Quantcast

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം; ശ്രീലങ്കയെ തകർത്തത് 82 റൺസിന്

ഇന്ത്യക്കായി മലയാളി താരം ആശ ശോഭന മൂന്ന് വിക്കറ്റുമായി തിളങ്ങി

MediaOne Logo

Sports Desk

  • Updated:

    2024-10-09 17:51:00.0

Published:

9 Oct 2024 5:50 PM GMT

Indias second win in Womens T20 World Cup; Destroyed Sri Lanka by 82 runs
X

ദുബായ്: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായി രണ്ടാം ജയം. ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ 82 റൺസിനാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 173 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലങ്ക 19.5 ഓവറിൽ 90 റൺസിന് ഓൾഔട്ടായി. ജയത്തോടെ ഇന്ത്യ സെമി സാധ്യത നിലനിർത്തി. 21 റൺസെടുത്ത കാവിഷ ദിൽഹാരിയാണ് ലങ്കയുടെ ടോപ് സ്‌കോറർ.

അനുഷ്‌ക സഞ്ജീവനി(20), അമ കാഞ്ചന(19) എന്നിവർക്ക് മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കാണാനായത്. ഇന്ത്യക്കായി മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയും 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വമ്പൻ ജയത്തോടെ ഇന്ത്യ നാലു പോയന്റുമായി പാകിസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. സ്‌കോർ ഇന്ത്യ 20 ഓവറിൽ 172-3, ശ്രീലങ്ക 19.5 ഓവറിൽ 90ന് ഓൾ ഔട്ട്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റേയും സ്മൃതി മന്ദാനയുടെയും അർധ സെഞ്ചുറി കരുത്തിലാണ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തത്. 27 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്ന ഹർമൻപ്രീതാണ് ടോപ് സ്‌കോറർ. സ്മൃതി 38 പന്തിൽ 50 റൺസുമായി മികച്ച പിന്തുണ നൽകി. ഷഫാലി വർമ 40 പന്തിൽ 43 റൺസെടുത്തു. ആസ്‌ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം

TAGS :

Next Story