലെ നസൗകൗണ്ടി സ്റ്റേഡിയത്തിൽ കുട്ടി ക്രിക്കറ്റിലെ ലോക വേദിയിൽ ചിരവൈരികൾ വീണ്ടും നേർക്കുനേർ വരുമ്പോൾ കളിയിലും കണക്കിലും ഇന്ത്യയാണ് മുന്നിൽ. ഇതുവരെ ട്വന്റി 20 ലോകകപ്പിൽ എഴു തവണ മത്സരിച്ചപ്പോൾ ഒരു തവണ മാത്രമാണ് ഇന്ത്യയെ തോൽപിക്കാൻ പാകിസ്താനായത്. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഉൾപ്പടെ നിർണായക മാച്ചുകളിലെല്ലാം ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. മിസ്ബാ ഉൽ ഹഖിനെ മലയാളിതാരം എസ് ശ്രീശാന്ത് കൈപിടിയിലൊതുക്കി മഹേന്ദ്രസിങ് ധോണിയുടെ ക്യാപ്റ്റൻസിയിൽ വിശ്വകിരീടത്തിൽ മുത്തമിട്ടത് ഇന്നലെയെന്നപോലെ മനസിൽ മായാതെ നിൽക്കുന്ന ദൃശ്യമാണ്. അന്ന് പ്രാഥമിക റൗണ്ടിൽ മത്സരിച്ചപ്പോൾ വിജയകളെ തീരുമാനിച്ചത് ബോൾഔട്ടിൽ. ഏറെ അനിശ്ചിതത്വം നിറഞ്ഞ മത്സരവും ഇന്ത്യ-പാക് ക്ലാസിക് പോരാട്ടമായാണ് അറിയപ്പെടുന്നത്.
അഞ്ച് വർഷങ്ങൾക്കിപ്പുറം അയൽക്കാർ വീണ്ടും നേർക്കുനേർ വന്നപ്പോഴും അവസാന ചിരി ഇന്ത്യക്കായിരുന്നു. പാകിസ്താനുയർത്തിയ 129 റൺസ് വിജയലക്ഷ്യം 17 ഓവറിൽ നീലപട മറികടന്നു. 2014ലും ഇതേ അപ്രമാധിത്വമാണ് ക്രിക്കറ്റ് പിച്ചിൽ കണ്ടത്. 2016ൽ മത്സരം ഇന്ത്യയിലെ ഈഡൻഗാർഡനിൽ. ആദ്യം ബാറ്റ് ചെയ്ത പാകിസ്‌നാൻ നേടിയത് 118 റൺസ്. മറുപടി ബാറ്റിങിൽ ഒരുഘട്ടത്തിൽ ഇന്ത്യ പരാജയ ഭീതി നേരിട്ടെങ്കിലും വിരാട് കോഹ്‌ലിയുടെ മാജിക് പ്രകടനത്തിൽ 13 പന്തുകൾ ബാക്കിനിൽക്കെ വിജയം. വീണ്ടും ഇന്ത്യൻ പതാക ഗ്യാലറിയിൽ ഉയർന്നുപാറി.
എന്നാൽ 2021ൽ ഇരുടീമുകളും തമ്മിലുള്ള ക്രിക്കറ്റ് വാറിൽ ആദ്യമായി പാകിസ്താൻ അക്കൗണ്ട് തുറന്നു. കുട്ടിക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ആദ്യ ജയം. ദുബൈ വേദിയായ ലോകകപ്പിൽ പത്തുവിക്കറ്റിന്റെ ആധികാരിക ജയവുമായാണ് ബാബറിന്റെ നേതൃത്വത്തിൽ പാക് ടീം തിരിച്ചുവന്നത്. എന്നാൽ തൊട്ടടുത്ത വർഷം ദുബൈ മണ്ണിൽതന്നെ ഇന്ത്യ പകരം വീട്ടി. ആദ്യം ബാറ്റ് ചെയ്ത് പാകിസ്താൻ ഉയർത്തി 160 റൺസ് വിജയലക്ഷ്യം അവസാനപന്തിലാണ് ഇന്ത്യ മറികടന്നത്. 53 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോഹ് ലിയുടെ മാസ്മരിക ഇന്നിങ്‌സ് ഇന്നും ക്രിക്കറ്റ് പ്രേമികളുടെ ഓർമയിലുള്ളതാണ്. ഹാരിസ് റൗഫിനെ പറത്തിയ കോഹ്ലിയുടെ അസാമാന്യ സിക്‌സറും അശ്വിന്റെ തന്ത്രപരമായ ഒഴിഞ്ഞുമാറലും ഇന്നലയെന്നപോലെ ക്രിക്കറ്റ് ആരാധകരുടെ മനസിലുണ്ടാകും.
