'പാകിസ്താന്‍ ഫൈനലില്‍ പ്രവേശിക്കില്ല'; ലോകകപ്പ് വിജയികളെ പ്രവചിച്ച് ഡിവില്ലിയേഴ്സ്
ടി20 ലോകകപ്പ് സെമി പോരാട്ടങ്ങൾ ഇന്നാരംഭിക്കും
ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ എ.ബി ഡിവില്ലിയേഴ്‌സ്. ഇന്ത്യയും ന്യൂസിലാന്റും ഫൈനലിൽ പ്രവേശിക്കുമെന്നും കിവീസിനെ തകർത്ത് ഇന്ത്യ കിരീടത്തില്‍ മുത്തമിടുമെന്നുമാണ് ഡിവില്ലിയേഴ്‌സിന്‍റെ പ്രവചനം.
''ഇന്ത്യ മികച്ച ടീമാണ്. ടീമിലെ എല്ലാവരും മികച്ച പ്രകടനം പുറത്തെടുക്കുന്നു. സൂര്യകുമാറിന്റേയും വിരാട് കോഹ്ലിയുടേയും ഫോം വരും മത്സരങ്ങളിലും ഇന്ത്യക്ക് തുണയാവും. രോഹിത് ശർമയിൽ ഇനിയും പ്രതീക്ഷയുണ്ട്. ഫൈനലിൽ എത്തിയാൽ ഇന്ത്യ കിരീടം നേടുമെന്ന് ഉറപ്പാണ്.. പാകിസ്താൻ ഫൈനലിൽ പ്രവേശിക്കാൻ സാധ്യത ഇല്ല''- ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ടി20 ലോകകപ്പ് സെമി പോരാട്ടങ്ങൾ ഇന്നാരംഭിക്കും. പാകിസ്താനും ന്യൂസിലാന്റും തമ്മിലാണ് ആദ്യ പോരാട്ടം. നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. സെമി പോരാട്ടങ്ങളിൽ വിജയിച്ച് ഇന്ത്യയും പാകിസ്താനും ഫൈനലിലെത്തിയാൽ ആരാധകർ കാത്തിരുന്ന സ്വപ്ന ഫൈനലാവും അത്. ഡിവില്ലിയേഴ്‌സിന്റെ പ്രവചനമനുസരിച്ചാണ് ഫൈനലെങ്കിൽ ഇന്ത്യ കിവീസ് പോരാട്ടം കാണാം.
സമീപ കാലത്ത് ലോകവേദികളിൽ ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് അത്ര മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. 2019 ഏകദിന ലോകകപ്പ് സെമിയിൽ കിവീസിനോട് തോൽവി വഴങ്ങിയ ഇന്ത്യ കഴിഞ്ഞ തവണ ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലും ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിലും തോല്‍വി വഴങ്ങിയിരുന്നു.
Adjust Story Font
16