Quantcast

വനിതാ ഏഷ്യ കപ്പ് ഫൈനലിൽ വീണ് ഇന്ത്യ; ശ്രീലങ്ക ചാമ്പ്യൻമാർ

ആദ്യമായാണ് ശ്രീലങ്ക വനിതാ ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കുന്നത്.

MediaOne Logo

Sports Desk

  • Published:

    28 July 2024 1:20 PM GMT

India lose in Womens Asia Cup final; Sri Lanka champions
X

കൊളംബോ: വനിതാ ഏഷ്യാ കപ്പ് കിരീടം ശ്രീലങ്കക്ക്. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് കീഴടക്കിയത്. ആദ്യമായാണ് ശ്രീലങ്ക വനിതാ ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കുന്നത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ കുറിച്ച 166 റൺസ് വിജയ ലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലങ്ക മറികടന്നു. ഹർഷിത സമരവിക്രമ ശ്രീലങ്കൻ നിരയിൽ 69 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു 61 റൺസ് നേടി. നേരത്തെ അർധസെഞ്ചുറി നേടിയ സ്മൃതി മന്ദാനയുടെ ബാറ്റിംഗ് മികവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 165 റൺസാണ് സ്‌കോർ ചെയ്തത്. ഓപ്പണർ സ്മൃതി മന്ദാന 47 പന്തിൽ 60 റൺസെടുത്ത് ടോപ് സ്‌കോററായി. ശ്രീലങ്കക്കായി കാവിഷ ദിൽഹാരി രണ്ട് വിക്കറ്റെടുത്തു.


ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ ഷഫാലി വർമയും സ്മൃതി മന്ദാനയും ചേർന്ന് ഭേദപ്പെട്ട തുടക്കമിട്ടു. 19 പന്തിൽ 16 റൺസെടുത്ത ഷഫാലിയെ പുറത്താക്കി കവിഷ ദിൽഹാരിയാണ് ശ്രീലങ്കക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. വൺ ഡൗണായി എത്തിയ ഉമ ഛേത്രിയും(9), ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും(11 പന്തിൽ 11)പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാൽ ജമീമ റോഡ്രിഗസും(29) റിച്ച ഘോഷുമായി ചേർന്ന് (30) സ്മൃതി ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. ടൂർണമെൻറിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യയും ശ്രീലങ്കയും ഫൈനലിലെത്തിയത്.

TAGS :

Next Story