ഡർബൻ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം; ദക്ഷിണാഫ്രിക്കയെ തോൽപിച്ചത് 61 റൺസിന്
ഇന്ത്യക്കായി സെഞ്ച്വറി നേടിയ സഞ്ജു സാംസണാണ് കളിയിലെ താരം
ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 61 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യയുടെ വിജയലക്ഷ്യമായ 203 റൺസ് പിന്തുടർന്ന് ഇറങ്ങിയ ആതിഥേയരുടെ പോരാട്ടം 17.5 ഓവറിൽ 141 റൺസിൽ അവസാനിച്ചു. സന്ദർശകനിരയിൽ വരുൺ ചക്രവർത്തിയും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീഴ്ത്തി. മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്.
മറുപടി ബാറ്റിങിൽ ഒരു ഘട്ടത്തിൽ പോലും ഇന്ത്യക്ക് വെല്ലുവിളി സൃഷ്ടിക്കാൻ പ്രോട്ടീസ് സംഘത്തിനായില്ല. സ്‌കോർ ബോർഡിൽ എട്ട് റൺസ് ചേർക്കുന്നതിനിടെ നായകൻ എയ്ഡൻ മാർക്രത്തെ(8) നഷ്ടമായി. അർഷ്ദീപ് സിങ് എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറിൽ സഞ്ജു സാംസണ് ക്യാച്ച് നൽകി മടങ്ങി. നാലാം ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്‌സിനെ(11) പുറത്താക്കി ആവേശ് ഖാനും മികച്ചപിന്തുണ നൽകി. റിയാൻ റിക്കെൽട്ടനെ(21) വരുൺ ചക്രവർത്തി തിലക് വർമയുടെ കൈയിലെത്തിച്ചതോടെ പവർപ്ലെയിർ ആതിഥേയർക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഹെന്റിച് ക്ലാസൻ-ഡേവിഡ് മില്ലർ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നൽകി. എന്നാൽ വരുൺ ചക്രവർത്തി വീണ്ടും രക്ഷക്കെത്തി. കൂറ്റൻ അടിക്ക് ശ്രമിച്ച ക്ലാസൻ(25)അക്‌സർ പട്ടേലിന്റെ കൈയ്യിൽ അവസാനിച്ചു. തൊട്ടുപിന്നാലെ ഡേവിഡ് മില്ലർ(18) കൂടി വീണതോടെ ദക്ഷിണാഫ്രിക്കയുടെ ചെറുത്ത് നിൽപ്പ് അവസാനിച്ചു.
നേരത്തെ മലയാളിതാരം സഞ്ജു സാംസണ് സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വമ്പൻ സ്‌കോർ പടുത്തുയർത്തിയത്. 50 പന്തിൽ 10 സിക്സറും ഏഴ് ബൗണ്ടറിയും സഹിതം 107 റൺസാണ് ഓപ്പണിങ് റോളിൽ ഇറങ്ങിയ താരം സ്വന്തമാക്കിയത്. ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. സ്‌കോർ ബോർഡിൽ 24 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ അഭിഷേക് ശർമയെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന് സഞ്ജു-സൂര്യകുമാർ യാദവ് കൂട്ടുകെട്ട് സ്‌കോറിംഗ് ഉയർത്തി. പവർപ്ലെയിൽ 56 റൺസ് നേടിയ ഇന്ത്യ 10.2 ഓവറിൽ 100 കടന്നു. 21 റൺസുമായി സൂര്യകുമാർ മടങ്ങിയെങ്കിലും സഞ്ജു സാംസൺ ഒരറ്റത്ത് നിലയുറപ്പിച്ചതോടെ റൺസൊഴുകി.
തിലക് വർമയുമായി ചേർന്ന് 22 പന്തിൽ 50 റൺസ് കൂട്ടിചേർത്തു. 13.3 ഓവറിൽ ഇന്ത്യ 150 മറികടന്നു. എന്നാൽ 18 പന്തിൽ 33 റൺസെടുത്ത് തിലക് മടങ്ങി. തൊട്ടുപിന്നാലെ സഞ്ജു 107 റൺസുമായി മടങ്ങി. എന്നാൽ അവസാന നാല് ഓവറിൽ ഇന്ത്യക്ക് പ്രതീക്ഷിച്ചപോലെ റൺസ് കണ്ടെത്താനായില്ല. ഹാർദിക് പാണ്ഡ്യ(2), റിങ്കു സിങ്(11), അക്സർ പട്ടേൽ(7) എന്നിവർ വേഗത്തിൽ മടങ്ങി. ദക്ഷിണാഫ്രിക്കക്കായി ജെറാഡ് കൊയെറ്റ്സെ മൂന്ന് വിക്കറ്റ് വീഴ്ത്തി
Adjust Story Font
16