പാകിസ്താനെ എന്നും വിറപ്പിച്ച ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലിയാണ്. ഷഹിൻ ഷാ അഫ്രീദിയും നസിം ഷായും ഹാരിസ് റഊഫുമെല്ലാം മുൻ ഇന്ത്യൻ നായകന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞവർ. ഇതുവരെ 488 റൺസാണ് കോഹ്‌ലി ട്വന്റി 20യിൽ പാകിസ്താനെതിരെ മാത്രം നേടിയത്. 81.33 ശരാശരി. ലോകകപ്പിൽ അഞ്ച് ഇന്നിങ്‌സുകളിൽ 308 റൺസ്. നാല് അർധസെഞ്ച്വറി. പാകിസ്താനെതിരെ കൂടുതൽ സിക്‌സർ നേടിയതും കിങ് ഹോഹ്ലിയാണ്. 10 മത്സരങ്ങളിൽ 11 സിക്‌സറുകളാണ് നേട്ടം. മറ്റൊരു ഇന്ത്യൻ ബാറ്റർക്കുമില്ലാത്തവിധം ഡോമിനൻസ്. പാകിസ്താനെതിരെ മറ്റൊരു മാച്ചിൽ കോഹ്ലി ഇറങ്ങുമ്പോൾ 500 എന്ന നാഴികകല്ലിലേക്കുള്ള ദൂരം വെറും 12 റൺസാണ്. ഇരുടീമുകളിലും മറ്റൊരു കളിക്കാരനും 200 റൺസിന് മുകളിൽ സ്‌കോർ ചെയ്തിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. കോഹ് ലിക്ക് പുറകിൽ രണ്ടാമതുള്ള പാക് വിക്കറ്റ് കീപ്പർ ബാറ്റർ റിസ്‌വാന് നേടിയത് 197 റൺസ്.
പാകിസ്താനെതിരെ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് പേസർ ബുവനേശ്വർ കുമാറും വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുമാണ്. 11 വിക്കറ്റ് വീതമാണ് ഇരുവരും നേടിയത്. ഇന്ത്യക്കെതിരെ കൂടുതൽ വിക്കറ്റ് നേടിയ പാക് താരം ഉമർഗുലാണ്. 11 വിക്കറ്റാണ് ഗുൽ വീഴ്ത്തിയത്. 2012 ഡിസംബറിൽ ഇന്ത്യ നേടിയ 192 റൺസാണ് ഇരുടീമുകൾക്കുമിടയിലെ ഏറ്റവും ഉയർന്ന സ്‌കോർ. 2016ൽ പാകിസ്താനെ 83ന് ഔൾഔട്ടാക്കി ട്വന്റി 20യിൽ കുറഞ്ഞ സ്‌കോറിൽ ഒതുക്കിയും ഇന്ത്യ കരുത്തുകാട്ടി. എന്നാൽ വൻ വിജയങ്ങളുടെ റെക്കോർഡിൽ പാകിസ്താനാണ് മുന്നിൽ. 2021ൽ ഇന്ത്യക്കെതിരെ പത്തുവിക്കറ്റ് ജയമാണ് ബാബറും സംഘവും സ്വന്തമാക്കിയത്.
ഒടുവിൽ അമേരിക്കൻ മണ്ണിൽ മറ്റൊരു ക്ലാസിക് പോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ്. ആദ്യ മത്സരത്തിൽ അയർലൻഡിനെ തകർത്ത്് ഇന്ത്യ ഇറങ്ങുമ്പോൾ അമേരിക്കയോട് അട്ടിമറി തോൽവിയേറ്റുവാങ്ങിയാണ് പാകിസ്താനറെ വരവ്. ഇന്ത്യയ്ക്ക് മുന്നിൽ വീണാൻ ലോകകപ്പ് വേദിയിൽ നിന്നുള്ള മടക്കടിക്കറ്റാണ് ബാബർ അസമിനേയും സംഘത്തേയും കാത്തിരിക്കുന്നത്. ഇന്ത്യക്ക് സൂപ്പർ എട്ടിലേക്കുള്ള വഴിയും തെളിയും.
സമീപകാലത്ത് പാകിസ്താൻ മോശം ഫോമിലാണെങ്കിലും 'അയൽവാശി' എന്നും ശ്രദ്ധനേടാറുണ്ട്. പാകിസ്താനെതിരെ ഇറങ്ങുമ്പോൾ ബാറ്റിങ് കരുത്ത് കൂട്ടാനാണ് ഇന്ത്യയുടെ ശ്രമം. നാല് സ്‌പെഷ്യലിസ്റ്റ് ബാറ്റർമാർ, നാല് ഓൾറൗണ്ടർമാർ, മൂന്ന് പേസർമാർ. ഇതായിരുന്നു അയർലാൻഡിനെതിരെ ഇന്ത്യയുടെ ഫോർമേഷൻ. എന്നാൽ നിർണായകമാച്ചിൽ അഞ്ചാം ബാറ്ററെ ഇറക്കാനാണ് രോഹിത് ശർമയുടെ നീക്കമെങ്കിൽ യശസ്വി ജയ്‌സ്വാളിനോ സഞ്ജു സാംസണോ അവസരമൊരുങ്ങും. ഓപ്പണിങ് റോളിൽ കോഹ്ലിയെങ്കിൽ മധ്യനിരയിൽ പവർഹിറ്റർ എന്ന നിലയിൽ സഞ്ജുവിനാകും കൂടുതൽ സാധ്യത.
Adjust Story Font
16