ഹെറ്റ്മയ'റടി': നാലാം ടി20യിൽ മികച്ച സ്‌കോറുമായി വെസ്റ്റ്ഇൻഡീസ്
ഒരു ഘട്ടത്തിൽ വിൻഡീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിൽ ആയിരുന്നു.
ഫ്‌ളോറിഡ: വെസ്റ്റ്ഇൻഡീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് 179 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് നേടിയത്. ഇന്ത്യ നന്നായി തുടങ്ങിയെങ്കിലും അവസാനത്തിൽ ഹെറ്റ്മയറുടെ ഇന്നിങ്‌സാണ് വിൻഡീസിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ വിൻഡീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിൽ ആയിരുന്നു.
എന്നാൽ ഒരറ്റത്ത് ഹെറ്റ്മയർ 'തനി സ്വഭാവം' കാണിച്ചതോടെ സ്‌കോർ ബോർഡ് ചലിച്ചു. 29 പന്തുകളിൽ നിന്ന് 61 റൺസാണ് ഹെറ്റ്മയർ അടിച്ചെടുത്തത്. നാല് സിക്‌സറും മൂന്ന് ബൗണ്ടറികളും ആ ബാറ്റിൽ നിന്ന് പിറന്നു. തുടക്കത്തിലെ ഷായ് ഹോപ്പിന്റെ ഇന്നിങ്‌സും വിൻഡീസിന് തുണയായി. 29 പന്തിൽ നിന്ന് 45 റൺസാണ് ഹോപ് നേടിയത്. രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും ഹോപ് നേടി.
ഇന്ത്യക്കായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 38 റൺസ് വിട്ടുകൊടുത്തു. കുൽദീപ് യാദവിന്റെ പ്രകടനം വേറിട്ട് നിന്നു. നാല് ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് വെറും 26 റൺസാണ് വിട്ടുകൊടുത്തത്. മുകേഷ് കുമാർ, യൂസ് വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സ്പിന്നർമാർ നേടിയ നാല് വിക്കറ്റുകളാണ് വിൻഡീസിന്റെ ഒടിച്ചിട്ടത്. അതേസമയം അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര കൈവിടാതിരിക്കണമെങ്കിൽ ഇന്ത്യക്ക് ഇന്ന് ജയിച്ചേ തീരു. വിൻഡീസ് ഇപ്പോൾ 2-1 ന് മുന്നിട്ട് നിൽക്കുകയാണ്. ഇന്ന് ജയിച്ച് നാളെ നടക്കുന്ന 'ഫൈനലിൽ' കപ്പ് ഉയർത്താനാണ് ഹാർദികും സംഘവും തയ്യാറെടുക്കുന്നത്.
ഇന്ന് തോറ്റാൽ പരമ്പര കൈവിടും. ഫ്‌ളോറിഡയിലെ റൺ ഒഴുകുന്ന പിച്ചിൽ വിൻഡീസ് മുന്നോട്ടുവെച്ച സ്‌കോർ ഇന്ത്യക്ക് എളുപ്പത്തിൽ മറികടക്കാനാകും എന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്. പ്രത്യേകിച്ചും സൂര്യകുമാർ യാദവ് ഫോമിലേക്ക് ഉയർന്നതിനാൽ. മൂന്നാം ടി20യിലെ അതേ ടീമിനെത്തന്നെയാണ് ഇന്ത്യ നാലാം മത്സരത്തിലും ഇറക്കിയത്.
Adjust Story Font
16