ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മേൽക്കൈ; നാലാം ദിവസം നിർണായകം
240 വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്തിട്ടുണ്ട്
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് മേൽക്കൈ. 240 വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്തിട്ടുണ്ട്. രണ്ട് ദിവസം ബാക്കിനിൽക്കേ ദക്ഷിണാഫ്രിക്കയ്ക്ക് 122 റൺസ് കൂടി നേടിയാൽ മത്സരം സ്വന്തമാക്കാം. ഇന്ത്യയ്ക്ക് 8 വിക്കറ്റുകൾ വീഴ്ത്തണം.നിലവിൽ 46 റൺസുമായി നായകൻ ഡീൽ എൽഗറും 11 റൺസുമായി റാസ്സി വാൻ ഡെർ ഡ്യൂസ്സനുമാണ് ക്രീസിൽ.
240 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ഡീൻ എൽഗറും എയ്ഡൻ മാർക്രവും ചേർന്ന് നൽകിയത്. മാർക്രമായിരുന്നു കൂടുതൽ അപകടകാരി. ഏകദിന ശൈലിയിൽ ബാറ്റുവീശിയ താരം 38 പന്തിൽ 31 റൺസെടുത്ത് പുറത്തായി. മാർക്രത്തെ ശാർദൂൽ ഠാക്കൂർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്താണ് മാർക്രം മടങ്ങിയത്.
മാർക്രത്തിന് പകരം ക്രീസിലെത്തിയ കീഗൻ പീറ്റേഴ്സണും നന്നായി ബാറ്റുചെയ്തതോടെ ഇന്ത്യ വിറച്ചു. എൽഗറും പീറ്റേഴ്സണും ചേർന്ന് അനായാസം ഇന്ത്യൻ പേസർമാരെ നേരിട്ടു. രണ്ടാം വിക്കറ്റിൽ ഇരുവരും 46 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
എന്നാൽ, 28 റൺസെടുത്ത പീറ്റേഴ്സണെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ ദക്ഷിണാഫ്രിക്ക പതറി. പക്ഷേ പീറ്റേഴ്സണ് പകരം ക്രീസിലെത്തിയ റാസി വാൻ ഡ്യൂസനെ കൂട്ടുപിടിച്ച് എൽഗർ ടീം സ്‌കോർ 100 കടത്തി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 266 റൺസിന് ഓൾഔട്ടായി. 239 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. അർധസെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും 40 റൺസെടുത്ത് പുറത്താവാതെ നിന്ന ഹനുമ വിഹാരിയുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
Adjust Story Font
16